advertisement
Skip to content

പ്രണയത്തിന്റെ കാണാപ്പുറങ്ങൾ ...

Anil Kumar CP

ദേവദാസിനെപ്പോലെ, ചങ്ങമ്പുഴയുടെ രമണനെപ്പോലെ, ചെമ്മീനിലെ പരീക്കുട്ടിയെപ്പോലുള്ളവർ ഇന്നും ഈ ലോകത്തുനിന്നും അപ്രത്യക്ഷമായിട്ടില്ല എന്നത് എന്നിലെ കാൽപ്പനിക മനസ്സിനെ കുളിരണിയിക്കുന്നു! അവൾ പോകുന്ന വഴിയരികിൽ കാണാത്തമട്ടിൽ കാത്തുനിൽക്കുക, അവൾ നടന്ന വഴിയേ നടക്കുക, പറ്റിയാൽ അവളുടെ പാദസ്പർശമേറ്റ ചെറുകല്ല്, മണ്ണ് എന്നിവ വാരിയെടുത്ത് കോൾമയിർ കൊള്ളുക... അവളുടെ കടക്കണ്ണേറു കിട്ടിയാൽ ഒരാഴ്ച കുളിക്കാതെ നനയ്ക്കാതെ അതോർത്തുനടക്കുക തുടങ്ങിയ സകലമാന കാല്പനികത്തരവും കാട്ടാൻ ആഗ്രഹിച്ച ഒരു കാമുകഹൃദയം, അച്ഛനോ അമ്മയോ നാട്ടുകാരോ കൈവെക്കുമെന്ന ഭയത്തിൽ പുറത്തുകാട്ടാതെ ചെറിയൊരു നാഗവള്ളി സ്റ്റൈലിൽ നമ്മളങ്ങു ജീവിച്ചതൊരു കാലം!

പിന്നെ കാലം മാറി, കഥ മാറി. ഒരു പ്രണയം, അവളെ കെട്ടുക തുടങ്ങിയവ പിന്തിരിപ്പൻ ചിന്തകളാണെന്നും, ഒരേസമയം ഒന്നിലധികം പ്രണയങ്ങൾ സാധ്യമാണെന്നും മലയാളി പഠിച്ചു! സുഖകരമായ ദാമ്പത്യജീവിതത്തിന് ചില്ലറ പ്രണയങ്ങൾ, അതായത്, ഭാവിയിൽ ബ്ലാക്ക്മെയിൽ ചെയ്യാത്തതും, നിലവിലെ ബന്ധം തകർക്കാത്തതുമായ ബന്ധങ്ങൾക്കായി കാലത്തിന്റെ ഡിമാന്റ്! ആഹാ, സുന്ദര സുരഭില സുദിനങ്ങൾ... പണ്ട് ഒന്നാം ക്ലാസിൽ സ്ലേറ്റ് പെൻസിൽ കടം തന്നവളോട് അമ്പതാം വയസ്സിൽ ‘ഐലബ്യൂന്ന്’ പറയുമ്പോൾ തോന്നുന്ന അത് സുന്ദരമല്ലെങ്കിൽ പിന്നെന്താണ് സുന്ദരം?

ഏതാണ്ടൊക്കെ ഈ പഞ്ചാരകൾ മടുക്കുമ്പോൾ സമയം പോലെ ഭക്തിപ്രധാന മോക്ഷപ്രധാന ഗ്രൂപ്പുകളിൽ ചേക്കേറി, ആത്മാവിന്റെ  പ്രയാണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച്, സ്വയം ഒരു സ്ഥാനത്ത് അവനവനെ പ്രതിഷ്ഠിച്ച് ആത്മമരതിയിൽ ശിഷ്ടകാലം ജീവിക്കാം!

ഇത്രയും ഓപ്ഷൻസ് മുന്നിൽ ഉണ്ടായിട്ടും, ഇന്ന് കണികണ്ട വാർത്തകൾ എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു. നമ്പർ വൺ, ഭാര്യക്ക് അവിഹിതമുണ്ടെന്ന സംശയത്തിൽ അവളെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവ്. രണ്ട്, കാമുകി, വർഷങ്ങൾക്കു മുമ്പ് ബ്രേക്ക്അപ് പറഞ്ഞ സങ്കടത്തിൽ ഇന്നലെ രാത്രി സ്വന്തം ബെൻസ് കാറിന് തീയിട്ട ഡോക്ടറായ കാമുകൻ.

രണ്ടു പേരോടും എനിക്ക് ചിലതു പറയാനുണ്ട്. ആദ്യത്തെ കേസിലെ അല്ലയോ ഭർത്താവേ, ഭാര്യയുടെ അവിഹിതം സംശയിച്ചാണല്ലോ അവരെ കൊന്നത്? തനിക്ക് അങ്ങനൊരു സംശയമുണ്ടെങ്കിൽ ഡിവോഴ്സ് ചെയ്താപ്പോരായിരുന്നോ? അതല്ലേ വേണ്ടത്? അവര് രക്ഷപ്പെട്ടേനെ. പിന്നെ ഒരു ഉപദേശം തരാം, പെണ്ണ് അങ്ങനൊന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നിന്റെ കണ്ണിന്റെ മുന്നിൽ വെച്ചുപോലും നീ അറിയാതെ ചെയ്യാൻ അവൾക്കറിയാം. Don't underestimate the power of Women, നിന്നെപ്പോലൊരു സംശയ രോഗിയെ സഹിച്ചതല്ലേ അവൾ ചെയ്ത തെറ്റ്?!

അടുത്ത കേസിലെ ഡോക്ടർ കാമുകാ, ഒരു ബൻസ് കാർ കൂടിയുള്ള സ്ഥിതിക്ക് ഈ നാട്ടിൽ അങ്ങേക്ക് പെണ്ണുകിട്ടാൻ ഒരുപാടുമില്ല. മര്യാദക്ക് പെണ്ണുകെട്ടി, 'ഒരേ വാനിലേ' പാടി ജീവിക്കേണ്ട ജീവിതം ദയവായി കാറ് കത്തിച്ച പോലെ കത്തിച്ചു കളയാതിരിക്കുക. Take it easy Man....

ഒരു വാർത്തകൂടിയുണ്ട്, അല്പം സങ്കടം വന്നു അതു വായിച്ച്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മോളെ പ്രേമിച്ച കുറ്റത്തിന് യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തി. അതും പോക്സോ കേസിൽ കുടുക്കും എന്നുപറഞ്ഞ്. പാവം കുട്ടി ആത്മഹത്യ ചെയ്തു. അല്ല, ഈ പോക്സോ കേസ് എന്നാൽ അപരാധികളെ ശിക്ഷിക്കാനോ അതോ നിരപരാധികളെ കുടുക്കാനോ?

ഒരു വീക്കെന്‍ഡ് ആകെ ചിന്താധീനനായി തീർന്നുപോകുമോ?!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest