'ഇത്തവണ നമുക്കു കൂടി ഒന്നു പോയാലോ?'
'പോകാം...'
എങ്ങോട്ടെന്നോ, എവിടേക്കെന്നോ ഞാന്‍ ചോദിച്ചില്ല. 'പുഷ്പ ഇത്തവണ എങ്ങും പോകണ്ടാ' എന്നെങ്ങാനം ഞാന്‍ പറഞ്ഞാല്‍, അവളിലെ നാഗവല്ലി ഉണരും:
'എന്താ? എന്താ ഞാന്‍ കൂടെ പോയല് ? വിടമാട്ടേ? അപ്പോ നീ ഇങ്കയില്‍ നിന്നും എങ്കെയും പോക വിടമാട്ടേ?'
ആ ഒരു ഡയലോഗ് വീണ്ടും കേള്‍ക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വരും വരാഴികകളേക്കുറിച്ച് ചിന്തിക്കാതെ 'യെസ്' മൂളിയത്.
കാടു കയറാതെ കാര്യത്തിലേക്കും കടക്കാം- 'ലാന'യുടെ ദ്വൈവാര്‍ഷീക സമ്മേളനം ഒക്ടോബര്‍ 30- മുതല്‍ ഡാളസില്‍ വെച്ചു നടക്കുന്നു. സമ്മേളന വേദിയായ Atrium ഹോട്ടലിനു തൊട്ടടുത്താണ് പുഷ്പയുടെ ബാല്യകാല സഖിയായ ശാന്തയുടെ വാസസ്ഥാലം. നാല്പതു കൊല്ലത്തോളമായി അവര്‍ തമ്മില്‍ കണ്ടിട്ട്.... എങ്കിലും...
'എടി ശാന്തേ!
എടി പുഷ്‌പേ!
നീ ഓര്‍ക്കുന്നുണ്ടോടി'- എന്ന ഡയലോഗു കൂടി നിരന്തരം ഫോണില്‍ക്കൂടി ബന്ധപ്പെടാറുണ്ട്. നേരിക്കാണണമെന്നുള്ള മോഹം രണ്ടു പേര്‍്ക്കുമുണ്ട്.
ശാന്ത ചെറിയ മീനൊന്നുമല്ല. 'കേണല്‍' പദവിയിലാണു ഇന്‍ഡ്യന്‍ സേനയില്‍ നിന്നും റിട്ടയര്‍ ചെയ്തത്. മുന്തിയ ഇനം മുപ്പതു ബോട്ടില്‍ വിസ്‌ക്കിയാണു ഒരു മാസത്തെ ക്വോട്ടാ എന്നു കേട്ടപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി.
'കര്‍ത്താവേ! ആവുന്ന കാലത്ത് ഒരു വനിതാ കേണലിനെ എനിക്കു തുണയായും ഇണയും നീ തന്നില്ലല്ലോ' എന്നു ഞാന്‍ മനസ്സില്‍ ദൈവത്തോടു പരിഭവിച്ചു.
'ലാനാ' സമ്മേളനത്തില്‍ എനിക്കു കാര്യമായ റോള്‍ ഒന്നുമില്ല. പുതുതായി എന്തെങ്കിലും അറിവു നേടാനുള്ള താല്‍പര്യവുമില്ല. വാര്‍ദ്ധക്യം മൂലം ചുരുങ്ങിപ്പോയ എന്റെ തലച്ചോറിന്, പുതിയ അറിവുകള്‍ ശേഖരിക്കുവാനുള്ള കപ്പാസിറ്റിയൊന്നുമില്ല.
എങ്കിലും പഴയ കുറേ സ്‌നേഹിതരെ കാണാം-ഓര്‍മ്മകള്‍ മായുന്നതിനു മുന്‍പു ബന്ധങ്ങള്‍ ഒന്നു കൂടി പുതുക്കാം എന്നൊരു തോന്നലുണ്ടായപ്പോള്‍, ഒന്നു പോയാല്‍ തരക്കേടില്ല എന്നെനിക്കും ഒരു തോന്നല്‍.
ഇനി ആര്, എപ്പോള്‍, എവിടെ, എങ്ങിനെ- ആര്‍ക്കറിയാം? അങ്ങിനെ ടിക്കറ്റും, റൂമും ബുക്കു ചെയ്തു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായുള്ള കൈ-കാല്‍ വെട്ട്, മുടി വലിച്ചു നീട്ടല്‍ തുടങ്ങിയ പതിവു കര്‍മ്മങ്ങളെല്ലാം പുഷ്പ നടത്തി.
സാഹിത്യസദസ്സിലേക്കു എഴുന്നെള്ളുന്നതിന് രണ്ടു ദിവസം മുമ്പ് വെള്ളിടി പോലെ ശാന്തയുടെ ഒരു വിളി.
'എടി പുഷ്‌പേ! അത്യാവശ്യമായിട്ട് എനിക്കു നാട്ടിലൊന്നു പോകണം-നിങ്ങള്‍ വരുമ്പോള്‍ ഞാനിവിടെ കാണില്ല....'
പുഷ്പയെ വലംവെച്ചു കൊണ്ടു ഭൂമിയൊന്നു കറങ്ങി. അവളുടെ ആവേശമെല്ലാം ആവിയായി.
'ഇങ്ങേര് ഒരുത്തന്‍ കാരണമാ!'
ശാന്ത പെട്ടെന്നു നാട്ടില്‍ പോകുന്നതിന്റെ കുറ്റം എന്റെ തലയില്‍ കെട്ടിവെച്ചു.
'അതിനു ഞാന്‍ എന്നാ ചെയ്തു?'
ഇപ്പോള്‍ ഈ ലാനാ, കൂനാ എന്നും പറഞ്ഞ് അവിടെ പോയിട്ട് വല്ല കാര്യവുമുണ്ടോ?'
ഒരു കാര്യത്തില്‍ സ്ത്രീകളെ സമ്മതിക്കണം-അവര്‍ എന്തെങ്കിലും മണ്ടത്തരം കാണിച്ചാലും, അതിന്റെ കുറ്റം നമ്മുടെ തലയില്‍ കെട്ടിവെയ്ക്കുവാന്‍, ദൈവം അവര്‍ക്ക് ഒരു പ്രത്യേക വരം കൊടുത്തിട്ടുണ്ട്.
ഏതായാലും ചിലവാകാനുള്ളതു ചിലവായി. എന്നാല്‍പ്പിന്നെ പോയിട്ടു തന്നെ കാര്യം. ലാനയെങ്കില്‍ ലാന.
രാത്രി എട്ടുമണി ആയപ്പോള്‍ ശാന്തയുടെ ഫോണ്‍ കോള്‍-നാട്ടില്‍ നിന്നാണ്.
'എടി പുഷ്‌പേ! വളരെ സോറിയുണ്ട്. ഏതായാലും നീ ഡാളസ്സില്‍ വരെ വന്നതല്ലേ! എ്‌ന്റെ പിള്ളേര്‍ക്ക് നിന്നെയൊന്നു കാണണമെന്നുണ്ട്. അവരു ഹോട്ടലിന്റെ ലോബിയില്‍ വന്നിട്ടു നിന്നെ വിളിക്കും-'
'എന്നാലും....?'
'ഒരു എന്നാലുമില്ല- അവരു വിളിക്കുമ്പോള്‍ നീ ചെയ്യണം' ഫോണ്‍ കട്ട്!
ഒന്‍പതു മണിക്കു ലോബിയില്‍ നിന്നും വിളി വന്നു.
'ശാന്തയുടെ പിള്ളേരു വന്നിട്ടുണ്ട്. ഇങ്ങേരു കൂടി വാ- നമുക്ക് അവരെയൊന്നു കണ്ടേച്ചു വരാം.'
ലോബിയില്‍ ചെന്നപ്പോള്‍, അവര്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ട്.
'എടി-പുഷ്‌പേ! ഇതു ഞാനാടീ...'
'എടീ ശാാ...'
മരം വെട്ടിയിട്ടതു പോലെ പുഷ്പ പുറകോട്ടു മറിഞ്ഞു. ഞാനാകെ പരിഭ്രമിച്ചു. ഈ വയസുകാലത്ത് എന്നെ പരിചരിക്കേണ്ടവളാണ് വെട്ടിയട്ട വാഴത്തണ്ടു പോലെ, അവിടെ മലര്‍ന്നടിച്ചു കിടക്കുന്നത്.
ആരോ മുഖത്തു കുറച്ചു വെള്ളം തളിച്ചപ്പോള്‍, പുഷ്പ കണ്ണു തുറന്നു.
'എന്നാലും ഈ കോപ്പുതരം എന്നോടു കാണിക്കണ്ടായിരുന്നു-'(കോപ്പ് എന്ന വാക്ക് പിറവംകാരു സാധാരണ ഉപയോഗിക്കുന്ന ഭാഷയാണ്. പിറവംകാരന്‍ ലാലു അലക്‌സിന്റെ സിനിമാ ഡയലോഗുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും.)
സംഭവം വെറു സിമ്പിളാണ്. പുഷ്പക്കൊരു 'സര്‍പ്രൈസ്' കൊടുക്കുവാന്‍ വേണ്ടി, കേരളത്തിലാണെന്നുള്ള നിര്‍ദോഷമായ ഒരു കള്ളം ശാന്ത പ്രയോഗിച്ചു. അത്രമാത്രം!
അപ്പോള്‍ തന്നെ അവരുടെ വീട്ടിലേക്കു ചെല്ലണമെന്നു ഒരേയൊരു നിര്‍ബന്ധം. അരനൂറ്റാണ്ടിലേറെയുള്ള അനുഭവങ്ങള്‍ അയവിറക്കാനുള്ളതാണ്.
എനിക്കവിടെ കാര്യമായ റോളൊന്നുമില്ലാത്തതുകൊണ്ട് എന്നെ ഒഴിവാക്കി.
ഞാന്‍ തിരിച്ചു മുറിയിലേക്കു നടക്കുമ്പോള്‍, സമ്മേളന ഹാളിനോടു ചേര്‍ന്നുള്ള ഡൈനിംഗ് ഹാളില്‍ നിന്നുമൊരു മലയാള ബഹളം. അവിടെ പാട്ടും, തമാശും എ്‌ലലാം നടക്കുകയാണ്. ആ ആരവത്തില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു.
എന്നോടു മുന്‍വൈരാഗ്യമുള്ള ഏതോ ഒരു ദ്രോഹി 'ഇനി മൈലപ്രാ ഒരു പാട്ടു പാടും' എന്നൊരു കാച്ചു കാച്ചി. മറ്റു മൂന്നാലു പേര്‍ അതേറ്റു പിടിച്ചു.
അത്ര വലിയ സദസ്സൊന്നുമല്ല. മിക്കവാറും എല്ലാവരും സുഹൃത്തുക്കളോ പരിചയക്കാരോ ആണ്. പുഷ്പ കൂടെയില്ലാത്തതു ഒരു ആത്മധൈര്യം പകര്‍ന്നു.
രണ്ടു മൂന്നു പാട്ടുകളുടെ, ആദ്യത്തെ മൂന്നാലു വരികളേ എനിക്കോര്‍മ്മയുള്ളൂ. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തതു കൊണ്ടും, നേടാന്‍ നാണക്കേടും മാത്രമേയുള്ളൂ എന്നും മനസ്സിലാക്കിക്കൊണ്ട്, വിദ്യാഭ്യാസകാലത്ത് കേട്ടു മറന്ന ഒരു പാട്ടിന്റെ ഏതാനും വരികള്‍ എടുത്തൊരു കാച്ചു കാച്ചി:
'ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ
ചതിക്കല്ലേ അവസാനമൊരു കയറില്‍...'
ആരോ താളം പിടിച്ചപ്പോള്‍, ഞാനൊരു സംഭവമാണെന്ന് എനിക്കു തോന്നിയതുകൊണ്ട്, മൂന്നാലു വരികള്‍ക്കൂടി ഞാന്‍ പാടിയൊപ്പിച്ചു. പാട്ടിനിടയില്‍ ഞാന്‍ ആരുടെയൊക്കെ നേര്‍ക്ക് വെറുതെ കൈ ചൂണ്ടി. പാട്ടു തുടരുകയാണ്:
ഹണിമൂണ്‍ കൊണ്ടാടും ഞാനമേരിക്കയില്‍
കോട്ടയത്തിറങ്ങും ഞാന്‍ വരുന്ന വഴി
കവലേലെ ഖാദറിന്റെ കടയില്‍ നിന്നും
ഒരു കുഞ്ഞുടുപ്പു വാങ്ങിക്കൊണ്ടു നടന്നനില്‍ക്കും...'
വിജയകരമായ 'ലാന' സമ്മേളനത്തിനു ശേഷം, തിരിച്ചു വീട്ടിലെത്തുന്നതുവരെ നദി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.
ഉറക്കത്തിനു മുമ്പായി പതിവുള്ള ഫോണ്‍ തോണ്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഭാര്യ.
'ആരാ ഇങ്ങേരെ ചിരിച്ചു മയക്കിയ മിടുക്കിപ്പെണ്ണ്?' പാതിമയക്കത്തിലേക്കു വഴുതിവീണ ഞാന്‍, ഞെട്ടിയുണര്‍ന്നു.
ഓ..ഞാന്‍ കുറച്ചുനേരം മാറി നിന്നപ്പോഴേക്കും മുഖത്തെ ഒരു സന്തോഷം-ഇങ്ങേരെന്നാ യേശുദാസയാത്? ആരെ നോക്കിയാ ഇളിച്ചു കാണിച്ചത്?
ഞാനില്ലാത്ത നേരം നോക്കി പിന്നെയും കള്ളുകുടി തുങ്ങിയോ? ഞാനത്ര പൊട്ടിയൊന്നുമല്ല.
സത്യം പറ. കോട്ടയത്ത് ഞാനറിയാതെ നിങ്ങള്‍ക്ക് പിള്ളേരു വല്ലതുമുണ്ടോ?'
ചോദ്യങ്ങളൊക്കെ സേതു രാമയ്യരുടെ സ്‌റ്റൈലില്‍ ആയിരുന്നതിനാല്‍, മാനസിക പീഢനം മാത്രമേ അനുഭവിച്ചുള്ളൂ.
അവള്‍ ശാന്തയെ കാണാന്‍ പോയ നേരത്ത്്, മര്യാദക്കാരില്‍ മര്യാദക്കാരനായ ഞാന്‍, ഒരു ഗാനമാലപിച്ചത്, ഏതോ സാമദ്രോഹി വീഡിയോയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നു.
ഇനിയുമവിടെ കിടന്നാല്‍, അവളിലെ ഗംഗ വീണ്ടും ഉണരുമോ എന്നൊരു ചിന്തയില്‍ ഞാനവിടെ നിന്നും തെന്നി മാറി. 'മര്യാദക്കാരനു സോഫായില്‍ കിടന്നാലും ഉറക്കം വരും' - എന്ന പഴഞ്ചൊല്ല് സത്യമാണെന്നു മനസ്സിലായി.
കര്‍ത്താവാണേ- എന്റെ അണ്ണാക്കില്‍ കമ്പിപ്പാര ഇട്ടു കുത്തിയാലും ഇനി മേലാല്‍ ഞാന്‍ പാടുകയില്ല എന്നൊരു ശപഥവും എടുത്തിട്ടുണ്ട്.
(ലാനയില്‍ നിന്നു പഠിച്ചത്.
- ആദ്യത്തെ വാചകത്തില്‍ത്തന്നെ വായനക്കാരനു തുടര്‍ന്നു വായിക്കുവാനുള്ള പ്രചോദനം ലഭിക്കണം- സജി ഏബ്രഹാം.
- ഡോ.എം.വി.പിള്ള-അന്‍പത്തിയഞ്ചു സെക്കന്‍ഡിനുള്ളില്‍, ഒരു ഫലിതം പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനു തുനിയരുത്.- അദ്ദേഹം അതു പറഞ്ഞപ്പോള്‍ എന്റെ നേരെ ഒന്നു നോക്കിയോ എന്നൊരു സംശയം.)