advertisement
Skip to content

ഹുസ്ന റാഫി എഴുതിയ തെമിസ് നോവൽ റിവ്യൂ

വെള്ളക്കരടി മാത്രമല്ല, കല്ലും പൂവും പുഴയുമൊക്കെ ഏത് മതത്തിൽ പെടുന്നുവോ ആ മതത്തിൽ പെട്ട വെള്ളായി മുത്തി, ഭാവിയിൽ ആറാകണമെന്ന് ചോദിച്ചാൽ ഞാൻ തപ്പോയി തപ്പോയി തന്നെയാകും എന്ന് പറയുന്ന തപ്പോയി എന്നിങ്ങനെ പല കഥാപാത്രങ്ങളും കഥയെ സ്വന്തം ചുമലിൽ ചുമക്കാൻ ശക്തരാണ്.

നമ്മെ അതിശയപ്പെടുത്തുന്ന എഴുത്തുമായെത്തുന്ന പുതുമുഖ എഴുത്തുകാരെ വായിക്കുക എത്ര സന്തോഷകരമാണ്!    ആദ്യത്തെ  ഒന്നോ രണ്ടോ പുസ്തകങ്ങൾ വായിച്ചാൽ തന്നെ ഒരാളുടെ ഭാവി എഴുത്ത് എങ്ങനെയിരിക്കും എന്ന് നമുക്ക് ഊഹിക്കാനാകും.   ഈ ആദ്യ രണ്ട് പുസ്തകങ്ങൾ കൂടെ ഒരുമിച്ച് ഒരു പുസ്തകമാക്കി ഇറക്കിയാലോ?   തീർച്ചയായും ആ എഴുത്തുകാരിയെ നമുക്ക് ഒരൊറ്റ പുസ്തകം കൊണ്ട് തന്നെ വിലയിരുത്താം.   ഹുസ്ന റാഫിയുടെ ( Husna Rafi Perinthattiri  ) തേമിസ് 36 കഥകളുടെ  സമാഹാരമാണ്.   ഇത് രണ്ട് പുസ്തകമായി ഇറക്കമായിരുന്നു.  അല്ലെങ്കിൽ മികച്ച ഒരു ഡസൻ കഥകൾ മാത്രമുള്ള ഒരു പുസ്തകമായി ഇറക്കാമായിരുന്നു.   പറഞ്ഞു വരുന്നതിതാണ്.  ഈ സമാഹാരത്തിൽ ഒരു മികച്ച കഥാ സമാഹാരത്തിന് വേണ്ട കഥകൾ തികച്ചും ഉണ്ട്.  ഒപ്പം എഴുത്തിന്റെ വഴികളെ സൂചിപ്പിക്കുന്ന മികച്ചതാക്കാവുന്ന കുറച്ചു കഥകളും ക്ലിഷേ ആയ അപൂർവ്വം കഥകളും.

നല്ല വായനയാണ് നല്ല എഴുത്ത് സ്വന്തമാക്കാനുള്ള എളുപ്പമാർഗ്ഗം.   വായിക്കാത്തവർക്കും ചെറുകിട വായനക്കാർക്കും വായന തന്നെ കടുപ്പം എന്ന് തോന്നാം.  എന്നാൽ ആസ്വദിച്ചു വായിക്കുന്നവർക്ക് വായനയെപ്പോലെ ലഹരി നൽകുന്ന മറ്റെന്താനുള്ളത്?   നല്ല വായനയുടെ അടിത്തറയിലാണ് ഹുസ്നയുടെ എഴുത്ത്.   ഈ സമാഹാരത്തിലെ ആദ്യ കഥയായ വെള്ളക്കരടി തന്നെ ഇതിനുദാഹരണമാണ്.   കഥാപാത്ര സൃഷ്ടി കൊണ്ടും കഥാപരിസരം കൊണ്ടും വിവിധ അടരുകളെക്കൊണ്ടും വായനക്കാരെ അതിശയിപ്പിക്കുന്ന ഒരു കഥ കൂടിയാണിത്.  ആർക്കും വേണ്ടാതെ കിടന്ന, തൊട്ടപ്പുറത്ത് ശ്മശാനമുള്ള പഴഞ്ചൻ മാളിക താമസത്തിന് വാങ്ങിയ പട്ടാളക്കാരൻ.  അന്പതിനോടടുത്ത് പ്രായം.   വെളുത്തു മേലാകെ രോമങ്ങളുള്ള അയാളെ നാട്ടുകാർ വെള്ളക്കരടി എന്ന് വിളിച്ചു വന്നു.  പ്രേതങ്ങളെ ഭയമില്ലാത്ത അയാൾ പറയുന്നു.  "മരിച്ചവരെ എന്തിന് പേടിക്കണം.  ജീവിച്ചിരിക്കുന്നവരെയാണ് എപ്പോഴും പേടിക്കേണ്ടത്."   രാത്രി ടെറസിന് മുകളിലിരുന്ന് അയാൾ കള്ള് കുടിക്കും.  ഒറ്റക്കാണ് കുടിക്കുന്നതെങ്കിലും അയാളുടെ പെരുമാറ്റം കണ്ടാൽ ചുറ്റും ആളുണ്ടെന്ന് തോന്നും.  കൈയ്യിലൊരു പുസ്തകമില്ലാതെ അയാളെ ആരും കണ്ടിട്ടില്ല.   "എനിക്ക് സഹായത്തിന് ഒരാള് വേണം.   ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങാൻ വയ്യ.  ശമ്പളം അവർ പറയുന്നത്.  പക്ഷെ എന്റെ കൂടെ താമസിക്കണം."     "ഈ ഭ്രാന്തന്റെ കൂടെ താമസിക്കാൻ ആരെ കിട്ടാനാണ്"   പറയുന്ന പൈസ കിട്ടുമെങ്കിൽ ഏത് പിശാചിനൊപ്പവും പൊറുക്കുന്ന ട്രീസ വെള്ളക്കരടിക്ക് കൂട്ട് വരുന്നതോടെ കഥ അടുത്ത തലത്തിലേക്ക് കടക്കുന്നു.  ഈ സമാഹാരത്തിലെ മികച്ച കഥ എന്ന് നിസ്സംശയം പറയാം.

നാലു പേജുള്ള രണ്ടാമത്തെ കഥയെ സൂചിപ്പിക്കാൻ ഞാൻ നാലഞ്ച് വരികൾ ചേർക്കാം.  "നിറങ്ങൾ നഷ്ടപ്പെട്ട മനുഷ്യർക്ക് പ്രതീക്ഷിക്കാൻ ഒരുഭ്രാന്തൻ പൂവെങ്കിലും ഉണ്ടാകട്ടെ." "പെൺകുട്ട്യോൾക്ക് കച്ചവടം ചെയ്യാൻ പറ്റിയത് കത്തികൾ ആണ്.   നല്ല മൂർച്ചയുള്ള അറ്റം തിളങ്ങുന്ന കത്തികൾ." "ഭ്രാന്തൻ പൂവ് പൂത്ത അന്നാണ് വികസനത്തിന്റെ നഖം കൊണ്ട് മാന്തിപറിക്കാൻ പഞ്ചാരി പറയാറുള്ള ചെകുത്താൻ വണ്ടി വന്നത്.   ആദ്യം മാന്തിതുരന്നത് ചെകുത്താൻ കുന്നിന്റെ ഹൃദയമായിരുന്നു."  ഞാൻ കഥയെപ്പറ്റി കൂടുതൽ ഒന്നും പറയുന്നില്ല.

വെള്ളക്കരടി മാത്രമല്ല, കല്ലും പൂവും പുഴയുമൊക്കെ ഏത് മതത്തിൽ പെടുന്നുവോ ആ മതത്തിൽ പെട്ട വെള്ളായി മുത്തി, ഭാവിയിൽ ആറാകണമെന്ന് ചോദിച്ചാൽ ഞാൻ തപ്പോയി തപ്പോയി തന്നെയാകും എന്ന് പറയുന്ന തപ്പോയി എന്നിങ്ങനെ പല കഥാപാത്രങ്ങളും കഥയെ സ്വന്തം ചുമലിൽ ചുമക്കാൻ ശക്തരാണ്.

എഴുത്തുകാരിയിലെ സ്ത്രീപക്ഷ ചിന്തകൾ ഈ സമാഹാരത്തിലെ പല കഥകളിലും പല രൂപത്തിലും ഭാവത്തിലും പുറത്ത് വരുന്നെങ്കിലും നിഴൽ എന്ന കഥ വേറിട്ടു മികച്ചതാകുന്നു.    കഥയിൽ നിന്നുള്ള ഏതാനും വരികളിലൂടെ കഥയെ പരിചയപ്പെടുത്താം.  "എന്റേതല്ലാത്ത ആ നിഴലെന്നെ പലപ്പോഴും ഭയപ്പെടുത്തി.    കാലത്ത് മുറ്റമടിക്കുമ്പോഴാണ് ഞാനാ നിഴലിനെ ആദ്യം കാണുക.  എന്റെ മുന്നിൽ നടന്നങ്ങനെ പേടിപ്പിക്കും.   ഒരൊറ്റ വിളിച്ചു കൂവലിനു പറന്നെത്താൻ പറ്റിയില്ലെങ്കിൽ ഉടഞ്ഞു പോകുന്ന സാമ്പാർ കഷണങ്ങളെ നിസ്സഹായതയോടെ നോക്കിനിൽക്കുമ്പോൾ ആ നിഴലെന്റെ പിറകിൽ വന്ന് കളിയാക്കി ചിരിക്കും." ഇങ്ങനെ ഒരു വീട്ടമ്മയുടെ നെടുവീർപ്പുകളിലേക്ക് തുറക്കുന്ന ഒരു സാധാരണ കഥ എഴുത്ത് ഭാഷയുടെ മനോഹാരിത കൊണ്ട് മികച്ചതാകുന്നു.

മിഴിവുറ്റ ചെറിയ കഥകളും ഈ സമാഹാരത്തിന്റെ ഭാഗമാണ്.

കഥാപാത്ര സൃഷ്ടിയിലും ഭാഷയിലും ചിന്തയിലും ഉയർന്നു നിൽക്കുന്നവയാണ് മിക്ക കഥകളും.   ഒപ്പം തന്നെ കുറച്ചു കൂടെ ശ്രദ്ധയെടുത്തിരുന്നെങ്കിൽ മികച്ചതാക്കാവുന്ന കഥകളെ അങ്ങനെ ആക്കാതിരുന്നതിലുള്ള ഉത്തരവദിത്വത്തിൽ നിന്നും എഴുത്ത്കാരിക്ക് മാറി നിൽക്കാനാവില്ല.   ഇതിൽ കൂടുതൽ കഥകളെപ്പറ്റി എഴുതുന്നില്ല.   ഇത്ര മാത്രം പറഞ്ഞു നിർത്തുന്നു.  പ്രതിഭയുള്ള എഴുത്തുകാരി.  മികച്ച കുറെ കഥകളും കൂടെ ചേർന്ന സമാഹാരം.    എഴുത്തുകാരിയെ പ്രോത്സാഹിപ്പിക്കാൻ മാത്രമല്ലാതെ വായിച്ചസ്വാദിക്കാനും കൂടെ പറ്റുന്ന പുസ്തകം നിങ്ങളെ നിരാശപ്പെടുത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest