advertisement
Skip to content

വ്യക്തിസ്വാതന്ത്ര്യം എന്നാൽ ഉത്തരവാദിത്തപ്പെട്ട പൗരനാവുക എന്നുകൂടിയാണ്.

ശരിയാണ് അദ്ധ്യാപകർ എല്ലാവരും വിശുദ്ധരല്ല, എന്നാൽ അവർ ആത്യന്തികമായി സ്വന്തം വിദ്യാർത്ഥികളുടെ നന്മ തന്നെയാണ് ആഗ്രഹിക്കുക. അപൂർവ്വം അപവാദങ്ങൾ മാറ്റി നിർത്തിയാൽ ക്ലാസ്സിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള മിക്കവാറും അദ്ധ്യാപകരും.

Anil Kumar CP

പട്ടി കടിക്കുന്നത് സാധാരണ ഗതിയിൽ വാർത്തയല്ല, എന്നാൽ പട്ടിയെക്കടിച്ചാൽ വാർത്തയാണുതാനും. അതേ പ്രാസത്തിൽ പറഞ്ഞൊപ്പിച്ചാൽ, അധ്യാപകൻ തല്ലുന്നത് വാർത്തയല്ല, മറിച്ചായാൽ വാർത്തയാകണം. അതാവും കൊച്ചിയിലെ പ്രിൻസിപ്പാളിനെത്തല്ലിയ സംഭവവും വാർത്തയായത്. അമ്മയെത്തല്ലിയാലും പക്ഷം അഞ്ചുള്ളതുപോലെ ഇവിടെ ഈ വാർത്തയ്ക്കും പക്ഷങ്ങൾ ഏറെയുണ്ട്. ചിലർ പറയുന്നു കണക്കായിപ്പോയി, പ്രിൻസിപ്പാളിന് തല്ലു കിട്ടേണ്ടതാണ് എന്നാണ്, മറ്റു ചിലർ അയ്യോ കലികാലം! എന്ന ഭാവത്തിൽ വാ തുറന്നു നിൽക്കുന്നു. ഇനിയും ചിലർക്ക് അതിൻ്റെ മൂലകാരണക്കാരിയായ അദ്ധ്യാപികയെ ആണ് തല്ലേണ്ടത്!

എന്തൊരു മനോഹരമായ ചിന്തകൾ!

അച്ഛനും അമ്മയും അദ്ധ്യാപകർ ആയതിനാലും, ഭാര്യയും അദ്ധ്യാപിക ആയതുകൊണ്ടും അദ്ധ്യാപകരുടെ ലോകം എനിക്കന്യമല്ല. പക്ഷേ, അതു കൊണ്ടായില്ലല്ലോ, എന്തുകൊണ്ടാണ് അദ്ധ്യാപകർ എല്ലാവരും മോശക്കാരാണ് എന്ന ചിന്ത വളരെ വ്യാപകമാകുന്നത് എന്ന് ചിന്തിക്കണം, ഒപ്പം വിദ്യാർത്ഥി ആയാലും അദ്ധ്യാപകർ ആയാലും അക്രമം നല്ലൊരു സന്ദേശമാണോ നൽകുന്നത് എന്നും ചിന്തിക്കണം. മക്കളെ വളർത്തുന്നവർക്കറിയാം ഇടക്ക് ചില വിരട്ടലുകളും, ഉപദേശങ്ങളും ഒക്കെ കുട്ടികളെ നേർവഴിക്കു നയിക്കാൻ ആവശ്യമുണ്ടെന്ന്. അറിഞ്ഞുകൊണ്ട് അപകടത്തിലേക്കുപോകുന്നത് കണ്ടുനിൽക്കാൻ ഏതു രക്ഷാകർത്താവിനാണ് കഴിയുക? അത്തരം ഒരു കുഞ്ഞു തല്ലിനോ വഴക്കുപറച്ചിലിനോ അവരെ ജയിലിലാക്കുകയാണ് വേണ്ടത് എന്നു വാദിച്ചാൽ, രാഷ്ട്രത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ അച്ചടക്കം പോലും സാധിക്കാതെ വരും. അതിൻ്റെ ഉദാഹരണങ്ങളാണ് മുകളിൽ പറഞ്ഞ വാർത്ത പോലും.

ശരിയാണ് അദ്ധ്യാപകർ എല്ലാവരും വിശുദ്ധരല്ല, എന്നാൽ അവർ ആത്യന്തികമായി സ്വന്തം വിദ്യാർത്ഥികളുടെ നന്മ തന്നെയാണ് ആഗ്രഹിക്കുക. അപൂർവ്വം അപവാദങ്ങൾ മാറ്റി നിർത്തിയാൽ ക്ലാസ്സിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള മിക്കവാറും അദ്ധ്യാപകരും. എന്നിട്ടും പലരും അദ്ധ്യാപകരെ തല്ലുന്നതിനെ മഹത്വവൽക്കരിക്കുന്നത് കുട്ടിക്കാലത്ത് സ്വന്തം ജീവിതത്തിൽ ഉണ്ടായ ചില ട്രോമകളുടെ പേരിലാണ്. ഇവിടെ, ഈ വാർത്തയിൽ പ്രിൻസിപ്പാളിനെത്തല്ലിയിട്ട് ഓടിപ്പോയ വിദ്യാർത്ഥിയെ നാട്ടുകാരാണ് വളഞ്ഞിട്ടുപിടിച്ചത്. എന്തായിരുന്നു പ്രകോപനകാരണം? മുടി വെട്ടിയിട്ടു വരണം എന്നു പറഞ്ഞത്! പല്ലുതേയ്ക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖം വെട്ടുക, മുടിവെട്ടുക എന്നതൊക്കെ അച്ചടക്കത്തിൻ്റെ ഭാഗമാണ്. അവിടെ വ്യക്തിസ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നു പിടി കിട്ടുന്നില്ല! പ്ലസ് ടൂ പാസ്സാവുക എന്നതാകുമല്ലോ ഒരു ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥിയുടെ പ്രാഥമിക ലക്ഷ്യം? അതിൽ ആർക്കും സംശയമില്ലാത്തിടത്തോളം, അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം എന്നാൽ ഉത്തരവാദിത്തപ്പെട്ട പൗരനാവുക എന്നുകൂടിയാണ്. അതുകൊണ്ടുതന്നെ ഞാൻ അദ്ധ്യാപകരുടെ ഒപ്പമാണ്. അല്ലാതെ അവർ വിദ്യാർത്ഥികളുടെ തല്ലുകൊണ്ട് ആശുപത്രിയിലാക്കേണ്ടവരല്ല തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest