advertisement
Skip to content

ബീന റോയ് എഴുതിയ സാരമധു നോവൽ റിവ്യൂ

"രണ്ടു ഹൃദയങ്ങളിലേക്ക് വേരുകൾ പടർത്തുന്ന പ്രണയം എന്ന ഒറ്റമരം ആ മരുഭൂമിയിൽ വളർന്നു തുടങ്ങിയിരുന്നു. വേനൽ രുചിച്ച രണ്ടു ഹൃദയങ്ങൾ ജീവന്റെ പച്ചനിറം അണിയുകയായിരുന്നു."

Beena Roy Novel

പ്രണയവും ആത്മീയതയും സംഗീതത്തിലെ ശ്രുതിലയം പോലെ നൃത്തത്തിലെ താളവും ഭാവവും പോലെ ഉൽച്ചേർന്ന നോവലാണ് ബീന റോയ് Beena Roy എഴുതിയ സാരമധു.

"പ്രണയമെന്ന ഒരേ മുറിവിൽ നിന്ന് പിറന്ന രണ്ട് വേദനകൾ" നൃത്തം ധ്യാനമാക്കിയ ചർവിയുടെയും  സംഗീതം ഉപാസനയാക്കിയ മധുകറിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും നൊമ്പരപ്പെടുത്തുന്ന കഥയാണ് സാരമധു.   പ്രതിസന്ധികളുടെ കൊലവിളികളിൽ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ടിലെ ബുദ്ധാശ്രമത്തിലെത്തുന്ന ചാർവി സാരമതി എന്ന പേര് സ്വീകരിക്കുന്നു.   അവിടെ ഏകാന്ത ധ്യാനത്തിൽ കഴിഞ്ഞ സാരമതി രോഗത്തിനും ഒടുവിൽ മരണത്തിനും കീഴടങ്ങി.  സാരമതിയുടെ ഡയറികുറിപ്പുകൾ മധുകറിലേക്കെത്തുന്നതും അവരുടെ പ്രണയത്തിന്റെ കഥ ഇതൾ വിരിയുന്നതുമാണ് ഈ നോവലിൽ നാം കാണുക.

പ്രമേയം മാത്രമല്ല ഭാഷയും ലളിതവും സുന്ദരവും ശക്തവുമാണ്.   ഒഴുകിയൊഴുകി തെളിഞ്ഞ പുഴ വെള്ളാരങ്കല്ലുകളോട് കുശലം പറഞ്ഞു ഒഴുകുന്നത് പോലെ ഒഴുക്കുള്ള ഭാഷ.    കവിത പലപ്പോഴും ഇവയിൽ ഉൾച്ചേരുന്നുണ്ട്.

"അയാളുടെ പ്രാണവായു ചുണ്ടുകളിൽ നിന്നും മുളങ്കുഴലിലൂടെ ഒഴുകി, വിരലുകളുടെ മാന്ത്രികതയിൽ രമിച്ച് അസുലഭമായ സംഗീതം പൊഴിച്ചു കൊണ്ടിരുന്നു.   കണ്ണടച്ച് അത് കേൾക്കെ അവൾക്ക് മനസ്സ് നനയുന്നത് പോലെയും നിലാവിൽ നടക്കുന്നത് പോലെയും തോന്നി."

"നേർത്ത നിലാവെളിച്ചത്തിൽ കരയും കടലും ഒരേ തപസ്സിലേക്ക് വേർപിരിഞ്ഞു."

"തൃഷ്ണയുടെ ഒരു നദി, കാൽപ്പാദങ്ങളിലൂടെ, ചിലങ്കകളിലൂടെ പതിയെ, വളരെ പതിയെ, അതിന്റെ ഉല്പത്തിയിലേക്ക് ഒഴുകിക്കയറി."

"ചാർവി അവന്റെ നേർത്തു നീണ്ട വിരലുകളിൽ പിടിച്ചു.  അവളുടെ ഇളംചൂടുള്ള കൈകളിൽ അവ അടക്കമുള്ള കുട്ടികളെപ്പോലെ ഒതുങ്ങി നിന്നു.   അവൾ അവന്റെ വിരലുകളിൽ മൃദുവായി ചുംബിച്ചു.  ശേഷം ആ പൂമാല ഊരി അവന്റെ കഴുത്തിൽ അണിയിച്ചു.  മൗന മധുരമാർന്ന നിമിഷങ്ങൾ രണ്ടു മനുഷ്യർ മാത്രമുള്ള ഒരുലോകത്തെ സൃഷ്ടിച്ചു.  സ്നേഹം മണക്കുന്ന, രുചിക്കുന്ന, പരസ്പരം തൊട്ടെടുക്കാവുന്ന ഒരിടം."  ഇങ്ങനെ തീർത്തും ലളിതമാവുമ്പോൾ തന്നെ ലാളിത്യത്തിലൂടെ തന്നെ ഉന്നതിയിലേക്ക് കൈ പിടിച്ചു നയിക്കുന്ന വേറിട്ട ഭാഷാ ശൈലി.

ചിന്തയും ഇതേ അളവിൽ ഇതേ ലാളിത്യത്തോടെ അവതരിപ്പിക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

"അനുഭൂതികൾ നോവിന്റെ വിത്തുകൾ പാകുന്നു.   ആഗ്രഹങ്ങളിൽ നിന്ന് ആകുലതകൾ പിറക്കുന്നു."

"എന്താണ് അഭികാമ്യം?  ഓരോ ജീവിതനിമിഷവും പിറന്നു വീഴുമ്പോൾ ആ നിമിഷത്തിന്റെ സാധ്യതകളെ മാത്രം കണക്കിലെടുത്തുള്ള ജീവിതമോ?  അതോ എടുക്കാത്ത തീരുമാനങ്ങളെയോർത്ത് പരിതപിച്ചു തീരുന്ന ജന്മമോ?"

80 പേജ് മാത്രമുള്ള ഒരു ചെറിയ നോവലാണ് ഇത് എന്നതിനാൽ തന്നെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാം.   നോവൽ അവസാനിപ്പിക്കാൻ അവസാന ഭാഗത്ത് നോവലിസ്റ്റ് ധൃതി പിടിച്ചോ എന്ന് സംശയിക്കുന്നു.  ഒരു പക്ഷെ അത് നല്ല എഴുത്ത് വേഗം തീർന്നതിൽ മനസ്സിന്റെ പ്രതികരണവുമാകാം.

പഴയ തലമുറ എഴുത്തുകാരേക്കാൾ പുതിയ എഴുത്തുകാരെയാണ് ഞാൻ ഈയിടെ വായിക്കുന്നത്.   സാരമധു പോലുള്ള പുസ്തകങ്ങൾ എന്റെ വായനയുടെ തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്നു.   കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ഇംഗ്ലണ്ടിൽ താമസിക്കുന്ന ബീന റോയിൽ നിന്ന് കൂടുതൽ പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ 'നല്ലവായന' തന്ന പുസ്തകമാണ് സാരമധു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest