ടെക്സസ്: നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ അഭിമാനമായ മുൻ IANAGH പ്രസിഡൻ്റ് മറിയാമ്മ തോമസിനെയും, മുൻ IANAGH പ്രസിഡൻ്റും MAGH പ്രസിഡൻ്റുമായ മേരി തോമസിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
നഴ്സിംഗ് രംഗത്തെ മഹത്തായ സാന്നിധ്യമായ മറിയാമ്മ തോമസ് രോഗി പരിചരണത്തിലും നേതൃത്വത്തിലും നൽകിയ ഉന്നതമായ സംഭാവനകളാണ് ഈ ആദരത്തിന് അർഹയാക്കിയത്. നഴ്സിംഗ് സേവനങ്ങൾക്ക് പുറമെ പാലിയേറ്റീവ് കെയർ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യ രംഗത്ത് മേരി തോമസ് നൽകിയ സമഗ്ര സംഭാവനകളും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു.
വേൾഡ് മലയാളി കൗൺസിൽ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ സേവന പാരമ്പര്യവും ആരോഗ്യ രംഗത്തെ നിർണ്ണായക പങ്കും എടുത്തുപറഞ്ഞു. നഴ്സുമാരുടെ അർപ്പണബോധവും മാനവിക മൂല്യങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡൻ്റ് ജെയിംസ് കൂടൽ, ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡൻ്റ് തോമസ് സ്റ്റീഫൻ, പ്രൊവിൻസ് ചെയർമാൻ അഡ്വ. ലാൽ അബ്രഹാം, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂ, മിസ്സൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി പൊലീസ് ക്യാപ്റ്റൻ മനു പൂപ്പാറ, IANAGH പ്രസിഡൻ്റ് ബിജു ഇട്ടൻ, MAGH പ്രസിഡൻ്റ് റോയ് മാത്യൂ, WMC അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡൻ്റ് ബ്ലെസൺ മണ്ണിൽ, വുമൺസ് ഫോറം ചെയർപേഴ്സൺ ലക്ഷ്മി പീറ്റർ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ, നഴ്സിംഗ് സംഘടനാ നേതാക്കൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നഴ്സിംഗ് മേഖലയെ ആദരിക്കുന്ന ഈ ചടങ്ങ് ഹ്യൂസ്റ്റൺ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിക്ക് അഭിമാന നിമിഷമായി മാറി.
