എഡിസൺ, ന്യൂജേഴ്‌സി: ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണിയും നിയന്ത്രണങ്ങളും നേരിടുകയാണെന്നും അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ലെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ അബിപ്രായപ്പെട്ടു. എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായി നീതിയുക്തമായി ജനങ്ങള്‍ക്കു വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് മാധ്യമപ്രവര്‍ത്തനം. അത് ഇന്ന് വലിയ ഭീഷണിയും നിയന്ത്രണങ്ങളും നേരിടുന്നു എന്നു പറഞ്ഞാല്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
''ഇവിടെ ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെട്ടു. ലോകം അതിവേഗം മാറുകയാണ്. പ്രിന്റ് മീഡിയയില്‍ നിന്ന് വിഷ്വല്‍ മീഡിയയിലേക്കും ഡിജിറ്റല്‍ മീഡിയയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും അത് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. എല്ലാവരും വിരല്‍ത്തുമ്പില്‍ അതാത് സമയത്ത് കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഇത്ര വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മാനസികമായ അവസ്ഥ കൂടി സമൂഹത്തിന് ഉണ്ടാകണം ..'' അദ്ദേഹം വ്യക്തമാക്കി.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് താനും ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് പറഞ്ഞ വി.കെ ശ്രീകണ്ഠന്‍ തന്റെ പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയതെന്നും പിന്നെ പാലക്കാട്ട് മംഗളത്തിന്റെയും മലയാള മനോരമയുടെ ഒറ്റപ്പാലം, പട്ടാമ്പി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചുവെന്നും വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് അക്കാലത്ത് വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതെന്നും പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുള്ള സമയത്തെ പത്രപ്രവര്‍ത്തനം എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പേരുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കിട്ടിയ അപൂര്‍വ അവസരമായിരുന്നു. ടെലിപ്രിന്റര്‍ മാത്രമായിരുന്നു കമ്മ്യൂണിക്കേഷനുള്ള ഏകമാര്‍ഗം. ഒരു വാര്‍ത്തയ്ക്കു വേണ്ടി ഇന്ന് ലൈന്‍ ബുക്ക് ചെയ്താല്‍ നാളെയാവും കണക്ഷന്‍ കിട്ടുക. അപ്പോഴേയ്ക്കും വാര്‍ത്ത മരിച്ചിട്ടുണ്ടാകുമെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
പാർലമെൻ്റിലും മന്ത്രാലയങ്ങളിലുമൊക്കെ ഒരു മാധ്യമ പ്രവർത്തകൻ കടന്നു പോകണമെങ്കിൽ നിരവധി പരിശോധനകൾക്കു വിധേയമാകേണ്ട ഗതികേടുണ്ട് ഇപ്പോൾ. പലപ്പോഴും മാധ്യമപ്രവർത്തകർക്കു പോലും പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. മാധ്യമങ്ങളെന്ന തിരുത്തൽ ശക്തിയെ ഇല്ലാതാക്കാൻ മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡ്, ഇഡി, അന്യായ തടങ്കൽ , ഭീഷണി തുടങ്ങിയ ഭരണകൂട ഭീകരതകൾ നിലനിൽക്കുന്ന അവസ്ഥയുണ്ട്. രാജ്യവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ എല്ലാ മനുഷ്യർക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും വേണമെന്ന കാര്യം മറക്കരുത്.
അമേരിക്കൻ മലയാളികൾ ഒറ്റക്കെട്ടായി ഭിന്നതയേതുമില്ലാതെ ഐപിസിഎൻഎയുടെ കീഴിൽ അണിചേർന്നു നിൽക്കുന്നത് ഏറെ സന്തോഷകരമായ കാഴ്ചയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
ജനാധിപത്യം എന്നത് വെറുതെ വളരുന്ന ഒരു ചെടിയല്ലെന്നും അത് നട്ടുനനച്ചു വളർത്തേണ്ട ഒന്നാണെന്നും അതിന് കാഴ്ചക്കാരായി നിൽക്കുകയല്ല എല്ലാവരും ജാഗ്രതയോടെ ഇടപെടുകതന്നെ വേണമെന്ന് മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു . അമേരിക്കൻ മലയാളിക്ക് മലയാളത്തോടും മലയാള മാധ്യമ രംഗത്തോടുമുള്ള അഭിനിവേശം അതിശയകരമാണെന്നും പലപ്പോഴായി അമേരിക്കയിലെ സുഹൃത്തുക്കളുടെ വീട്ടിൽ താമസിച്ചിട്ടുള്ള തനിക്ക് അമേരിക്ക കേരളം പോലെതന്നെ തോന്നിക്കുന്ന ഒരു സ്ഥലമാണെന്നും ജോണി ലൂക്കോസ് പറഞ്ഞു. ബിജു കിഴക്കേക്കൂറ്റിനെ പോലെ പലരുടേയും വീട്ടിലാണ് ഞാൻ ഇവിടെ വന്നാൽ താമസിക്കുന്നത്. കേരളത്തിലെ അതേ ഭക്ഷണം, ആറ്റിറ്റ്യൂഡ്, സംസ്കാരം എല്ലാമുള്ളവരാണ് ഇവിടുത്തെ മലയാളി . ഇടയ്ക്കിടെ ഇവിടെയുള്ളവർ ഫോൺ വിളിക്കാറുണ്ട്, അതുകൊണ്ട് എനിക്കിവിടെ അമേരിക്കയിൽ ആണോ ജോലി എന്നു പോലും സംശയമുണ്ടാകാറുണ്ടെന്നും ജോണി ലൂക്കോസ് തമാശ രൂപേണ പറഞ്ഞു.
ഇരു പതിറ്റാണ്ടുകളായി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന ഐ പി സി എൻ എ എന്ന സംഘടന ഐക്യത്തോടെ കൂടുതൽ ശക്തമായി വരികയാണെന്നും ഈ സംഘടനയ്ക്ക് അമേരിക്കയിലെ ജനമസ്സില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുമായി അമേരിക്കന്‍ മലയാളികൾക്ക് പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരം ഐ പി സി എൻ എ സൃഷ്ടിക്കുകയാണ്. ഒരു സംഘടന എന്നതിനെക്കാള്‍ കൂടുതല്‍ ഇതൊരു കൂട്ടായ്മയാണ്..മുൻ ഭാരവാഹികളും ഇപ്പോഴത്തെ ഭാരവാഹികളും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇടമാണ് ഐ പി സി എൻ എ എന്നും സുനിൽ പറഞ്ഞു.
റിസോഴ്സുകളുടെ കുറവും സമയ കുറവും എല്ലാം ഉണ്ടെങ്കിലും ആത്മാര്‍ത്ഥമായി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് യുഎസിലെ മലയാളികൾ. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കിയാണ് പലരും ഈ ജോലി ചെയ്യുന്നതെന്ന് ഐ പി സി എൻ എ പ്രസിഡൻ്റ് സുനിൽ ട്രൈസ്ററാർ പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി, മാധ്യമ പ്രവർത്തകരായ ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ് എന്നിവരും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻറണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. അനിൽ ആറന്മുള, ജോർജ് തുമ്പയിൽ എന്നിവർ എംസിമാർ ആയിരുന്നു.
മുൻ പ്രസിഡന്റ് റെജി ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജിൻറെയും (സുജ) മുതിർന്ന പത്രപ്രവർത്തകൻ TJS ജോർജിന്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
മാലിനി നായരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തെയ്യവുമായി ബന്ധപ്പെട്ട നൃത്ത ശില്പം അത്യന്തം മനോഹരമായി.
ഷിജോ പൗലോസ് (ജനറൽ സെക്രട്ടറി), വിശാഖ് ചെറിയാൻ (ട്രഷറർ ), രാജു പള്ളത്ത് (പ്രസിഡണ്ട് ഇലക്ട്), അനിൽ ആറന്മുള (വൈസ് പ്രസിഡൻ്റ് ), ആശാ മാത്യു (ജോയിൻ്റ് സെക്രട്ടറി), സജി എബ്രഹാം (കൺവൻഷൻ ചെയർ) ,ഷോളി കുമ്പിളുവേലി, ന്യുയോർക്ക് ചാപ്റ്റർ പ്രസിഡന്റ്), അഡൈ്വസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, മെമ്പർമാരായ ബിജു കിഴക്കേക്കുറ്റ്, ജോർജ് ജോസഫ്/, മാത്യു വർഗീസ്, മധു കൊട്ടാരക്കര, വിൻസെറ്റ് ഇമ്മാനുവൽ, താജ് മാത്യു, റെജി ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി.
ആശ മാത്യു (ജോയിന്റ് സെക്രട്ടറി) നന്ദി പറഞ്ഞു.
ചടങ്ങിൽ വച്ച് പ്രസ് ക്ലബ് സുവനീർ ശ്രീകണ്ഠൻ എം.പി. ഒരു കോപ്പി പ്രമോദ് നാരായൺ എം.എൽ.എക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചീഫ് എഡിറ്റർ മാത്യുക്കുട്ടി ഈശോ, സജി എബ്രഹാം എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന് ശേഷം മുൻ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ഗാനമേള നടന്നു.
