advertisement
Skip to content

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാണ്ടുകൾക്കുശേഷവും!

ചത്തുപോകാൻ അർഹതയുള്ളത്, ചത്താൽ (കൊന്നാൽ ) ആരു ചോദിക്കാൻ എന്നതിൽ നിന്നും ആരംഭിച്ച് നീയൊക്കെ പുഴുക്കളെപ്പോലെ ചവിട്ടിയരച്ച് നശിപ്പിക്കപ്പെടേണ്ടവർ എന്ന ചിന്ത വരെ ഇത്തരം പ്രവർത്തിക്കു പിന്നിലുണ്ട്.

Anil Kumar CP

ലോക ജനസംഖ്യ എണ്ണൂറുകോടി തൊട്ടുകഴിഞ്ഞു. ഇനിയുള്ള ജനസംഖ്യാവളർച്ചയിൽ നമ്മുടെ രാജ്യത്തിന് വളരെ വലിയ പങ്കുമുണ്ട്. ഈ ഘട്ടത്തിൽ പഴയ സഞ്ജയ് ഗാന്ധി ദിനങ്ങൾ ഓർമ വരുന്നു. അന്ന് ജനസംഖ്യാനിയന്ത്രണത്തിനായി നമ്മൾ നിരോധും, പുരുഷന്മാർക്കുള്ള ശസ്ത്രക്രിയയും പ്രോത്സാഹിപ്പിച്ചിരുന്നു. മാറാൻ കൂട്ടാക്കാത്തവരെ ബലം പ്രയോഗിച്ച് വരിയുടച്ചു വിട്ടു! ഏതായാലും ക്രമേണ നാം രണ്ട് നമുക്കു രണ്ടിലും, ഒന്നിലും, നാം ഒന്നാകുന്നില്ല, അതുകൊണ്ടു നമുക്കു വേണ്ട എന്നൊക്കെയും സമവാക്യങ്ങൾ രൂപം കൊള്ളുന്നു. ഇതിനിടയിൽ ഒരു പൊള്ളുന്ന വാർത്ത, അങ്ങ് ബീഹാറിലെ പാറ്റ്നയിൽ നിന്ന്. മുപ്പതു സ്ത്രീകളെ വന്ധീകരിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നല്ല ഡോക്ടർമാർ ഇല്ലാഞ്ഞിട്ടോ എന്തോ കശാപ്പിന് മടിയില്ലാത്ത കുറച്ച് ഡോക്ടർമാർ ആയിരുന്നു ഉണ്ടായിരുന്നത്. ചത്തുപോയാൽ ആര് ചോദിക്കാൻ എന്ന ഭാവത്തിൽ അവർ ആ സ്ത്രീകളിൽ ഇരുപത്തിമൂന്നുപേർക്ക്   അനസ്തീഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തി. ഇറങ്ങി ഓടാതിരിക്കാൻ നാലുപേർ ഓരോരുത്തരുടേയും കയ്യും കാലും പിടിച്ചുവച്ചിരുന്നു! ഏഴു പേർ എന്നിട്ടും ഇറങ്ങിയോടി. അവർ വന്ന് നാട്ടുകാരോടു കാര്യം പറഞ്ഞു. അതോടെ പ്രശ്നം അധികാരികൾ അറിഞ്ഞു. സ്വാഭാവികമായും അന്വേഷണത്തിന് ഉത്തരവും വന്നു. ഇത്തരം അന്വേഷണങ്ങൾ എവിടെയും എത്തില്ല എന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. വന്ധ്യംകരിക്കുമ്പോൾ വേദനയുണ്ടാകും എന്ന വളരെ ലഘുവായ മറുപടി ഡോക്ടർ നൽകുകയും ചെയ്തു!

വാർത്ത അവിടെ നിൽക്കട്ടെ, ഒരുകൂട്ടം സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറാൻ തോന്നിച്ച ആ ആരോഗ്യ പ്രവർത്തകരുടെ മനസ്സുണ്ടല്ലോ അതാണ് പിടികിട്ടാത്തത്. ചത്തുപോകാൻ അർഹതയുള്ളത്, ചത്താൽ (കൊന്നാൽ ) ആരു ചോദിക്കാൻ എന്നതിൽ നിന്നും ആരംഭിച്ച് നീയൊക്കെ പുഴുക്കളെപ്പോലെ ചവിട്ടിയരച്ച് നശിപ്പിക്കപ്പെടേണ്ടവർ എന്ന ചിന്ത വരെ ഇത്തരം പ്രവർത്തിക്കു പിന്നിലുണ്ട്. വാർത്തയിൽ പറയുന്നില്ലെങ്കിലും, സ്വഭാവികമായും ഈ സ്ത്രീകൾ സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിലകൊള്ളുന്നവരാകും, ഉറപ്പാണ്. ജാതിയോ, മതമോ, സമ്പത്തോ, അധികാരമോ ഇവർക്ക് ഒരു പരിരക്ഷയും നൽകുന്നുണ്ടാകില്ല. അതുകൊണ്ടുമാത്രമാണ് നിർദ്ദയം  ഇത്തരം ആക്രമണത്തിന് ആരോഗ്യ പ്രവർത്തകർക്ക് ധൈര്യം വന്നത്. പ്രാദേശിക വാദങ്ങളും ജാതി സമവാക്യങ്ങളും ഒരു സംസ്ഥാനത്തിന്റെ  പിന്നാക്കാവസ്ഥയെ വീണ്ടും തളർ ത്തുന്നുവെന്നതാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ  എഴുപത്തഞ്ചാണ്ടുകൾക്കുശേഷവും കന്നുകാലികളെപ്പോലെ മനുഷ്യർ ജീവിക്കുന്നു എന്ന സത്യം എന്തേ രാഷ്ട്രീയക്കാരെ അലോസരപ്പെടുത്തുന്നില്ല?

വാൽക്കഷണം:
കുഞ്ഞുങ്ങളാകുമ്പോൾ തട്ടും മുട്ടും ചിലപ്പോൾ ഓടയിൽ വീഴും. തികച്ചും സ്വാഭാവികം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest