advertisement
Skip to content

രാജന്‍ സി എച്ച് എഴുതിയ "കൂട്ട് "എന്ന കവിത

Rajan CH

ഇന്നുവരെ
വീടുവിട്ടിറങ്ങിയിട്ടില്ല.
കൂട്ടത്തിലൊന്നും
കൂടിയിട്ടില്ല.

അടുപ്പില്‍ തീയൂതി
കനലില്‍ വെളിവൂതി
മിഴിയില്‍ കനവേന്തി
അരവില്‍ എരിവേന്തി
എരിഞ്ഞും കുഴഞ്ഞും
അടിച്ചും തളിച്ചും
വെച്ചും വിളമ്പിയും
കഴിച്ചെന്നു കഴിക്കാതെയും
കുടിച്ചെന്നു കുടിക്കാതെയും
കണ്ണു നിറയ്ക്കാതെ
കിണ്ണം നിറച്ചും
കൂട്ടിരിപ്പെന്നറിയിക്കാതെ
കൂട്ടിരുന്നും
കാത്തു നില്‍പ്പെന്നു തോന്നിക്കാതെ
കാത്തു കാലുറച്ചും
നോവുകയല്ലെന്നു നൊന്തും
താലി പൊട്ടിയതോര്‍ക്കാതെ
തനിച്ചിരുന്നും
മക്കളും മക്കളുടെ മക്കളും
പലവഴി പിരിഞ്ഞും
കിടപ്പല്ലെന്നു കിടപ്പിലായും
ഒരേ വീട്ടകത്ത്
ഒറ്റപ്പെട്ടതറിയാതിരിക്കുമ്പോള്‍
കൂട്ടു വേണ്ടേയെന്നാരോ
കൂട്ടിലാക്കിക്കൊണ്ടിറക്കി
കൂട്ടത്തില്‍.
വൃദ്ധസദനത്തില്‍.

ഇന്നിപ്പോഴങ്ങനെ
വേടറുത്ത്
വീടിറങ്ങി
വേരറുത്ത്
നേരിറങ്ങി
വേരില്ലാത്തോരുടെ
വേദനയ്ക്കൊപ്പം
വേര്‍പാടിന്‍റെ
വിങ്ങലോടൊപ്പം
വര്‍ത്തമാനത്തില്‍
വാര്‍ദ്ധക്യത്തില്‍.
ഇനി എല്ലാ കൂട്ടും കൂട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest