advertisement
Skip to content

ഫോമ ഗോർഡെയെവ് എന്ന നോവൽ റിവ്യൂ

"അതൊരു വളരെ നല്ല സംഗതിയാണ്. ജനങ്ങളെ കൂട്ടമായി ഒരു സ്ഥലത്തു വളർത്തുക. ഒരേ അഭിപ്രായം പറയാൻ അവരെ പഠിപ്പിക്കുക. കാരണം, രാഷ്ട്രത്തിന്റെ വീക്ഷണത്തിൽ എന്താണ് വ്യക്തി? വെറും ഒരിഷ്ടിക. എല്ലാ ഇഷ്ടികകൾക്കും ഒരേ ആകൃതിയും വലുപ്പവുമാണ്. ആവണം.

"അതൊരു വളരെ നല്ല സംഗതിയാണ്. ജനങ്ങളെ കൂട്ടമായി ഒരു സ്ഥലത്തു വളർത്തുക. ഒരേ അഭിപ്രായം പറയാൻ അവരെ പഠിപ്പിക്കുക. കാരണം, രാഷ്ട്രത്തിന്റെ വീക്ഷണത്തിൽ എന്താണ് വ്യക്തി? വെറും ഒരിഷ്ടിക. എല്ലാ ഇഷ്ടികകൾക്കും ഒരേ ആകൃതിയും വലുപ്പവുമാണ്. ആവണം. അത് കൊണ്ട് നിങ്ങൾക്കിഷ്ടമുള്ളത് ഉണ്ടാക്കണം." "എന്നാൽ സ്വയം ഒരിഷ്ടികയാവുന്നത് അത്ര സുഖകരമായ ഏർപ്പാടല്ല."

ഒരു കഥാപാത്രത്തിന് ചുറ്റും നോവൽ വലം വെയ്ക്കുന്ന സുന്ദരനൃത്തമാണ് മാക്സിം ഗോർക്കിയുടെ ഫോമ ഗോർഡെയെവ് എന്ന നോവലിൽ നമുക്ക് കാണാൻ കഴിയുക. ധനസമ്പാദനത്തിന്റെ രാജപാത ഉപേക്ഷിച്ചു നാടോടി ജീവിതത്തിന്റെ ഇരുണ്ട വഴിയിലൂടെ സാഹസികയാത്രയ്ക്ക് തുനിഞ്ഞ ഫോമയുടെ ബാല്യകൗമാര യൗവ്വനങ്ങളിലൂടെ വികസിക്കുന്ന നോവലാണ് ഇത്. രാജ്യത്തിൻറെ ആത്മാവിനെ വഞ്ചിക്കുന്നമാധ്യമ=വ്യവസായ-ഉദ്യോഗസ്ഥ-ജുഡീഷ്യറി കൂട്ടുകെട്ടുകളുടെ നേർചിത്രം കൂടിയാണ് ഈ നോവലിൽ കാണാൻ സാധിക്കുക. വ്യക്തികളെ നിർമ്മാർജ്ജനം ചെയ്തു തങ്ങളുടെ ആധിപത്യം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭരണകൂട തന്ത്രത്തെ പൊളിച്ചു കാണിക്കൽ കൂടിയാണ് ഈ നോവൽ.

നല്ല വിവർത്തനം എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ഇതിന്റേത്. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അത് നന്നായി ചെയ്തു. (ഇതിലെ ദൈർഘ്യമുള്ള സംഭാഷണങ്ങൾ വെട്ടിക്കളഞ്ഞോ എന്ന സംശയം നിലനിൽക്കുന്നുമുണ്ട് എന്നിരിക്കിലും വിവർത്തനം ചെയ്ത രീതി വായനയ്ക്ക് തടസ്സമില്ലാത്ത വിധം മികച്ചതാണ്.)

ഈ നോവലിനെപ്പറ്റി രണ്ടു അഭിപ്രായങ്ങളാണ് ഉള്ളത്. ഇതിന്റെ ആദ്യഭാഗം അതിമനോഹരമായി എഴുതപ്പെട്ടിട്ടുള്ളതാണ്. വായന അത്രമേൽ ആസ്വാദ്യകരമായിരുന്നു. കഥാപാത്രസൃഷ്ടിയിലും കഥാഗതിയിലും ചടുലതയും മികവും പുലർത്തിയ എഴുത്ത് മികവുറ്റത് തന്നെ. എന്നാൽ പ്രധാന കഥാപാത്രമായ ഫോമയുടെ പെട്ടെന്നുള്ള നാടോടിപ്രേമം യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിൽ മാക്സിം ഗോർക്കി പരാജയപ്പെട്ടു എന്ന് തന്നെ വേണം പറയാൻ. ആശയതലത്തിൽ ഈ നാടോടി ദിശയിലേക്കുള്ള ചായവും തുടർന്നുള്ള സംഭവവികാസങ്ങളും വലിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും നോവലിന്റെ മൊത്തം ഘടനയെ ആശ്രയിച്ചു നോക്കുമ്പോൾ അതൊരു പാളിയ പണിയായേ തോന്നുകയുള്ളൂ.
ആദ്യപകുതിയിൽ ഓരോ കഥാപാത്രങ്ങളും മിഴിവുറ്റതാവുമ്പോൾ രണ്ടാം പകുതിയിലെ ഓരോ കഥാപാത്രങ്ങളും അപൂർണ്ണങ്ങളായി തോന്നി. നല്ല കഥാപാത്രസൃഷ്ടിക്കും സന്ദർഭവിവരണത്തിനും നല്ല ഉദാഹരണങ്ങൾ ഒന്നാം പകുതിയിൽ കാണാം. ഫോമയുടെ കഥാപാത്രവും വളർത്തച്ഛനായി മയാകിന്റെ കഥാപാത്രസൃഷ്ടിയും ഇതിൽ വേറിട്ടു നിൽക്കുന്നു.

അമ്മ എഴുതിയ മാക്സിം ഗോർക്കിയുടെ നിഴൽ പക്ഷെ ഈ നോവലിൽ കാണാൻ സാധിച്ചില്ല.

നോവലിൽ നിന്നുള്ള ചില വാചകങ്ങൾ എന്റെ ഓർമ്മക്കായും വായനക്കാരുടെ കണ്ണുകൾക്കായും ഇവിടെ പങ്കു വെയ്ക്കുന്നു.

"ദുർബലന്മാർ മാത്രമേ മനസ്സാക്ഷിയുടെ അടിമകളാവൂ. കരുത്തന്മാർ തങ്ങളുടെ ഇങ്ങിതങ്ങൾക്ക് എളുപ്പത്തിൽ മനസ്സാക്ഷിയെ അടിപ്പെടുത്തും."
"കണ്ണീരു കൊണ്ട് തീകെടുത്താൻ കഴിയുമോ? ബോട്ടുകൾ കത്തിനശിക്കട്ടെ. എന്റെ ഉള്ളിന്റെ ഉള്ളിലുള്ള അഗ്നി ആളിക്കത്തുന്ന കാലത്തോളം എത്രയെത്ര ബോട്ടുകൾ കത്തിനശിച്ചാലും എനിക്കൊരു ചുക്കും വരാനില്ല."

"ഈ ജീവിതമെന്നു പറയുന്നത് സ്നേഹമയിയായ അമ്മയെപ്പോലെയുന്നുമല്ല. അതൊരു അഗ്നിപരീക്ഷയാണ്."

"കരുത്തരായ ആണുങ്ങൾ നേരത്തെ വിവാഹം കഴിച്ചാൽ, ഒരു സ്ത്രീയെക്കൊണ്ട് തൃപ്തമാകാതെ നാടാകെ അലയാൻ തുടങ്ങും. അതിനാൽ ഒരു സ്ത്രീ മതി എന്ന് തോന്നിത്തുടങ്ങുന്നത് വരെ വിവാഹം കഴിക്കാതെയിരിക്കുന്നതാണ് നല്ലത്."

"നീ എല്ലാം തുറന്നു പറയുന്നത് നല്ലതല്ല. ചിലപ്പോൾ മിണ്ടാതിരുന്നാൽ നമ്മുടെ കുറ്റങ്ങൾ മറക്കപ്പെടുന്നു. സ്നേഹിതരുണ്ടാവുന്നു. നാവ് ഇപ്പോഴും ആലോചിച്ചേ ചലിപ്പിക്കാവൂ."

"ബിസിനസ് ഒരു മെരുങ്ങാത്ത കുതിരയെപോലെയാണ് കടിഞ്ഞാൺ മുറുകെപ്പിടിച്ചില്ലെങ്കിൽ കൈ വിട്ടത് തന്നെ. പിന്നെ എപ്പോഴും സ്വല്പം ഉയർന്നു നില്ക്കണം. എന്നാൽ ബിസിനസ്സുകളെ അന്യോന്യം ബന്ധിക്കുന്ന ചെറിയ ചെറിയ ആണികളെപ്പോലും വ്യക്തമായിക്കാണം."
"മരണത്തെ നിനക്കെന്താണിത്ര ഭയം? നീയൊരു വയസ്സനൊന്നുമല്ലല്ലോ. ഭയം കൂടാതെ ജീവിച്ചോ. നിനക്ക് വിധിച്ചിട്ടുള്ള എല്ലാ പ്രവർത്തികളും ചെയ്തോ. ജീവിതം സന്തുഷ്ടമാക്കലാണ് മനുഷ്യൻ പ്രധാനമായും ചെയ്യേണ്ടത്. മനുഷ്യനാണ് മൂലധനം. റൂബിൾ പോലെത്തന്നെ. ഒട്ടുവളരെ ചെറുനാണയങ്ങളുടെ വിലപ്പെട്ട ശേഖരമാണ് മനുഷ്യനും. കമ്പോളത്തിലിറക്കിയാൽ എണ്ണയും വെണ്ണയും കണ്ണീരും പുഞ്ചിരിയും എല്ലാം കണക്കു തന്നെ. അവിടെയാണ് ഹൃദയവും ബുദ്ധിയും വേണ്ടത്. വളർച്ചയാണ് മേല്പോട്ടും കീഴ്പോട്ടും."

"ചത്ത സിംഹത്തേക്കാൾ നല്ലത് ജീവിച്ചിരിക്കുന്ന പട്ടിയാണ്."

"വെറുതെ മനസ്സിലാക്കിയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതു നിന്റെ മനസ്സിൽ തട്ടണം. ആഗ്രഹിക്കുക. പരിപൂർണ്ണ ഹൃദയത്തോടെ ആഗ്രഹിക്കുക. നിന്റെ മുന്നിലുള്ള വലിയ പർവ്വതങ്ങൾപ്പോലും ചിതൽപ്പുറ്റുകളായി മാറും. സമുദ്രങ്ങൾ വെറും എറാലിവെള്ളമാവും."
"ഇന്നത്തെക്കാലത്ത് അവനവനെപ്പറ്റി അറിയാൻ കഴിയാത്തതു കൊണ്ടാണ് ആളുകൾ നശിക്കുന്നത്. ജീവിതം ഒരു കാടാണ്. നിങ്ങളുടെ വഴി നിങ്ങൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ആൾക്കാർ വഴി തെറ്റി ഉഴറുന്നു. ചെകുത്താൻ സന്തോഷിക്കുന്നു."

"പുകക്കുഴൽ തുടയ്ക്കലാണോ നിന്റെ ജോലി? എങ്കിൽ പുകക്കുഴലിന്റെ അറ്റംവരെ കയറുക തന്നെ വേണം. നീയൊരു ഫയർമാനാണോ? എങ്കിൽ ഒരു ഫയർമാൻ ചെയ്യുന്നതൊക്കെ ചെയ്യണം. എല്ലാവരും എല്ലാ തരത്തിലും ജീവിക്കാൻ പഠിക്കണം. പൈക്കിടാങ്ങൾക്ക് കരടിയെപ്പോലെ അലറാൻ പറ്റില്ല. നീ എന്തായി ജനിച്ചുവോ, അത് ചെയ്യുക. മറ്റുള്ളവരുടെ മുന്തിരിത്തോട്ടത്തിലേയ്ക്ക് അസൂയയോടെ നോക്കിയിട്ടു കാര്യമില്ല. നീ നിന്നെപ്പോലെ ജീവിക്കണം. നിന്റെ വഴി അറിഞ്ഞു ജീവിക്കണം."

"കുട്ടീ, ആവശ്യം വലിയൊരു ശക്തിയാണ്. അത് ഇരുമ്പിനെപ്പോലും വളച്ചു സ്പ്രിങ്ങാക്കും. ഇരുമ്പിന് ബലമില്ലാഞ്ഞാണോ? ജീവിതത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഓരോ മനുഷ്യന്റെയും മാറ്റുനോക്കാനുള്ള ഉരക്കല്ല്. ജീവിതത്തിനു വേണ്ടി സ്വയം വളയാതെ ജീവിതത്തെ അവനവന്റെ ഇച്ഛയ്ക്കനുസരിച്ചു വളയ്ക്കുന്നവനാണോ അവൻ? എങ്കിൽ അവന് എന്റെ വക പൂച്ചെണ്ടുകൾ."

പ്രസാധനം : പൂർണ്ണ പബ്ലിക്കേഷൻസ്
വിവർത്തനം :ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
നിരൂപണം - പോൾ സെബാസ്റ്റ്യൻ
പേജ് : 308
വില : 225 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest