advertisement
Skip to content

മാറിക്കഴിഞ്ഞു, എല്ലാം... അത്ര തന്നെ!

ഇഷ്ടം തോന്നിയ വിദ്യാർത്ഥിനിക്ക് ഒരു മിഠായി കൊടുത്തു. പെൺകുട്ടി കരുതി മയക്കുമരുന്നാണെന്ന്. അവളതു വീട്ടിൽ പറഞ്ഞു. പിറ്റേന്നും മിഠായിയുമായി കാമുകനെത്തി. വീട്ടുകാരും നാട്ടുകാരും ഓടിച്ചിട്ടു പിടിച്ചു.

Anil Kumar CP

ഇന്ന് ലാപ്പ് തുറന്ന്  ഇരിക്കുമ്പോൾ എന്തെഴുതണം എന്ന ആശങ്ക തെല്ലുമില്ലായിരുന്നു. ശരിയാണ്, റോഡിലിട്ടു വെട്ടിനുറുക്കൽ, പെട്രോൾ ഒഴിച്ച് കത്തിക്കൽ, ഞെക്കിക്കൊല്ലൽ, മയക്കുമരുന്നു വാർത്തകൾ ഒക്കെ തരാതരം പോലെ മുന്നിലുണ്ട്! ഒന്നിലേക്കും മനസ്സുടക്കിയില്ല, സത്യം പറഞ്ഞാൽ ഞാൻ മറ്റൊരു ലോകത്തായിരുന്നു. കാടിനു തീ പിടിച്ചതുപോലെ പൂവിടുന്ന പ്ലാശുമരത്തിനുകീഴെ ഞാനൊരു കാമുകഹൃദയം കണ്ടു. അവൻ്റെ പോക്കറ്റിൽ പരിഭ്രമവിയർപ്പിൽ ഒട്ടൊന്നു കുതിർന്ന ഒരു പ്രണയലേഖനം എനിക്കു കാണാമായിരുന്നു. അതിൽ നിരവധി വെട്ടുകൾ വീണ കുറച്ചു വരികൾ നീലമഷിപുരണ്ട് ആകാംക്ഷയുടെ തുഞ്ചത്തു തത്തിക്കളിക്കുന്നതും ഞാൻ കണ്ടതാണ്. അവിടേക്കാണ് അവൾ വന്നത്. അവനേക്കാൾ പരിഭ്രമത്തിൽ മൂക്കിൻതുമ്പു വിയർത്ത്, ഉള്ളംകൈ നനഞ്ഞ്, അവൾ അരികിലെത്തിയതും തിടുക്കപ്പെട്ട്, ആ കത്ത് അവളെ ഏൽപ്പിച്ച് അവൻ നടന്നുമറയുന്നതും ഞാൻ കണ്ടു. അവളുടെ കണ്ണുകളിൽ പ്രണയവും പരിഭ്രമവും ഇഴചേർന്നു തുടിച്ചു. കവിളുകൾ ചുവന്നു, എന്നാൽ മിഴികൾ സജലങ്ങളായി. ഞാൻ ആ കാഴ്ചയിൽ എൻ്റെ മനമിറക്കിവെച്ച് ഒട്ടുനേരം ഞാനല്ലതായി വെറുതേയിരുന്നു.
എല്ലാറ്റിനും തുടക്കമിട്ടത് ആ വാർത്തയാണ്.

ഇഷ്ടം തോന്നിയ വിദ്യാർത്ഥിനിക്ക് ഒരു മിഠായി കൊടുത്തു. പെൺകുട്ടി കരുതി മയക്കുമരുന്നാണെന്ന്. അവളതു വീട്ടിൽ പറഞ്ഞു. പിറ്റേന്നും മിഠായിയുമായി കാമുകനെത്തി. വീട്ടുകാരും നാട്ടുകാരും ഓടിച്ചിട്ടു പിടിച്ചു. വിശദമായ പോലീസ് വക ചോദ്യം ചെയ്യലിൽ പാവം ഒരു ദുർബല കാമുകനാണെന്നു കണ്ടെത്തി. അങ്ങനെ പയ്യനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഥ തീർന്നു, അല്ല വാർത്ത ഇത്രയുമാണ്. പക്ഷേ, ഞാൻ മറ്റു ചിലതാണ് ഓർത്തത്.

ശരിയാണ് പെൺകുട്ടി ചെയ്തത്, 100 % ശരിയാണ്. ബിസ്ക്കറ്റ്, മിഠായി, ജ്യൂസ്, കഷായം... ഒന്നും സംശയവിമുക്തമല്ലാത്ത ഇക്കാലത്ത് അവൾ കാട്ടിയ ജാഗ്രത വളരെ കൃത്യമായ ഒന്നാണ്. അവൾക്കു സംശയം തോന്നി, അവൾ ധാരാളം ക്ലാസുകൾ കേൾക്കുന്നുണ്ട്, മയക്കുമരുന്ന് എന്ന ഭീകരതയെക്കുറിച്ച്, അടുത്തതായി ഈ മിഠായി കൊടുത്ത പയ്യനോട് അവൾക്ക് 'ലതു' ഫീൽ ചെയ്തും ഇല്ല. അവൾ, ഒരു തികച്ചും അപരിചിതൻ നൽകുന്ന മിഠായിയുടെ സാംഗത്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു. വീട്ടുകാരും വിവരമറിഞ്ഞു പരിഭ്രമിച്ചു. ന്യായമാണ് വീട്ടുകാരുടെ പക്ഷവും.
ഇനി ഞാൻ മറ്റൊരു വശത്തെക്കുറിച്ചു കുടി പറയട്ടെ,

നമ്മൾ കൂടുതൽ ഭയന്നു ജീവിക്കുന്നവരായപ്പോൾ ഏതൊന്നും സംശയത്തോടെ മാത്രം നോക്കാൻ ശീലിച്ചു.

  1. അപരിചിതർ നമ്മെ ആക്രമിക്കാം.
  2. അപരിചിതർ ചങ്ങാത്തം കൂടുന്നത് മറ്റെന്തോ ലക്ഷ്യത്തിനാണ്.
  3. അപരിചിതർ നമ്മെ ചതിക്കാൻ തക്കം പാർത്തിരിക്കുകയാണ്.
  4. പുറം ലോകം വളരെ മോശമാണ്.

ഈ ചിന്തയിൽ വളരുന്ന കുട്ടികളിൽ നമുക്കിനി ആർദ്രത ദർശിക്കാനാകുമോ? അവർ പ്രണയം എന്ന വികാരം സമം കാമം എന്നു പഠിച്ചുകഴിഞ്ഞിരിക്കുന്നു. കാമം ശരീര ധർമത്തിൽപ്പെടുന്നതാണെന്നും അവർക്കറിയാം. ലൈംഗികതയിലെ അരുതും അരുതായ്കകളും അവർക്കു ബോധ്യമാണ്. അതിനാൽത്തന്നെ മാംസനിബദ്ധമല്ലാത്ത ബന്ധം അവർക്ക് അത്യത്ഭുതമായിരിക്കും, ത്യാഗം എന്നാൽ മണ്ടന്മാർക്കു പറഞ്ഞതാണെന്നു നമ്മളെ അവർ തിരുത്തും.

കാലം മാറി. തുടക്കത്തിൽ എഴുതിയ കാല്പനിക  കാമുകി കാമുകന്മാർ ഇനിയില്ല. മാറിക്കഴിഞ്ഞു, എല്ലാം. അത്ര തന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest