advertisement
Skip to content

അറിയാതെപോകുന്ന വിഷാദരോഗങ്ങൾ…

ചിത്രം പൂർണമാണ്. ഒരു കുഞ്ഞുണ്ട് എന്നത് ചെറിയ കാര്യമല്ല. കുഞ്ഞുങ്ങളില്ലാത്തവരുടെ വന്ധ്യതാ ക്ലിനിക്കുകളിലെ തിരക്ക് കാണുമ്പോൾ ഒരു കുഞ്ഞ് വലിയ ആശ്വാസമാണ്

വാർത്ത വായിച്ച് ഞെട്ടാൻ ഇനിയുമൊരു അങ്കത്തിനുള്ള ആയുസ്സ് മുന്നിലുണ്ട്. ഞെട്ടലല്ല, നടുക്കം. നട്ടെല്ലിനടിയിൽ നിന്നും ഉയർന്നുപൊങ്ങുന്ന തണുപ്പിന് മരണത്തോളം ആഴം. അപകടമരണമാണ് ആ നവജാത ശിശുവിന്റേത്. അതും ദാരുണമായി. അമൃതായ അമ്മിഞ്ഞപ്പാൽ ശ്വാസമെടുക്കാൻ അനുവദിക്കാതെ കുറച്ചു നിമിഷങ്ങൾ തടഞ്ഞുനിന്നപ്പോൾ പറന്നകന്നത് പിറന്നിട്ട് ഇരുപത്തെട്ടു ദിവസം മാത്രമായ ഒരു കുഞ്ഞു ജീവൻ!

സത്യത്തിൽ കഥ അവിടെ അവസാനിച്ചിരുന്നെങ്കിൽ!

കണ്ണടച്ചിരുന്നു…. ഒരു യുവതി, ഒരു കുഞ്ഞ്, അവളുടെ ഭർത്താവ്…

ചിത്രം പൂർണമാണ്. ഒരു കുഞ്ഞുണ്ട് എന്നത് ചെറിയ കാര്യമല്ല. കുഞ്ഞുങ്ങളില്ലാത്തവരുടെ വന്ധ്യതാ ക്ലിനിക്കുകളിലെ തിരക്ക് കാണുമ്പോൾ ഒരു കുഞ്ഞ് വലിയ ആശ്വാസമാണ്. പക്ഷേ, അവളെക്കുറിച്ചുകൂടി ചിന്തിക്കുമ്പോൾ, എന്താകും സ്വയം ഇല്ലാതാകുമ്പോൾ ആ അഞ്ചു വയസ്സുകാരനെ ഒപ്പം കൂട്ടാൻ അവൾ കണ്ടെത്തിയ കാരണങ്ങൾ?

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത് അവളുടെ മൂന്നാമത്തെ കുഞ്ഞാണ്. ഇതിനോടകം രണ്ടു മക്കളുടെ മരണം കണ്ട അമ്മയാണവൾ. സമൂഹം ഉയർത്തുന്ന ചോദ്യങ്ങളിൽ അമ്മയുടെ അശ്രദ്ധ എന്ന വാക്ക് ആരിൽ നിന്നെങ്കിലും അവൾ കേട്ടിരിക്കണം, അതല്ലെങ്കിൽ അങ്ങനെയൊന്ന് ഉണ്ടാകുമെന്നവൾ ഭയന്നിരിക്കണം. ഒരു നിർഭാഗ്യവതിയാണു താനെന്ന നിഗമനത്തിലെത്തിച്ചേരാൻ മറ്റുകാരണങ്ങൾ അവൾക്കാവശ്യമില്ല. ഒപ്പം പ്രസവശേഷമുള്ള ഡിപ്രഷൻ അവളെ അനാവശ്യ ചിന്തകളിലേക്കു വലിച്ചിട്ടിരിക്കാം. അതുകൊണ്ടാണവൾ അങ്ങനെ മടങ്ങിയത്.  മകനെ എന്തിന് ഒപ്പം കൂട്ടി എന്നു ചോദിച്ചാൽ, അമ്മയില്ലാത്ത ലോകത്ത് കുഞ്ഞ് അനാഥനാകുമെന്നും  അവൻ വേദനിക്കുമെന്നും അവൾ ഉറച്ചു വിശ്വസിച്ചു എന്നും മനസ്സിലാക്കാം. അതിനാൽ അമ്മയുടെ കൈകൊണ്ട് മകനും മരണത്തിലേക്ക് ആണ്ടു പോയി.

ഇതിൽ സമൂഹത്തിനു വല്ല റോളുമുണ്ടോ? ഉണ്ട്.

ഒരു മരണവാർത്തയോടുള്ള പ്രതികരണം പലരും പല വിധത്തിലാകും നടത്തുക. അതു കേൾക്കുന്നവരിൽ സൃഷ്ടിക്കുന്ന പ്രതികരണത്തെക്കുറിച്ച് തീർത്തും അജ്ഞരായിരിക്കും പലരും. പ്രസവശേഷം പല സ്ത്രീകൾക്കും വരുന്ന ഡിപ്രഷനെക്കുറിച്ചു  വീട്ടുകാരും സമൂഹവും ബോധവാന്മാരായിരിക്കണം. മരണം എന്ന ചിന്ത കടന്നു വരുന്നത് ഒരു നിമിഷത്തിലാണ്. തനിക്കാരുമില്ല എന്ന ബോധ്യത്തിലാണത് സംഭവിക്കുക. അതൊരു നിശ്ചയമാണ്, പിന്നെ പ്രതികാരമാണ് കനക്കുക. പാഠം പഠിപ്പിക്കുക എന്ന ചിന്ത. ഈ സമയത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടിവരും. ശരിയാണ്, എത്ര കാലം കാവലിരിക്കും? വിഷാദമുണ്ടെന്നു കണ്ടാൽ അതിനു ചികിത്സ തേടുകയും നോർമലാവുകയും ചെയ്യുന്ന കാലത്തോളം ശ്രദ്ധ വേണം.

ഒന്നല്ല, മൂന്നു മരണങ്ങളാണ് രണ്ടു ദിവസത്തിൽ സംഭവിച്ചത്. അഭ്യസ്തവിദ്യരായ, ജോലിയുള്ള, ആരോഗ്യമുള്ള യുവതികൾ പൊടുന്നനെ കാലിടറി വീഴുന്ന ഈ വിഷാദ രോഗത്തെ കാണാതെ പോകാതിരിക്കാം നമുക്ക്.

എന്റെ കണ്ണിനു മുന്നിൽ ഈറനോടെ നിശ്ചലമായിക്കിടക്കുന്ന രണ്ടു പേർ.

ഇനിയും ഇത്തരം വാർത്തകൾ ഉണ്ടാകാതിരിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest