advertisement
Skip to content

ഇലത്തണുപ്പിലെ മഴത്താളങ്ങൾ നോവൽ റിവ്യൂ

"മനുഷ്യന് ലഭ്യമായ അനുഗ്രഹങ്ങളിൽ ഏറ്റവും മികച്ചത് അവന്റെ ഓർമ്മശക്തിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം." എന്ന് എഴുത്തുകാരി പറയുന്നു. അതെ, ശക്തമായ ഓർമകളിൽ അടിത്തറ പാകിയതാണ് ഇലത്തണുപ്പിലെ മഴത്താളങ്ങൾ എന്ന ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും.

ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഇലത്തണുപ്പുള്ള വിപ്ലവത്തിന്റെ മഴത്തുള്ളികളാണ് വൈ എ സാജിദ എഴുതിയ ഇലത്തണുപ്പിലെ മഴത്താളങ്ങൾ എന്ന പുസ്തകത്തിലുള്ളത്. വിപ്ലവം അഗ്നി പോലെ മാത്രമാണ് വരികയെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? ഈ പുസ്തകം വായിക്കൂ, അത് മഴത്തുള്ളികൾ നനച്ച ഇലത്തണുപ്പിലൂടെയും വരുമെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ രക്തധമനികളെ ചൂടുപിടിപ്പിച്ചു കൊണ്ടാണ് വലിയ മാറ്റത്തിനുള്ള മനസ്സ് നിങ്ങളിലേക്ക് വരിക എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ അവരോട് ഈ പുസ്തകം വായിക്കാൻ പറയുക. നിങ്ങൾ സംശയം ചോദിച്ചേക്കാം. ഇതൊരു ഓർമ്മക്കുറിപ്പുകളുടെ പുസ്തകമല്ലേ? അതെ, ഇതൊരു ഓർമ്മക്കുറിപ്പുകളുടെ പുസ്തകം മാത്രമാണ്. എടുത്തു പറയത്തക്ക വലിയ തിക്താനുഭവങ്ങളൊന്നുമില്ലാത്ത, സമാധാനപൂർണമായ നല്ല ഒരു ജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങൾ അല്ലെ പറയുന്നത്? അതും ഒരു ചിട്ടവട്ടങ്ങൾ തെറ്റാതെ പാലിക്കുന്ന, ഒരാളെയും നോവിക്കാൻ മനസ്സ് കൊണ്ടാഗ്രഹിക്കാത്ത ഒരു മുസ്ലിം സ്ത്രീ? അതെ. അതൊക്കെ ശരിയാണ്. പക്ഷെ ആ ജീവിതങ്ങളുടെ ഇടയിൽ നിന്ന് കൊണ്ട് പോലും വായനക്കാരന്റെ മനസ്സിനെ തൊടാൻ സാധിക്കുന്ന അത്യപൂർവ്വമായ രചനാപാടവം അസാധ്യമായത് ഈ പുസ്തകത്തിലൂടെ സാധ്യമാക്കുന്നു.


"മനുഷ്യന് ലഭ്യമായ അനുഗ്രഹങ്ങളിൽ ഏറ്റവും മികച്ചത് അവന്റെ ഓർമ്മശക്തിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം." എന്ന് എഴുത്തുകാരി പറയുന്നു. അതെ, ശക്തമായ ഓർമകളിൽ അടിത്തറ പാകിയതാണ് ഇലത്തണുപ്പിലെ മഴത്താളങ്ങൾ എന്ന ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. മുതിർന്ന കാലത്തെ ഓർമ്മകൾ മാത്രമല്ല, ചെറുപ്പത്തിന്റെ ഓർമ്മകളും ഏറ്റവും വ്യക്തതയോടെ അതെ സമയം വാക്-ചിത്രങ്ങളായി വരച്ചിടാനുള്ള കഴിവ് നമ്മെ അതിശയിപ്പിക്കും. എൽ പി സ്കൂൾ കാലയളവിൽ ടീച്ചർ വരുന്നത് കാണുന്ന കുട്ടിയുടെ ഓർമ്മ വായിച്ചു നോക്കൂ. "എനിക്കിഷ്ടപ്പെട്ട ഒരു കാഴ്ചയായിരുന്നു അത്. ഒരു സ്ത്രീ അമ്പത്തെ പാടവരമ്പും പിന്നിട്ടു ഒരു പറ്റം യൂണിഫോമണിഞ്ഞ കുട്ടികളുമായി കക്ഷത്തിൽ ഒരു കറുത്ത ബാഗും കൈയിൽ ഒരു കുടയും ആയി എന്റെ തറവാടിന്റെ പിൻഭാഗത്തെ മുളയുടെ പടിയും കയറി വന്നിരുന്നത്. നെറ്റിയിൽ ചന്ദനക്കുറി തൊട്ട് ഉടുത്തിരിക്കുന്ന കോട്ടൺ സാരിയുടെ തലപ്പ് അരയിലൂടെ മുന്നോട്ടേക്ക് തിരിച്ച് പിടിച്ചു ഒരു ചെറുചിരിയോടെ നടന്നു വന്നിരുന്ന ടീച്ചറെ കാത്തു എന്നും ഞാൻ ഉമ്മറത്തെ ചവിട്ടുപടിയിൽ ഇരുന്നു." ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം ഒത്തിരി വ്യക്തമായ വിവരണചിത്രങ്ങളിലൂടെയാണ് സാജിദ തന്റെ ഓർമ്മകളെ വരച്ചിടുന്നത്.

ഏതൊരു ചിത്രവും ഒരു സന്ദർഭത്തിന്റെ വർണ്ണത്തിൽ ചാലിച്ച ചിന്തയാണ് എന്നത് എന്റെ 'നിഴൽ യുദ്ധങ്ങ'ളിൽ ദീപ പറയുന്നതാണ്. ഇത് സത്യമാണെന്ന് സാജിദ തന്റെ ഓർമ്മക്കുറിപ്പുകളിലൂടെ ഉറപ്പു പറയുന്നു. മനസ്സിന്റെ സ്ക്രീനിൽ ചിന്തകളെന്തെന്ന് പകർത്തിക്കൊണ്ടാണ് എഴുത്തുകാരി തന്റെ ഗതകാലസ്മരണകളിലൂടെ വായനക്കാരെ കൈപിടിച്ചു മുന്നോട്ട് നടത്തുന്നത്. തന്നെ പഠിപ്പിച്ച സിസ്റ്റർ ബാസ്റ്റ്യനോടുള്ള ചിന്ത പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്. "സത്യത്തിൽ എനിക്ക് അവരോട് വലിയ ആരാധനയായിരുന്നു. ഒരു പക്ഷെ, അതൊരു പുരുഷനായിരുന്നെങ്കിൽ എന്റെ ചപലമനസ്സ് അവരെ മൗനമായി പ്രണയിച്ചേനെ എന്ന് പലപ്പോഴും തോന്നി. ഒരു പതിനഞ്ചു വയസ്സിന്റെ അപക്വമായ പ്രണയചിന്തകൾ." കോളേജ് കാലത്ത് ലഭിച്ച പ്രണയാഭ്യർത്ഥനയ്ക്ക് ശേഷമുള്ള എഴുത്തുകാരിയുടെ ചിന്തകളും പ്രവൃത്തികളും വിവരിക്കുന്നത് നോക്കുക. "പിറ്റേന്ന് മുതൽ അവനെ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു. സ്ഥിരമായ വഴിയിൽ നിന്നും മാറി സഞ്ചരിച്ചു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഞാനിത് മനഃപൂർവ്വം ആവർത്തിച്ചു. പക്ഷെ, എനിക്കറിയാം, ഉള്ളിന്റെ ഉള്ളിൽ ആ വഴികളിലൊക്കെ ഞാൻ മഴ നനഞ്ഞ ഒരു മുഖം തേടിയിരുന്നു എന്ന്. എന്നെ നിയന്ത്രിക്കാൻ പാടുപെട്ട അടുത്ത ദിവസം ഞാനറിയാതെ തന്നെ എന്റെ മനസ്സ് പഴയ വഴികളിലൂടെ എന്റെ പാദങ്ങളെ കൊണ്ടുപോയി. നിലത്തു വീണുകിടക്കുന്ന ഇളംവയലറ്റ് നിറമുള്ള മന്ദാരപ്പൂക്കൾ അല്ലാതെ മറ്റൊന്നും ഞാനവിടെ കണ്ടില്ല. അതിനടുത്ത ദിവസങ്ങളിലും ഭ്രാന്തമായ ആവേശത്തോടെ ആ പൂമരച്ചോട്ടിൽ എന്തിനെയോ തിരഞ്ഞു കൊണ്ട് നിന്നു. പ്രണയനിരാസം അനുഭവിക്കുന്നവളെപ്പോലെ ഞാൻ വിഷാദിയും വിരഹിണിയും മൗനിയുമായിത്തീർന്നു." നോക്കുക, ഇവിടെ ഓർമ്മ മാത്രമല്ല, അന്നത്തെ സ്വന്തം മനോവിചാരങ്ങളെ വാക്കുകളിലേക്ക് ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായി എഴുതിയിടുന്ന രചനാപാടവം അതിലേറെ പ്രധാനമാകുന്നു.

ഇന്ന്, മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിന്റെ വർത്തകളേയുള്ളൂ. വാർത്ത കാണുന്നവരെ തീവ്രവാദികളാക്കാൻ തക്ക വിധത്തിൽ മാധ്യമങ്ങൾ അവയെ മാർക്കറ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ, ഒരു പരിഷ്കൃത സമൂഹത്തിലെന്ന പോലെ സ്ത്രീക്ക് അവളർഹിക്കുന്ന സ്വാതന്ത്ര്യം ഈ സമൂഹത്തിൽ ലഭിക്കുന്നില്ല എന്ന യാഥാർഥ്യത്തെ വായനക്കാരുടെ മനസ്സിൽ നോവിന്റെ നേർത്ത തൂവൽ കൊണ്ട് എഴുതിയിടുകയാണ് സാജിദ. സമൂഹത്തിലെ അത്തരം പുഴുക്കുത്തുക്കളെ പേടിച്ചു പാരതന്ത്ര്യം ഏറ്റു വാങ്ങുന്ന നിഷ്കളങ്ക ഭൂരിപക്ഷത്തിന്റെ മനസ്സാണ് സാജിദയുടെ കുറിപ്പുകളിൽ കാണുക. "കുട്ടൂങ്ങലങ്ങാടിയിലൂടെ വെറുതെ നടക്കാനും ഒരു സുഖമാണ്. പക്ഷെ, ഒരു പെൺകുട്ടിയായ എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. എന്റെ സ്വാതന്ത്ര്യത്തിന്റെ അതിര് ഇയ്യാത്തുമ്മയുടെ വീട് വരെ മാത്രമായിരുന്നു." കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സ്വാതന്ത്ര്യം കിട്ടിയ ഒരു ദിവസം "കൊറ്റനാടിന്റെ മുഖഛായയുള്ള" "അയാൾ കൈയ്യിൽ മുറുകെ പിടിച്ചു. ഒരു ചിറി കോട്ടിക്കൊണ്ട് ആ പീടികയുടെ ഇരുട്ട് നിറഞ്ഞ മൂലയിലേക്ക് തല ചെരിച്ചു കാണിച്ചു. അയാളുടെ മുഖവും ഭാവവും എന്നിൽ ഭയവും ജുഗുപ്സയും ഉളവാക്കി. കൈ കുതറിക്കൊണ്ട് സാധനങ്ങൾ വാങ്ങാൻ നിൽക്കാതെ കാശു അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാനും അനിയത്തിയും ഓടി." ഒരു പെണ്ണായാൽ അവൾ എന്തെല്ലാം സഹിക്കണം, ആരെയൊക്കെ നേരിടണം, എന്തിനോടൊക്കെ പൊരുതണം, എങ്ങനെയൊക്കെ അതിജീവിക്കണം എന്നെല്ലാം ഒരു ഗുരുവിന്റെ ദീർഘവീക്ഷണത്തോടെ ലഭിച്ച വിശദീകരണങ്ങൾ, എഴുത്തുകാരി പറയുന്നു, "എന്നിലെ സ്ത്രീ ഒരുപാട് വളയങ്ങൾക്കുള്ളിൽ കറങ്ങി കറങ്ങി വീഴുകയായിരുന്നു. ഞങ്ങൾ അവിടെ നിന്ന് പോരുമ്പോൾ എന്റെ ചിന്തകളിലൂടെ ഞാനൊരു വെറും പെൺകുട്ടി ആയതിന്റെ പാരതന്ത്ര്യം അനുഭവിക്കുകയായിരുന്നു." നോക്കുക. ഇവിടെ, ഒരു അനുഭവത്തിന്റെ സത്യസന്ധമായ വിവരണത്തിലൂടെ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കും വിധമുള്ള വിപ്ലവശക്തി തന്നെയാണ് എഴുത്തുകാരി കൈമാറിയത്.

"ഡ്രാഗണിനെപ്പോലെ വായിൽ നിന്നും തീനാളങ്ങൾ തുപ്പി ഗ്രാമങ്ങളെ ചാമ്പലാക്കുന്ന നഗരവൽക്കരണം ആർക്കും തടുക്കാനാവുന്നതല്ല. ഓരോ മാഫിയയുടെയും ലോബിയുടെയും കൈകളിൽ ഇത്തരം അപകടകാരികളായ വികസനത്തിന്റെ വിഷവിത്തുകൾ സുരക്ഷിതമാണ്." പ്രകൃതിയെ നശിപ്പിച്ചുള്ള വികസനത്തിന്റെ നോവിനെ തൃശൂർ അമ്പാടി ലെയിനിലെ വീടിനെക്കുറിച്ചുള്ള ഓർമ്മകളിലൂടെ എഴുത്തുകാരി പറയുന്നതും ഇതേ പോലെ തന്നെ ശക്തമായി പ്രകൃതിയുടെ തണുപ്പിനെ അനുഭവിപ്പിച്ചു കൊണ്ടാണ്. "പഴക്കൂടയിൽ നിന്നും പഴങ്ങളെടുത്ത് മുറിച്ച് മതിലിന് മുകളിൽ കൊണ്ടു വെച്ച് വാപ്പ ഒരു പ്രത്യേക ഈണത്തിൽ ചൂളമടിക്കും. അതിശയമെന്നു പറയട്ടെ, ഒരുപാടു കിളികൾ എവിടെ നിന്നൊക്കെയോ ആ പഴങ്ങൾ ഭക്ഷിക്കാനായി പറന്നെത്തുന്നു." വികസനം അമ്പാടി ലെയ്നിനെ വിഴുങ്ങുമ്പോൾ "ഈ മിണ്ടാപ്രാണികളോടുള്ള ചങ്ങാത്തത്തെ എങ്ങനെ ഉപേക്ഷിക്കാനാകും അവർക്ക് എന്ന ചിന്ത എന്നെ ഇപ്പോൾ വല്ലാതെ അലട്ടുന്നുണ്ട്. ഒരു പക്ഷെ കിളികൾക്ക് സുപരിചിതമായ ആ ചൂളംവിളി കാറ്റിലലയുമ്പോൾ എവിടെയാണെങ്കിലും അവർ പറന്നെത്തുമായിരിക്കും. ഞാൻ എന്നെ ആശ്വസിപ്പിച്ചു." അതെ, നൂറു മുദ്രാവാക്യങ്ങളെക്കാൾ ഹൃദയസ്പർശിയായി വിഷയങ്ങളെ അതിന്റെ ഗൗരവത്തിൽ തന്നെ അവതരിപ്പിക്കാൻ ഓര്മക്കുറിപ്പുകാരിക്ക് കഴിയുന്നുണ്ട്.

സാജിദ പദ്യകവിതകൾ എഴുതുന്ന ആളാണോ എന്നെനിക്കറിയില്ല. എന്നാൽ ഗദ്യത്തിൽ മനോഹരമായ കവിതകൾ എഴുതുന്നതിൽ അഗ്രഗണ്യയാണ് എന്ന് രണ്ടു പുസ്തകങ്ങൾ വായിച്ച അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും. ഗദ്യത്തിൽ നിലനിർത്തുന്ന കാവ്യാത്മകത എഴുത്തിനെ സജീവവും ആസ്വാദ്യകരവും ഭാവനാത്മകവുമാക്കുന്നു. പുസ്തകത്തിന്റെ പേര് മാത്രമല്ല, അധ്യായങ്ങളുടെ പേരും കവിത തുളുമ്പുന്നതാണ്. മഞ്ഞുകാല മർമ്മരങ്ങൾ, മണൽക്കാട്ടിലെ മണലിരമ്പങ്ങൾ, ഇടവഴികളിൽ പൂക്കുന്ന നഗരങ്ങൾ, ഓർമ്മപ്പെയ്ത്തിന്റെ മഴത്താളങ്ങൾ അങ്ങനെ പോകുന്നു അത്. പേരുകളിൽ മാത്രമല്ല, ഓരോ സംഭവങ്ങളും, എന്തിന്, പലപ്പോഴും എഴുത്തിന്റെ ഓരോ വരിയിലും കാവ്യഭംഗി തുളുമ്പുന്നുണ്ട്. "ഈ കുറിപ്പുകളിൽ കാല്പനികതയും സ്വപ്നങ്ങളും ഇഴ ചേർന്നു കിടക്കുന്നുണ്ടെങ്കിൽ അതിനു യാഥാർഥ്യത്തെക്കാൾ സങ്കല്പികത അനുഭവപ്പെടുന്നുണ്ടെങ്കിൽ അതൊരു പക്ഷെ എന്റെ കഥ പറച്ചിലിന്റെ ഭാവവും ശൈലിയുമാകാം." എന്ന് ആമുഖത്തിൽ സാജിദ ജാമ്യമെടുക്കുന്നുണ്ട്. പക്ഷെ, അതാണ് സത്യം. അത്രമേൽ ഭാവസാന്ദ്രമായാണ് എഴുത്ത്. തന്റെ ആദ്യ ആർത്തവാനുഭവത്തെ എഴുതുന്നിടത്ത് എഴുത്തുകാരി കാണിക്കുന്ന കാവ്യാത്മകത ഇതിന് വേണമെങ്കിൽ നല്ലൊരു ഉദാഹരണമായി പറയാം.
"ഊഞ്ഞാലിൽ ആടി മതി വരാതെ ഒരുന്മത്തയെപ്പോലെ കാലുകൾ നിലത്തു കുത്തി വീണ്ടും വീണ്ടും ശക്തിയായി ഊഞ്ഞാലിനെ പുറകോട്ടും മുന്നിലോട്ടും നീക്കി ഞാൻ ആടിക്കൊണ്ടിരിക്കുമ്പോഴാണ് അന്തരീക്ഷം ചെമ്പ് വർണ്ണമായത്. വേനലിലെ കത്തിയാളുന്ന അപരാഹ്നത്തിലേക്കാണ് ആഞ്ഞടിച്ച ഒരു കാറ്റിനൊപ്പം അന്ന് ആ വേനൽമഴ പെയ്തിറങ്ങിയത്. ഒപ്പം ഉണ്ടായ ഇടിമിന്നലിൽ ഭയപ്പെട്ടു ഞാനും അനിയത്തിയും വേഗം തന്നെ കോലായിലേക്ക് ഓടിക്കയറി. മറ്റുള്ള കുട്ടികളും അവരവരുടെ വീടുകളിലേക്ക് പായുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ തോർന്ന മഴയിൽ മുറ്റത്ത് വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കളെ പെറുക്കാൻ പോയ നേരം. രാവിന്റെ നെറുകയിൽ ഒരു നുള്ള് കുങ്കുമം കുടഞ്ഞു മൂവന്തി കടന്നു വന്നതും അപ്പോഴായിരുന്നു. പെട്ടെന്ന് ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ നിന്നും ഒരു കിളിമുട്ട എന്റെ മുന്നിലേക്ക് വന്നു വീണു. കാറ്റൊന്നു പിടിച്ചുലച്ചത്തെ ഉണ്ടായിരുന്നുള്ളൂ. ഞാനെന്റെ കണ്ണുകളെ മേൽപ്പോട്ടുയർത്തി. ഇലച്ചാർത്തുകൾക്കിടയിൽ ഏതോ ഒരു കിളിയുടെ കുഞ്ഞു കൂട്. മണ്ണിൽ ചിതറിക്കിടക്കുന്ന കണ്ണ് മിഴിക്കാത്ത ഭ്രൂണത്തെ ഒന്നേ നോക്കിയുള്ളൂ. ചേക്കേറാനെത്തിയാൽ ആ തള്ളക്കിളി തന്റെ ഗർഭത്തിലെ പിഞ്ച് മണ്ണോടലിഞ്ഞത് അറിയാതെ പോകില്ലേ. അടയിരിക്കാൻ നേരമായിരിക്കും കാണാതായ കുഞ്ഞിമുട്ടയെ തിരഞ്ഞു വാവിട്ട് നിലവിളിക്കുക. അതുവരെ തോന്നാത്ത ഒരു മാതൃത്വം എന്റെ അടിവയറ്റിൽ ഒരു വേദനയോടെ നാമ്പിട്ടു." ഇവിടെ, യഥാർത്ഥ സംഭവ വിവരണത്തിന് മുൻപ് തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നല്ല വായനക്കാർക്ക് മനസ്സിലാക്കാനാവുന്ന ബിംബാത്മകതയോടെയുള്ള എഴുത്ത് മികച്ച എഴുത്തുകാരിയുടെ അടയാളപ്പെടുത്തലാണ്. ഇത് പോലെ സമൃദ്ധമായ കാവ്യാത്മകതയിൽ അലങ്കരിച്ചാണ് സാജിദ തന്റെ ഓർമക്കുറിപ്പുകൾ എഴുതിയിരിക്കുന്നതെന്ന് പറയുമ്പോൾ അത് വായിക്കാതിരിക്കാൻ നല്ല വായനക്കാർക്ക് കഴിയുമോ?


"സസ്യജാലങ്ങൾ മനുഷ്യഭാഷയെ മനസ്സിലാക്കുമോ? അവർക്കും മനുഷ്യന്റെ സങ്കടങ്ങൾ മനസ്സിലാക്കാനും അതിനോട് പ്രതികരിക്കാനും ആകുമോ? അവ മനുഷ്യസ്പർശങ്ങളിൽ തരളിതരാകാറുണ്ടോ? അഥവാ ദുഷ്ടശക്തികളുടെ സാമീപ്യത്തിൽ തളരാറുണ്ടോ?" ഉണ്ടെന്ന് സാജിദ സാക്ഷ്യപ്പെടുത്തുന്നു. ഒരു മൂവാണ്ടൻ മാവും കണിക്കൊന്നയും സാജിദയ്ക്ക് വേണ്ടി സാക്ഷ്യം പറയും. സസ്യങ്ങളോട് മാത്രമല്ല, കിളികളോടും പ്രാണികളോടും ജീവികളോടും ചേർന്ന പ്രകൃതിയെ മൊത്തം സ്നേഹിക്കുന്നുണ്ട്. വല്യമ്മയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് എഴുത്തുകാരിയുടെ ബാല്യത്തിൽ കേട്ട വാചകങ്ങൾ അവരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അത് എഴുതിയത് വായിക്കുമ്പോൾ നാമും ശരിയെന്ന് തലയാട്ടി പുസ്തകത്തിന്റെ മടിയിൽ കിടക്കുന്ന നല്ല വായനക്കാരാകും. "ഒരു മരം വെറുതെ പൂക്കുകയും കായ്ക്കുകയുമല്ല ചെയ്യുന്നത്. അത് മണ്ണിനോടും പ്രകൃതിയോടും കാലാവസ്ഥയോടും നിരന്തരം ഇടപഴകിക്കൊണ്ടിരിക്കും. മരം തണലേകുന്നത് അതിന് കീഴിൽ വരുന്ന ജീവികൾക്ക് മാത്രമല്ല. അതിന്റെ ചില്ലകളിൽ കൂടൊരുക്കാൻ വരുന്ന പക്ഷികൾക്കും പിന്നെ ആർക്കും ഒരു പ്രയോജനവുമില്ലാണ്ടെ അതിനുമേലെ വളരുന്ന ഇത്തിക്കണ്ണികൾക്കും അതിന്റെ അടിയിൽ പൊതുണ്ടാക്കുന്ന ഇഴജന്തുക്കൾക്കും എന്തിനേറെ ഉറുമ്പുകൾക്ക് വരെ ഒരു മരം ബന്ധുവാകുന്നുണ്ട്." വെറുതെയല്ല പ്രകൃതിയുടെ ഈ അമ്മ ഭാവത്തെ അതിന്റെ പൂർണ്ണമായ സ്നിഗ്ദ്ധതയോടെയും ആർദ്രതയോടെയും അവതരിപ്പിക്കാൻ സാജിദയ്ക്ക് കഴിയുന്നത്. മരുഭൂമിയുടെ ചുടുകാറ്റിലും "തനിക്ക് ചുറ്റും ഒരു കാനനം വേണമെന്ന് നിർബന്ധം" പിടിക്കുന്നത്. പ്രശ്നങ്ങളുടെ മരുക്കാറ്റ് ആഞ്ഞടിക്കുമ്പോഴും അതിനെ ഇലത്തണുപ്പിന്റെ മൃദുസ്പർശനത്താൽ ആശ്വസിപ്പിക്കുന്നത്.


അവതാരികയിൽ മുസാഫിർ അഹമ്മദ് പറഞ്ഞത് പോലെ, 'ഇമേജുകളുടെ രാജകുമാരി' "നടന്നു തീർത്ത വഴികളിലെ പൂനിലാവും മാഞ്ഞു തീരാത്ത മലർമണവും" കൊണ്ട് അക്ഷരാർത്ഥത്തിൽത്തന്നെ അതീന്ദ്രീയമായ അനുഭൂതി ചൊരിഞ്ഞു" "ഈ പുസ്തകത്തെ രാഗപരാഗമണിയിക്കുന്നു." പുസ്തകത്തിൽ ചേർത്തിട്ടുള്ള ചിത്രങ്ങളും രാജേഷ് ചാലോടിന്റെ മുഖചിത്രവും വായനയുടെ ഊഷ്മാവിന് അനുരൂപമാണ്. ഒരു പുസ്തകവായനയിലൂടെ പ്രകൃതിയുടെ തണുപ്പും ഇന്നലെയുടെ ഊഷ്മളതയും നനുത്ത നോവിന്റെ അനുഭൂതിയും അറിയുവാൻ താൽപര്യപ്പെടുന്ന വായനക്കാർക്ക് നല്ല ഒരു തിരഞ്ഞെടുപ്പാകും ഈ പുസ്തകമെന്നത് നിസ്തർക്കമാണ്.

ഇലത്തണുപ്പിലെ മഴത്താളങ്ങൾ - വൈ എ സാജിദ

പ്രസാധനം - ലിപി പബ്ലിഷേഴ്സ്
പേജ്: 142, വില : 150 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest