പി പി ചെറിയാൻ
ഹൂസ്റ്റൺ, ടെക്സസ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്താൻ കോടതിയിൽ ഹാജരായ ടെക്സസ് സ്വദേശിയായ പ്രതി, വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു. ജെയിംസ് പോൾ ആൻഡേഴ്സൺ (James Paul Anderson) ആണ് കോടതിയിൽ വെച്ച് മരിച്ചത്.

സെപ്റ്റംബർ 2023-ൽ ഭാര്യ വിക്ടോറിയ ആൻഡേഴ്സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് 300,000 ഡോളർ ബോണ്ടിൽ പുറത്തായിരുന്ന ആൻഡേഴ്സൺ ഹാജരായത്. കേസിൽ കുറ്റസമ്മതം നടത്തി 35 വർഷത്തെ തടവിന് ശിക്ഷിക്കാനാണ് ഇദ്ദേഹം തയ്യാറെടുത്തിരുന്നത്.
ഹാരീസ് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ആൻഡേഴ്സണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ജില്ലാ അറ്റോർണി ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. കോടതിയിലെ ഒരു ബെയ്‌ലിഫ് നാളോക്സോൺ നൽകിയ ശേഷം ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ശിക്ഷാവിധി കാത്തിരിക്കുമ്പോൾ ആൻഡേഴ്സൺ മയക്കുമരുന്ന് കഴിച്ചിരിക്കാം എന്ന് ഹാരീസ് കൗണ്ടി കോൺസ്റ്റബിൾ അലൻ റോസൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി മൃതദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

2023 സെപ്റ്റംബർ 24-നാണ് സംഭവം. തന്നെ ഭർത്താവ് വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ് വിക്ടോറിയ 911-ൽ വിളിക്കുമ്പോൾ തന്നെ വെടിയൊച്ച കേട്ടതായി ഓപ്പറേറ്റർ അറിയിച്ചിരുന്നു. തുടർന്ന് ആൻഡേഴ്സൺ വീടിനകത്ത് നിലയുറപ്പിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട അനുരഞ്ജനത്തിനൊടുവിൽ ഇയാൾ പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. ഭാര്യയെ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
