advertisement
Skip to content

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങള്‍; പോകാം ഇൗ വിദേശനാടുകളിലേക്ക്

ഓരോ യാത്രയും ഓരോ അനുഭവമാണ്, അനുഭവങ്ങളേറും തോറും യാത്രകള്‍ കൂടുതലായി ആസ്വദിക്കാനുമാകും. പുതിയ സ്ഥലങ്ങള്‍, വ്യത്യസ്ത മനുഷ്യര്‍, സംസ്‌കാരങ്ങള്‍, ജീവിത രീതികള്‍, പേരുപോലും അറിയാത്ത ഭക്ഷണങ്ങള്‍ എല്ലാം ചേര്‍ന്ന് യാത്രികരുടെ ജീവിതത്തെ അനുഭവ സമ്പന്നമാക്കും. യാത്ര പോകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകുമെങ്കിലും ഭൂരിഭാഗം പേര്‍ക്കും അതിനു കഴിയാറില്ല. ജീവിതത്തിരക്കും പണത്തിന്റെ കുറവും ഉത്തരവാദിത്തങ്ങളുമെല്ലാം യാത്രകൾക്കു ചുവപ്പു സിഗ്നലായേക്കാം.

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള ഐസ്‌ലൻഡ് മുതല്‍ വിയറ്റ്‌നാം വരെയുള്ള പല രാജ്യങ്ങളുമുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളെ അറിയാം.

മംഗോളിയ

ഇന്ത്യക്കാര്‍ക്ക് സമ്പന്നമായ അവധിക്കാലം ചെലവിടാന്‍ പറ്റിയ രാജ്യങ്ങളിലൊന്നാണ് മംഗോളിയ. കാരണം ഒരു ഇന്ത്യന്‍ രൂപയ്ക്ക് 41.17 മംഗോളിയന്‍ തുഗ്രിക് ലഭിക്കും. മംഗോളിയയിലെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പുല്‍മേടുകളും മഞ്ഞു തൊപ്പിയിട്ട മലകളുമെല്ലാം കാണുമ്പോള്‍ കാലം നിശ്ചലമായതുപോലെ തോന്നും.

കാണേണ്ട കാഴ്ചകള്‍: ചെങ്കിസ്ഖാന്‍ സ്റ്റാച്യു കോംപ്ലക്‌സ്, ഗോര്‍ഖി-തെരെല്‍ജി ദേശീയ പാര്‍ക്ക്, ഹസ്റ്റൈ ദേശീയ പാര്‍ക്ക്, മിജിദ് ജന്റെയ്‌സിഗ് സം, നാഷനല്‍ ഹിസ്റ്ററി മ്യൂസിയം, ഗോപി മരുഭൂമി, അല്‍ടായ് ടവാന്‍ ബോഗ്ഡ് നാഷനല്‍ പാര്‍ക്ക്, സെയ്‌സന്‍ മെമ്മോറിയല്‍.

ഇന്തൊനീഷ്യ

മനോഹര ദ്വീപുകളും കടല്‍തീരങ്ങളും നിറഞ്ഞ ഇന്തൊനീഷ്യയില്‍ ഇന്ത്യന്‍ രൂപയുടെ വില ഉയര്‍ന്നതാണ്. ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ 188.54 ഇന്തൊനീഷ്യന്‍ രുപിയ ലഭിക്കും. സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം ഇന്തൊനീഷ്യയില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് ടൂറിസ്റ്റ് വീസയുടെ പോലും ആവശ്യമില്ലെന്നതാണ്. ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ബാലി വിദേശ യാത്രയെക്കുറിച്ചുള്ള ആലോചനകളില്‍ പലരുടേയും ആദ്യ ലിസ്റ്റില്‍ തന്നെ ഇടം പിടിക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ്.

രാജ അംപാട്ട് ദ്വീപുകള്‍, താന്‍ജുങ്, പുടിങ് നാഷനല്‍ പാര്‍ക്ക്, ഫ്‌ളോറെസ് ദ്വീപ്, തോരജലന്ത്, ബ്രൊമോ ടെങ്കര്‍ സെമേരു നാഷനല്‍ പാര്‍ക്ക്, ലൊംബോക്, കൊമോഡ നാഷനല്‍ പാര്‍ക്ക്, ബാലി എന്നിങ്ങനെ ഇന്തൊനീഷ്യയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പലതുമുണ്ട്.

ഐസ്‌ലന്‍ഡ്

അസാധാരണ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുന്നിലുള്ള രാജ്യമാണ് ഐസ്‌ലന്‍ഡ്. മഞ്ഞു മലകള്‍, കറുത്ത മണലുള്ള കടല്‍തീരങ്ങള്‍, കായലുകള്‍, വെള്ളച്ചാട്ടങ്ങള്‍, തണുത്തുറഞ്ഞ കാലാവസ്ഥ എന്നിങ്ങനെ ഐസ്‌ലൻഡിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ പലതാണ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 1.72 ഐസ്‌ലന്‍ഡ് ക്രോണ ലഭിക്കും.

കംബോഡിയ

ചരിത്രവും സംസ്‌കാരവും കൊണ്ടു സമ്പന്നമാണ് കംബോഡിയ. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 49.90 കംബോഡിയന്‍ റിയല്‍ ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യവും കംബോഡിയയില്‍ ലഭ്യമാണ്.

അംങ്കോര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, കോ റോങ് സംലോം, നോം പെന്‍, രത്‌നകിരി, സിയം റീപ്, ബത്താംബാങ്, കാംപോട്ട്, ക്രാറ്റി, ടോന്‍ലെ സാപ് തടാകം, കോ കോങ് കണ്‍സര്‍വേഷന്‍ കോറിഡോര്‍ എന്നിങ്ങനെ പലതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്.

കോസ്റ്ററിക്ക

ഇന്ത്യന്‍ കറന്‍സിക്ക് ഉയര്‍ന്ന മൂല്യമുള്ള, സഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളില്‍ മുന്നിലാണ് കോസ്റ്ററിക്ക. ഒരു ഇന്ത്യന്‍ രൂപയ്ക്ക് ഏഴിലേറെ കോസ്റ്ററിക്കന്‍ കോളന്‍ ലഭിക്കും. ജൈവവൈവിധ്യം നിറഞ്ഞ കാടുകളും സുന്ദരമായ ബീച്ചുകളും കോസ്റ്ററിക്കക്ക് സ്വന്തമാണ്.

മാനുവല്‍ അന്റോണിയോ ദേശീയ പാര്‍ക്ക്, അരെനല്‍ അഗ്നിപര്‍വതം, മോണ്ടെവെര്‍ഡെ ആൻഡ് ദ് ക്ലൗഡ് ഫോറസ്റ്റ്, തമാരിന്‍ഡോ, ഡൊമിനിക്കല്‍, മാല്‍ പൈസ് ആൻഡ് സാന്റ തെരേസ, ജെകോ, ഡയമന്റെ ഇക്കോ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഒസ പെനിന്‍സുല ആൻഡ് കൊര്‍കൊവാഡോ ദേശീയപാര്‍ക്ക്, ടോര്‍ടുഗ്വേറോ ദേശീയ പാര്‍ക്ക്, സാന്‍ ജോസിലെ നാഷനല്‍ തിയേറ്റര്‍, ഇരാസു വോള്‍ക്കാനോ ദേശീയ പാര്‍ക്ക് എന്നിവയെല്ലാം കോസ്റ്ററിക്കയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്.

ശ്രീലങ്ക

വിനോദ സഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള നമ്മുടെ അയല്‍ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ലങ്ക. 4.43 ശ്രീലങ്കന്‍ റുപ്പിക്ക് സമമാണ് ഒരു ഇന്ത്യന്‍ രൂപ. സഞ്ചാരികളായ ഇന്ത്യക്കാര്‍ക്ക് ഇ വീസയും വീസ ഓണ്‍ അറൈവല്‍ സൗകര്യവും ഉള്ള രാജ്യമാണ് ശ്രീലങ്ക.

സിഗിരിയ, നുവാര എലിയ, പിന്നെവാല ആന സംരക്ഷണ കേന്ദ്രം, പൊലൊന്നാരുവ വിശുദ്ധ നഗരം, മിരിസ, യാല ദേശീയ പാര്‍ക്ക്, ജാഫ്‌ന, ഉള്‍പോത്ത, ട്രിങ്കോമാലി, ഉദവാലവേ ദേശീയ പാര്‍ക്ക്, സിന്‍ഹരാജ ഫോറസ്റ്റ് റിസര്‍വ്, ഹോര്‍ട്ടണ്‍ പ്ലെയിന്‍സ് നാഷനല്‍ പാര്‍ക്ക് എന്നിവയെല്ലാം ശ്രീലങ്കയിലെ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.

വിയറ്റ്‌നാം
ഒരു ഇന്ത്യന്‍ രൂപയ്ക്ക് പകരമായി 286 വിയറ്റ്‌നാമീസ് ഡോങ് ലഭിക്കുമെന്ന് അറിയുമ്പോള്‍ തന്നെ പലരും ഞെട്ടും. കൈ നിറയെ കിട്ടുന്ന പണം അതുപോലെ ചെലവാകുമെങ്കില്‍ പോലും ചെലവു കുറഞ്ഞ വിദേശ രാജ്യങ്ങളില്‍ മുന്നിലുണ്ട് വിയറ്റ്‌നാം. ഹാലോങ് ഉള്‍ക്കടല്‍, ഹോ ചി മിന്‍ സിറ്റി, ഹ്യു, ഹ്യോങ് നാ - കെ ബാങ് ദേശീയ പാര്‍ക്, മൈ സണ്‍, ഹൊയ് ആന്‍, ഹാനോയ്, നാ ട്രാങ്, കു ചി ടണലുകള്‍, ബാ ബെ ദേശീയ പാര്‍ക്ക്, ഹാ ജിയാങ്, കോണ്‍ ഡാവോ ദ്വീപുകള്‍ എന്നിങ്ങനെ വിയറ്റ്‌നാമില്‍ സഞ്ചാരികള്‍ നിറയുന്ന സ്ഥലങ്ങളും നിരവധിയാണ്.

നേപ്പാള്‍

പര്‍വതങ്ങളുടെ മടിത്തട്ടിലുള്ള, നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലും ഇന്ത്യന്‍ രൂപയ്ക്ക് നല്ല മതിപ്പാണ്. മലകളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നേപ്പാളിനേക്കാള്‍ നല്ല സ്ഥലം കണ്ടെത്താന്‍ പോലും പാടാണ്. എങ്കിലും നേപ്പാളിലെ മലനിരകള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ശേഷിയെ പരീക്ഷിച്ചേക്കാം. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 1.60 നേപ്പാളി രൂപയാണ് ലഭിക്കുക. ഇന്ത്യക്കാര്‍ക്ക് പ്രത്യേകം വീസ ആവശ്യമില്ലാത്ത രാജ്യം കൂടിയാണ് നേപ്പാള്‍.

എവറസ്റ്റിന് പുറമേ നേപ്പാളില്‍ കാണേണ്ട ഇടങ്ങള്‍: പശുപതിനാഥ് ക്ഷേത്രം, സാഗര്‍മാത ദേശീയ പാര്‍ക്ക്, ഫേവ തടാകം, ലാങ്ടാങ് ദേശീയ പാര്‍ക്ക്, സ്വയംഭൂനാഥ് സ്തൂപം, നാഗര്‍കോട്ട്, ചന്ദ്രഗിരി, ജാനകി ക്ഷേത്രം, അന്നപൂര്‍ണ കൊടുമുടി, ചിറ്റ്‌വന്‍ ദേശീയ പാര്‍ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest