advertisement
Skip to content

അത്രയെങ്കിലും മനുഷ്യത്വമുള്ളവരാകാം നമുക്ക്...

നരബലി എന്നൊക്കെപ്പറഞ്ഞ് ഒക്ടോബർ മാസം ചാനലും പത്രവും നിറച്ചവർക്ക് ഇത്തരം കൊലപാതകങ്ങൾ ഒരു വിഷയമല്ല. ഇതും ഒരർത്ഥത്തിൽ നരബലിയല്ലേ?

മരണത്തിൻ്റെ ന്യായവും അന്യായവും ചികയാൻ ധാർമികമായ അവകാശം ആർക്കുമില്ല, എന്നാൽ ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവരോടു ചിലതു പറയുന്നുണ്ട്. അതേക്കുറിച്ച് ചിലതു കുറിക്കട്ടെ ഞാൻ.

ഭാര്യയോടുള്ള എതിർപ്പു പരസ്യമായി പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തത് നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞതാണ്. അതിനിടയിലാണ് കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയുടെ ഭർത്താവ്, പോലീസ് പിടിയിലാകുന്നത്. അയാളെ പ്രതികാരദാഹിയാക്കിയത് നിരന്തരമായ ദേഹോപദ്രവത്തിനെതിരെ ഭാര്യ വനിതാകമ്മീഷനിൽ പരാതിപ്പെട്ടതാണ്. അതിന്റെ ദേഷ്യത്തിലാണ് അയാൾ ഭാര്യയെ കൊന്നത്. കൊന്ന് ഷീറ്റിൽ പൊതിഞ്ഞ് കട്ടിനിടയിൽ ഉപേക്ഷിച്ചിട്ട് പോലീസിൽ പരാതിയും കൊടുത്തു. എന്താ ആ മനസ്സ്!

നരബലി എന്നൊക്കെപ്പറഞ്ഞ് ഒക്ടോബർ മാസം ചാനലും പത്രവും നിറച്ചവർക്ക് ഇത്തരം കൊലപാതകങ്ങൾ ഒരു വിഷയമല്ല. ഇതും ഒരർത്ഥത്തിൽ നരബലിയല്ലേ?

വിവാഹം കഴിക്കുന്നത് ആർക്കുവേണ്ടിയാണ്? സ്വന്തം ജീവിതത്തിനൊരു കൂട്ട്, ഒരിഷ്ടം, സ്നേഹം, ഒരു ചേർത്തുപിടുത്തം, ഒരു സമാശ്വാസം ഇതൊക്കെയാണ് വിവാഹത്തിലൂടെ ഉണ്ടാകേണ്ടത്. പണം, പദവി, ബന്ധുബലം, തറവാടിത്തഘോഷം എന്നിവയ്ക്കാണോ വിവാഹം കഴിക്കുന്നത്? എങ്കിൽ ഉറപ്പിക്കാം സ്വരച്ചേർച്ചക്കുറവ് കണ്ടെത്താൻ വലിയ സമയം വേണ്ട. നിരന്തരം ഭാര്യയെ മുൾമുനയിൽ നിർത്തുന്നവനെ ഭാര്യ പ്രണയിക്കുമോ? അവൾ സ്നേഹിക്കുമോ? അവൾ എത്രകാലം ആ ശിക്ഷ സഹിക്കും? തിരിച്ച് സംശയത്തിൻ്റെ മുൾമുനയിൽ, അപഹാസ്യപ്പെടുത്തുന്ന പെരുമാറ്റത്തിൽ എത്രകാലം പുരുഷൻ പിടിച്ചു നിൽക്കും? ഇന്ന് വിവാഹമോചനം ഒരു പുതുമയല്ല. ഒത്തു പോകാനാവില്ലെങ്കിൽ പിരിയാം, പിരിയണം. ഇനി വിവാഹം കഴിച്ചു എന്നു കരുതി അവർ സ്വകാര്യ ഉപഭോഗവസ്തുവാണെന്നു ചിന്തിച്ചാലോ? ഒരു അടിമ, ഭക്ഷണം സമയത്ത് വെച്ചുവിളമ്പാനും, ശരീരദാഹം ശമിപ്പിക്കാനും, ജോലി ചെയ്തുണ്ടാക്കുന്ന പണം പിടിച്ചുപറിച്ച് സ്വന്തം കാര്യം ചെയ്യാനുമൊക്കെയുള്ള അടിമയെന്നു കരുതിയാൽ? അങ്ങനെ കരുതുന്നവരെ സൂക്ഷിക്കണം. അവരിൽനിന്ന് എത്രയും വേഗം വിടുതൽ വാങ്ങണം. അവർ ഇഞ്ചിഞ്ചായി കൊല്ലും. അവർ വാക്കുകൾ കൊണ്ട് അപമാനിക്കും. പക ഉളളിൽ സൂക്ഷിക്കും. എപ്പോൾ, എങ്ങനെ അത്തരക്കാർ അടിമയുടെ ജീവനെടുക്കുമെന്നു പറയാനാകില്ല. ഇതിൻ്റെ സ്ത്രീ വേർഷനിൽ നിരന്തര കുത്തുവാക്കുകളും, ആർഭാഢഭ്രമവും, സംശയവും കൂടുതൽ മുഴച്ചു നിൽക്കും. അവരും ഇഞ്ചിഞ്ചായി ജീവനെടുക്കും.

ലോകം വളരെ സങ്കീർണമാണ്, ലളിത ജീവിതത്തെ തല കീഴ്മറിക്കാൻ കെൽപ്പുള്ളത്. നമ്മുടെ സ്വന്തം ജീവിതത്തെ, നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെ ജാഗ്രതയോടെ നോക്കാം. ഇടപെടണ്ട സമയത്ത് ഇടപെടണം. ചിലപ്പോൾ പിന്നീട് പഴി കേട്ടേക്കാം. എന്നിരുന്നാലും ഇടപെടൽ നടത്തുക. അത്രയെങ്കിലും മനുഷ്യത്വമുള്ളവരാകാം നമുക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest