advertisement
Skip to content

പ്രീതി രഞ്ജിത്ത് എഴുതിയ ദൈവത്തിന്റെ നൂറാമത്തെ പേര് നോവൽ റിവ്യൂ

കുഞ്ഞാപ്പുവിന്റെ സ്വർഗ്ഗം എന്ന കഥയിലെ ചില വാചകങ്ങൾ നോക്കൂ."കുഞ്ഞാപ്പൂ, നിയ്ക്കും തെങ്ങിൽ കേറണം." പ്രതീക്ഷയോടെ തളപ്പും കയ്യിൽ പിടിച്ചു ഞാൻ കുഞ്ഞാപ്പൂനെ നോക്കി. "പെങ്കുട്ട്യോള് തെങ്ങുമ്മ കയറൂല കുഞ്ഞോ... ആ പൂത്യങ് കളഞ്ഞാണി." കുഞ്ഞാപ്പു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളെ വൈവിധ്യമാർന്ന രചനാശൈലികൾ ഇട കലർത്തി എഴുതിയിരിക്കുന്ന ഇരുപത് കഥകളാണ് പ്രീതി രഞ്ജിത്തിന്റെ ദൈവത്തിന്റെ നൂറാമത്തെ പേര് എന്ന പുസ്തകത്തിലുള്ളത്.    തീർത്തും വ്യത്യസ്തമായ കഥകളും രചനാശൈലിയും എന്ന് പറയുമ്പോൾ തന്നെ അവയെ വിശകലനം ചെയ്യുകയും അല്പം പ്രയത്നം ആവശ്യമായ ഒരു കർമ്മമായിരിക്കും എന്നൂഹിക്കാമല്ലോ.  എങ്കിലും, പരിമിതമായ സമയത്തു നിന്ന് കൊണ്ട് ഈ കഥകളെ പൊതുവായി നോക്കിക്കാണാനാണ് ഈ കുറിപ്പിൽ ഞാൻ ശ്രമിക്കുന്നത്.


ഈ സമാഹാരത്തിലെ കഥകൾക്ക് പലതിനും അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട്.   കഥാകൃത്ത് നേരിട്ട് അനുഭവിക്കുന്നത് പോലെയാണ് രചന.   ചിന്തകളെയും വിചാരങ്ങളെയും കഥാപാത്രങ്ങൾക്ക് കടം കൊടുത്ത് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന മട്ടിൽ, അല്ലെങ്കിൽ ഒരു കഥാപാത്രം താനാണെന്ന മട്ടിൽ എഴുതിയിരിക്കുന്ന ഈ രചനാശൈലി പ്രീതിയ്ക്ക് തീർത്തും ഇണങ്ങുന്നതാണ്.   കുഞ്ഞാപ്പുവിന്റെ സ്വർഗ്ഗം എന്ന കഥയിലെ ചില വാചകങ്ങൾ നോക്കൂ.
"കുഞ്ഞാപ്പൂ, നിയ്ക്കും തെങ്ങിൽ കേറണം."  പ്രതീക്ഷയോടെ തളപ്പും കയ്യിൽ പിടിച്ചു ഞാൻ കുഞ്ഞാപ്പൂനെ നോക്കി.  "പെങ്കുട്ട്യോള് തെങ്ങുമ്മ കയറൂല കുഞ്ഞോ... ആ പൂത്യങ് കളഞ്ഞാണി." കുഞ്ഞാപ്പു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.   പെൺകുട്ടികൾക്ക് ചെയ്യാൻ അനുവദനീയമല്ലാത്തവയുടെ ലിസ്റ്റിൽ ഒന്നുകൂടി അന്നെന്റെ മനസ്സിൽ കയറി.


ഇതൊരു കുട്ടിയുടെ മനസ്സിലൂടെയാണ് കഥാകാരി സഞ്ചരിച്ചതെങ്കിൽ, 'നന്ദിയാർവട്ടം മണക്കുന്നവൾ' എന്ന കഥയിൽ ഒരു എഴുത്തുകാരിയുടെ അനുഭവത്തിലെന്നോണമാണ് നമ്മെ കൂടെ നടത്തുന്നത്.
"അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ ഒരു കവിത പോലെ ചൊല്ലി എന്റെ കൈകളിൽ ചുംബിച്ചു.  അവരുടെ ഭാവമാറ്റം എന്നെ ഒട്ടൊന്നു അമ്പരപ്പിച്ചു.   ഞാൻ പതുക്കെ അവിടെ നിന്നും എണീറ്റ് ഉമ്മറത്തിണ്ണയിൽ നന്ദിയാർ വട്ടത്തിനു അരികിലായി പോയിരുന്നു.  തിന്നാക്കരികിലായി കത്തിയിരുന്ന തൂക്കു വിളക്കിലെ തിരിനാളം എന്റെ മനസ്സിനെയും ചിന്തകളെയും എരിയിക്കുന്നതായി തോന്നി.   അപ്പോളവർ എനിക്കെതിരെയുള്ള തിണ്ണയിൽ വന്നിരുന്നു എന്നെ നോക്കിക്കൊണ്ടു പറഞ്ഞു. "ആണുങ്ങളിൽ ഉള്ള വിശ്വാസം നഷ്ടമായാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രണയിച്ചു തുടങ്ങും.   ഒരു സ്ത്രീയെ അത്രമേൽ പ്രണയിക്കുവാനും മനസ്സിലാക്കുവാനും മറ്റൊരു സ്ത്രീയ്ക്കേ കഴിയൂ ശ്വേതാ..."


ഇവിടെ ശ്വേത എന്ന പേര് വായനക്കാർ മറക്കും വിധം കഥയുടെ അവരെ ഇഴ ചേർക്കും വിധം ചേർത്ത് നിർത്തിയുള്ള എഴുത്തിന്റെ ശക്തി പ്രകടമാണ്.
അതെ സമയം തന്നെ കഥാപാത്രങ്ങളെ തീർത്തും പുറത്തു നിന്ന് നോക്കിക്കാണുന്ന ശൈലിയും തുല്യ പ്രാധാന്യത്തോടെ പരീക്ഷിച്ചിട്ടുണ്ട്.    തീർത്തും ആയാസരഹിതമായും ഫലപ്രദമായുമാണ് കഥാകാരി ഇത് നിർവ്വഹിച്ചിരിക്കുന്നത്.   'വര്ഗീസച്ചായന്റെ ചൊറി' എന്ന നർമ്മകഥയിൽ ആദ്യത്തെ രണ്ടു മൂന്നു വാചകങ്ങളെക്കൊണ്ട് വായനക്കാരെ കഥാപാത്രങ്ങളുടെ ജനലരികിലേക്ക് എത്തിക്കുന്ന വിദ്യ നോക്കൂ.


"ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കിൽ മൂന്നേക്കർ റബ്ബർ തോട്ടത്തിന്റെ ഏതാണ്ട് അര ഏക്കർ ഉള്ളിലോട്ടു നീങ്ങിയാണ് വർഗീസച്ചായനും സാറാമ്മയും സ്നേഹത്തോടെയും അല്പസ്വല്പം സൗന്ദര്യപ്പിണക്കങ്ങളോടെയും താമസിക്കുന്ന വനം.  അച്ചായന് പ്രായം എഴുപതോടടുത്തെങ്കിലും റബ്ബർമരങ്ങളുടെ കാറ്റടിച്ചിട്ടോ എന്തോ കണ്ടാൽ അറുപതു പോലും തോന്നിക്കില്ല.   അച്ചായനുള്ള പ്രായം തോന്നിക്കാത്തതിനാലും മൂപ്പരുടെ പ്രായം തന്റെ പ്രായത്തെയും ബാധിക്കും എന്നതിനാലും "ഈ ക്രിസ്ത്മസ് വരുമ്പോ അച്ചായന് പ്രായം അറുപതു കഴിയും" എന്ന് കണ്ടവരോടൊക്കെ സാറാമ്മ പറയും.


ഇവിടെ, തീർത്തും പുറത്തു നിന്നുള്ള ഒരു കാഴ്ചയാണ് എഴുത്തുകാരി നൽകുന്നതെന്ന് ഏവർക്കും വ്യക്തമാവുമ്പോഴും കഥയെ അടുത്ത് നിന്ന് തന്നെ കാണുന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.  ഇത് നമ്മുടെ നാട്ടിൻ പുറത്തു നാം കണ്ടു പരിചയിച്ച ഒരു അന്തരീക്ഷമായതു കൊണ്ടാണെന്ന് സംശയം തോന്നുമെങ്കിലും അതല്ല, മറ്റു കഥകളിലും ഇതേ മികവോടെ കഥ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരി മിടുക്ക് കാണിക്കുന്നുണ്ട്.  ജോർജിയയിൽ നടക്കുന്ന ഒരു കഥ ഇത് പോലെ അവതരിപ്പിക്കുന്നതും തീർത്തും ലളിതമായും ആയാസരഹിതമായുമാണ്.
"അന്ന ജുവാൻ മരിയ, അതായിരുന്നു അവളുടെ പേര്.   ഒരു രാത്രിയിൽ ജോർജിയയിലെ ടിബിലിസ് തെരുവിൽ നിന്നും കാണാതാകുന്നത് വരെ അവൾ എല്ലാവർക്കും പരിചിതയായിരുന്നു."


ഇവിടെ രണ്ടേ രണ്ടു വാചകങ്ങളിൽ തീർത്തും അപരിചിതമായ ഒരു സ്ഥലത്തെ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വായനക്കാരെ പിടിച്ചിടുന്ന മാന്ത്രികത പ്രീതി കാണിക്കുന്നുണ്ട്.   ടിബിലിസ് എന്ന പരിചിതമല്ലാത്ത സ്ഥലനാമത്തെ നാം വിസ്മരിക്കുകയും ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന ഉദ്വേഗത്തിലേക്ക് ചിന്ത നീളുകയും ചെയ്യുമ്പോൾ എഴുത്തുകാരി വിജയിക്കുന്നുണ്ട്.  തുടക്കത്തിന്റെ കാര്യം മാത്രമല്ല, കഥയിലുടനീളം കഥാപാത്രങ്ങളെ അകത്തു നിന്നും പുറത്തു നിന്നും വീക്ഷിക്കാനുള്ള കഴിവ് എഴുത്തുകാരി പ്രകടിപ്പിക്കുന്നുണ്ട്.


മറ്റൊരു രീതിയിലും പ്രീതിയുടെ കഥകളെ വിശകലനം ചെയ്യാം.  നർമ്മ കഥകളും സാധാരണ കഥകളും.   നർമ്മം അത്ര എളുപ്പത്തിൽ എഴുതി ഫലിപ്പിക്കാവുന്ന ഒരു കഥാരൂപമല്ല.  അതിനാൽ തന്നെ അതെഴുതുന്നവർ അപൂർവ്വമാണ്.  അത്തരം കഥകൾ എഴുതുന്നവർക്ക് സാധാരണ കഥകൾ തീക്ഷ്ണതയോടെ എഴുതാൻ സാധിക്കണമെന്നില്ല.    എന്നാൽ, പ്രീതിയ്ക്ക് ഇത് രണ്ടും അനായാസേന സാധിക്കുന്നു.   ഒന്നാന്തരം ചില നർമ്മ കഥകൾ ഈ സമാഹാരത്തിലുണ്ട്.  അത് പോലെ തന്നെ മികച്ച മറ്റു കഥകളുമുണ്ട്.    വ്യക്തികളുടെയും സമൂഹത്തിന്റെയും അഹന്തയെ കണക്കിന് പരിഹസിക്കുന്നവയാണ് പ്രീതിയുടെ നർമ്മകഥകൾ.      ഒരു വാട്സാപ്പ് കല്യാണക്കുറി എന്ന കഥ ആധുനിക മനുഷ്യന്റെ അശ്രദ്ധ നിറഞ്ഞ ഓട്ടത്തിനെയും ആഡംബര ഭ്രമത്തെയും  ഒരു പോലെ പരിഹസിക്കുന്നുണ്ട്.   വര്ഗീസച്ചയന്റെ ചൊറി എന്ന കഥ പൊങ്ങച്ചത്തിന്റെ ലളിതഭാവങ്ങളിൽ വാർദ്ധക്യത്തിന്റെ നിസ്സഹായതയെ കോർത്തിണക്കി മനോഹരമാക്കി പറഞ്ഞിരിക്കുന്നു.   പൊറോട്ട അല്ല പറാത്ത എന്ന കഥ നമ്മെ ചിരിപ്പിച്ചു മണ്ണ് കപ്പിക്കുമ്പോഴും കേരളത്തെയും കേരളസംസ്കാരത്തെയും കേരളഭക്ഷണത്തെയും പുച്ഛിക്കുന്നവർക്ക് നല്ല ഒരു കൊട്ടും ഒരു മിനിറ്റ് മൗനപ്രാർത്ഥനയും പ്രീതി വക സൗജന്യം.   പെണ്ണ് കാണാൻ വന്ന ചെറുക്കന്റെ മുന്നിലേക്ക് പച്ചപ്പായലിൽ തട്ടി ചക്കപ്പോത്ത് പോലെ വീണ് കൊടുത്ത പെണ്ണിന്റെ പെണ്ണ് കാണൽ കഥ പറയുന്ന 'പച്ചപ്പായൽ കൊണ്ടൊരു ശല്യം' നമ്മുടെ ചുണ്ടിൽ ചിരി വിടർത്തും.    കൂട്ടുകാരന്റെ പ്രണയം സഫലമാക്കാൻ അവന്റെ പ്രണയിയുടെ കിടക്കമുറിയിലേക്ക് രാത്രി കയറിച്ചെന്ന് കൂട്ടുകാരന്റെ പ്രണയിനിയെ കെട്ടേണ്ട ഗതികേട് വന്ന സുഹൃത്തിന്റെ കഥ പറയുന്ന 'മംഗല്യം തന്തുനാനേന'യും സാമാന്യം തരക്കേടില്ലാത്ത കഥയാണ്.  കൂടുതൽ നർമ്മകഥകൾ ഈ സമാഹാരത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
ഇപ്പറഞ്ഞത് കൊണ്ട് മറ്റു കഥകളിൽ ഈ നർമ്മം നാം പ്രതീക്ഷിക്കരുത്.  നർമ്മം വേണ്ടിടത്തു വേണ്ട അളവിൽ മാത്രം ചേർക്കുന്ന നല്ല കഥാപാചകക്കാരിയാണ് എഴുത്തുകാരി.  വിയർപ്പിന്റെയും കണ്ണീരിന്റെയും പീഡനത്തിന്റെയും കഥകളും അവയ്ക്കർഹമായ വികാരങ്ങളോടെ എഴുതിച്ചേർത്തിട്ടുണ്ട്.


പ്രീതിയുടെ പല കഥകളും സ്ത്രീപക്ഷ കഥകളാണ്.  അവയിൽ തന്നെ പലതും പ്രതികാരത്തിന്റേതാണ്.    ആധുനികകാലത്തെ മാധ്യമക്കാഴ്ചകളിൽ ദേഷ്യം കൊള്ളുന്ന ഒരു എഴുത്തുകാരിയുടെ വികാരങ്ങളുടെ പ്രകാശനമാണ് ഇതിലെ ഒരു വിഭാഗം കഥകൾ.    സഹപാഠിയെ പീഡിപ്പിച്ച അധ്യാപകനോട് പ്രതികാരം ചെയ്യുന്ന സഹപാഠിയും (അശ്രു ചുംബനം), സ്വന്തം സ്ത്രീത്വത്തെ അപമാനിച്ച സ്വവർഗ്ഗഭോഗിയായ ഭർത്താവിനെതിരെ മധുരപ്രതികാരം തീർക്കുന്ന അത്ര സാധുവല്ലാത്ത മീരയും (സാധു മീര), ബാലപീഡകനായ സ്വന്തം മകന് ശിക്ഷ വിധിക്കുന്ന വസുന്ധര എന്ന അധ്യാപികയും (അവസ്ഥാന്തരങ്ങൾ), കൂട്ടുകാരിയെ കൊന്ന ചുവന്ന കണ്ണുകളുള്ളയാൾക്കുള്ള ശിക്ഷ സ്വയം വിധിച്ച കൂട്ടുകാരിയും (ആമ്പൽവള്ളികൾ ഒളിപ്പിച്ച രഹസ്യം) അടിസ്ഥാനപരമായി ഒരേ ശൈലിയിലുള്ളവയാണ്.   ദേഷ്യം, പ്രതികാരം എന്നീ വികാരങ്ങൾ മേൽക്കൈ നേടുന്ന ഇത്തരം കഥകൾ പക്ഷെ ആനുകാലികപ്രസക്തമാവുമ്പോഴും കഥയുടെ കെട്ടുറപ്പിലും എഴുത്തിന്റെ ശൈലിയിലും കാര്യമായ മികവുകളൊന്നും പറയാനില്ലാത്തവയായിപ്പോയി എന്ന അപവാദവുമുണ്ട്.       മറുഭാഗത്തു സ്ത്രീ തന്റെ സത്തയെ കണ്ടെത്തുന്നതും സ്വന്തം കാലിൽ നിൽക്കുന്നതും പടർന്നു പന്തലിക്കുന്നതുമായ പക്വതയാർന്ന കഥകളാണ്.    ഗർഭിണികളുടെ ഗ്രാമം,  ദൈവത്തിന്റെ നൂറാമത്തെ പേര്, ചലിക്കുന്ന ജീരകമിട്ടായികൾ, അലിഖിതങ്ങളായ ലിഖിതങ്ങൾ തുടങ്ങിയ സോദ്ദേശ കഥകൾ ഉദാഹരണങ്ങളാണ്.     നന്ദ്യാർ വട്ടം മണക്കുന്നവൾ എന്ന കഥയും ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ്.   സമൂഹത്തിന് നന്മ വരുത്തണം എന്ന നല്ല ഉദ്ദേശ്യം എഴുത്തുകാരിയെ ഭരിക്കുന്നുണ്ട്.   നേരത്തെ പറഞ്ഞ അഞ്ചു സോദ്ദേശ്യകഥകൾ മാത്രമല്ല, മറ്റു കഥകളിലും നന്മയുടെ പ്രകാശം കാണാൻ സാധിക്കും.   അച്ഛമ്മയ്ക്ക് ഫേസ്ബുക് അക്കൗണ്ട് തുടങ്ങി സുഹൃത്തുക്കളെ കൊടുക്കുന്ന പേരക്കുട്ടിയുടെ മനസ്സിലെ നന്മ പറയുന്ന കഥയിലും (നാരായണി പി കെ, 1932 @ഫേസ്ബുക്.കോം), സ്വന്തം ദുഃഖങ്ങൾ ഉള്ളിലടക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരുവളുടെ കഥയിലും (ഇഴ പൊട്ടിയ പട്ടുനൂലുകൾ) ഈ നന്മ നമുക്ക് കാണാൻ സാധിക്കും.
വാർദ്ധക്യത്തിന്റെ നിസ്സഹായതയും അവിടെ ആവശ്യമായ കരുണയും പല കഥകളിലും പ്രമേയമാണ്.    വയസ്സായ കുഞ്ഞാപ്പു തെങ്ങിൽ കയറി താഴെയുള്ള സ്വർഗ്ഗത്തിലേക്ക് കൈ വിടുന്നതും (കുഞ്ഞാപ്പുവിന്റെ സ്വർഗ്ഗം), മരണക്കിടക്കയിലും ഓർമ്മയിലൂടെ പ്രായത്തിന്റെ ചവിട്ടുപടികൾ കയറുന്ന സുഭദ്രയുടെ ചിന്തയുടെയും (സുഭദ്രായനം) അച്ഛമ്മ പഴയ കല സുഹൃത്തുക്കളെ തിരയുന്ന കഥയും (നാരായണി പി കെ, 1932 @ഫേസ്ബുക്.കോം). വൃദ്ധദമ്പതികളുടെ ഏകാന്തതയുടെ കഥ സരസമായി പറയുന്ന കഥയും  (വര്ഗീസച്ചയന്റെ ചൊറി) എല്ലാം ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുണ്ട്.    വാർദ്ധക്യം പ്രമേയമാവുമ്പോഴെല്ലാം എഴുത്തു മികവുറ്റതാവുന്നുണ്ട് എന്ന പ്രത്യേകതയും വായനക്കാരുടെ ശ്രദ്ധയിൽ പെടും.
ചില സമയത്തു പ്രീതിയുടെ എഴുത്തു കവിത തുളുമ്പുന്നതും ഏത് മികച്ച എഴുത്തുകാരോടും കിട പിടിക്കാവുന്നതുമാണ്.     ഈ സമാഹാരത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചലിക്കുന്ന ജീരകമിട്ടായികൾ എന്ന കഥ അതെഴുതിയ ഭാഷയുടെയും അതിൽ ഒളിപ്പിച്ച ചിന്തകളുടെയും അതിലൂടെ പകരുന്ന ജീവിത വീക്ഷണത്തിന്റെയും തെളിവ് നമ്മുടെ മുന്നിൽ നിരത്തുന്നുണ്ട്.  ഈ കഥയിൽ നിന്ന് ചില ഭാഗങ്ങൾ ചേർക്കുന്നത് ഈ കഥാകാരിക്ക് നടന്നടുക്കാവുന്ന വലിയ തീരങ്ങളുടെ സാധ്യതകളെ അടയാളപ്പെടുത്താൻ വേണ്ടി കൂടിയാണ്.


"ഒറ്റയാക്കപ്പെട്ടവരുടെ ലോകം വളരെ ചെറുതും, ഭീകരവുമാണ്."   "വേഗത്തിൽ ചലിച്ചു കൊണ്ടിരിക്കുന്ന ലോകം പെട്ടെന്ന് നിശ്ചലമാകുമ്പോൾ മനസ്സിൽ അന്ധകാരം നിറയുകയും പതുക്കെ ആ ഇരുട്ടിലും നാം പ്രകാശത്തിന്റെ ചെറിയ കണികകൾ കാണാൻ പ്രാപ്തമാകുകയും ചെയ്യും.   തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുമ്പോൾ ആണ് തനിക്കു ചുറ്റിലുമുള്ള ശ്രദ്ധിക്കപ്പെടാതിരുന്ന കുഞ്ഞു ലോകം നാം ശ്രദ്ധിക്കാൻ തുടങ്ങുന്നത്."     "താൻ നട്ടു വളർത്തിയ ചുവന്ന മന്ദാരത്തിനു ആദ്യമായി വിരിഞ്ഞ പൂവ് അവൾ പലകുറി വരച്ചു മായ്ച്ചുകൊണ്ടിരിക്കുമ്പോൾ ആണ് കട്ടിലിനും അലമാരയ്ക്കും ഇടയ്ക്ക് ഉള്ള ഇടുങ്ങിയ സ്ഥലത്ത് ഒരു പൂവ് ആരും ശ്രദ്ധിക്കാതെ വീണു ഉണങ്ങിക്കിടക്കുന്നതു കണ്ടത്.   നരച്ച നിറത്തിനുള്ളിലും അതിൽ ഒരിക്കൽ തനിക്ക് കത്തുന്ന ചുവപ്പ് നിറം ആയിരുന്നു എന്ന് അറിയിക്കാനെന്നോണം അവിടവിടങ്ങളിലായി ചുവപ്പു നിറം ഉദിച്ചു നിന്നിരുന്നു.   ഉണങ്ങിപ്പോയാലും എവിടെയോ അവശേഷിക്കുന്ന ഊർജ്ജം പോലെ.  അവയെ കണ്ടെടുക്കുന്നിടത്താണല്ലോ വിജയവും.   മുൻപാണെങ്കിൽ നിലം വൃത്തിയാക്കുന്നതിനിടെ അശ്രദ്ധയോടെയോ ദേഷ്യത്തോടെയോ എടുത്തു കളയുമായിരുന്ന പൂവിനെ അവൾ ശ്രദ്ധയോടെ നോക്കി.   തന്നിലും ഇങ്ങനെ ഊർജ്ജം ഒളിച്ചിരിക്കുന്നുണ്ടാവും; ഒന്നിനും ഉണക്കിക്കളയാനാവാത്ത ഊർജ്ജം."
"തനിക്കു നിശബ്ദം എന്ന് തോന്നിയിരുന്നതായ അന്തരീക്ഷത്തിൽ അവൾ അതുവരെ കേട്ട് പരിചയിച്ചിട്ടില്ലാതിരുന്ന പലതരം ശബ്ദങ്ങൾ അവളുടെ പുതിയ വലിയ വിസ്മയങ്ങൾ ആയിരുന്നു."


ഇരുപതു കഥകളിൽ അഞ്ചെണ്ണമെങ്കിലും ഏറെ മികച്ചതും പത്തെണ്ണമെങ്കിലും ശരാശരിക്കൊപ്പമോ അതിലും മികച്ചതോ അഞ്ചെണ്ണമെങ്കിലും ഒഴിവാക്കാവുന്നതുമായിരുന്നവയും ആയിരുന്നു എന്നതാണ് എന്റെ ഒരു തോന്നൽ.   എഴുത്തു വഴിയിൽ തിരഞ്ഞെടുപ്പിന്റെ കലയും വികാരങ്ങളുടെ അഗ്നിയെ നിയന്ത്രിക്കുന്ന കലയും കഥാകാരി ഇനിയും അഭ്യസിക്കേണ്ടതുണ്ട്.
വേറിട്ട കഥകളും കഥാപരിസരവും സൃഷ്ടിക്കുന്നതിലും കഥകളെ ജീവൻ തുടിക്കുന്ന വിധം അവതരിപ്പിക്കുന്നതിലും എഴുത്തുകാരിക്കുള്ള പ്രാവീണ്യം എടുത്തു പറയേണ്ടതാണ്.     രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇരുപത് കഥകൾ അടങ്ങിയ ഈ പുസ്തകം ഒരു സാധാരണ വായനക്കാരന്റെ വായനയ്ക്ക് തീർത്തും അനുയോജ്യമായിരിക്കുമെന്നുറപ്പ്.   നർമ്മവും ഗൗരവമുള്ള വിഷയങ്ങളും ഒരു പോലെ നന്നായി അവതരിപ്പിക്കാൻ കഴിവുള്ള പ്രീതിയുടെ ആദ്യ കഥാസമാഹാരമാണ് ഇതെന്നതിനാൽ കൂടുതൽ നല്ല കഥകൾ വരും കാലങ്ങളിലും നമുക്ക് വായിക്കാൻ ലഭിക്കും എന്ന് തീർച്ച.   'ദൈവത്തിന്റെ നൂറാമത്തെ പേര്' അത്തരം ഒരു കഥാകാരിയുടെ വരവറിയിക്കുന്ന വിളംബരം മാത്രമാണ്.


പ്രസാധനം - സൈകതം ബുക്സ്
പേജ് - 112
വില - 110 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest