വാഷിംഗ്‌ടൺ ഡി സി : നൈജീരിയയിലെ ഐഎസ്ഐഎസ് (ISIS) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ക്രിസ്മസ് ദിനത്തിലാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഈ വ്യോമാക്രമണം നടന്നത്.
നൈജീരിയയിലെ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യമിട്ട് ഐഎസ്ഐഎസ് നടത്തുന്ന കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും തിരിച്ചടിയായാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.
"നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഞാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു," എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നൈജീരിയൻ അധികൃതരുടെ അഭ്യർത്ഥനപ്രകാരം സോബോട്ടോ (Soboto) സംസ്ഥാനത്താണ് ആക്രമണം നടന്നതെന്ന് യുഎസ് ആഫ്രിക്ക കമാൻഡ് (AFRICOM) സ്ഥിരീകരിച്ചു. നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
തന്റെ നേതൃത്വത്തിൽ തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും, ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം തന്നെ നൈജീരിയയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാൻ അമേരിക്കൻ സൈന്യം നേരിട്ട് ഇടപെട്ടേക്കുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.