advertisement
Skip to content

ഷെമി എഴുതിയ പുതിയ നോവലാണ് മലപ്പുറത്തിന്റെ മരുമകൾ നോവൽ റിവ്യൂ

"മോളെ, കൂടെ ഭർത്താവുണ്ടാവുന്നതിലും നല്ലത് കുട്ടി കൂടെയുണ്ടാകുന്നതാ. നമ്മള് മരിച്ചിട്ടില്ലെന്ന് തോന്നാൻ, നമുക്ക് ജീവനുണ്ടെന്ന് അറിയാൻ... ഒരയ്യായിരം ചോദ്യങ്ങൾ ചോദിച്ചിട്ടാണെങ്കിലും നമ്മളെ അവർ ഒര് വട്ടമെങ്കിലും മിണ്ടിക്കും.

അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ട് ഞെട്ടിച്ച നടവഴിയിലെ നേരുകൾക്ക് ശേഷം ഷെമി എഴുതിയ പുതിയ നോവലാണ് മലപ്പുറത്തിന്റെ മരുമകൾ.

നടവഴിയിലെ നേരുകളും മലപ്പുറത്തിന്റെ മരുമകളും ഒന്നിനൊന്ന് വേറിട്ട രചനകളാണെന്ന് പറയാം.   ഒന്നാമത്തേത് അനുഭവത്തിന്റെ തീക്ഷ്ണതയും ഗ്രാമ്യ ഭാഷയുടെ വൈവിധ്യവുമാണ് നമ്മുടെ മനസ്സിനെ പിടിച്ചു നിർത്തുന്നതെങ്കിൽ രണ്ടാമത്തേതിൽ സാമൂഹ്യവിഷയങ്ങളോടുള്ള വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ശക്തമായ എഴുത്തുമാണ് നമ്മുടെ ശ്രദ്ധയെ ആകർഷിക്കുക.    ചുരുക്കത്തിൽ, ആദ്യത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രചന.    ആദ്യത്തെ നോവലിൽ നിന്ന് എഴുത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട് എഴുത്തുകാരി.

രാഷ്ട്രീയവും മതവും പത്രപ്രവർത്തന മേഖലയും വീടിനുള്ളിലും പുറത്തും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലുമെല്ലാം നമ്മുടെ ചിന്തക്ക് വളമേകാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്.   കഥയുടെ കാര്യം പറയുകയാണെങ്കിൽ, ജിജ്ഞാസ ഉണർത്തുന്ന വിധത്തിലാണ് അവതരണം.  അമ്മയും മകനും തമ്മിലുള്ള വേർപിരിയാനാവാത്ത സ്നേഹവും ആ സ്നേഹം മകന്റെ ജീവിതത്തിന് തടസ്സമാകും വിധം പുരോഗമിക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും ഒടുവിൽ ആ മകൻ തന്നെ അമ്മയെ വിഷം കൊടുത്തു മരണം ഉറപ്പിക്കാൻ തൊണ്ടയിൽ കത്തി കയറ്റുന്നതും അതിന് കാരണമായി പറയുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും എല്ലാം മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു.  കോടതികൾ വിധി പ്രസ്താവിക്കുന്നു.   സത്യം മറ്റെന്തോ ആയിരിക്കുമോ?   ആ അമ്മയുടെ മരുമകൾക്ക് മാത്രമല്ല, മറ്റൊരു മരുമകൾക്കും എന്തൊക്കെയോ പറയാനുണ്ട്.    കഥയുടെ ആദ്യപകുതി അത്യധികം ജിജ്ഞാസ ഉണ്ടാക്കുന്നതാണ്.   രണ്ടാം പകുതിയുടെ ഉത്തരാർദ്ധം പക്ഷെ അല്പം വലിച്ചിഴച്ച പോലെ തോന്നി.  

എന്തായാലും സാമൂഹ്യപ്രസക്തമായ നോവലുകളിൽ കഥയേക്കാൾ കഥയിലൂടെ എന്ത് പറയുന്നു എന്നതാണല്ലോ പ്രധാനം?  ആയതിനാൽ തന്നെ കുറെയേറെ നല്ല ചിന്തകൾ പങ്കു വെയ്ക്കുന്ന ഈ നോവൽ വായനക്കാർക്ക് ഇഷ്ടപ്പെടണം.
നോവലിൽ നിന്ന് രണ്ടു മൂന്ന് തിരഞ്ഞെടുത്ത ഖണ്ഡികകൾ ചേർക്കുന്നത് ഉചിതമാണെന്ന് കരുതുന്നു.

""മോളെ, കൂടെ ഭർത്താവുണ്ടാവുന്നതിലും നല്ലത് കുട്ടി കൂടെയുണ്ടാകുന്നതാ.  നമ്മള് മരിച്ചിട്ടില്ലെന്ന് തോന്നാൻ, നമുക്ക് ജീവനുണ്ടെന്ന് അറിയാൻ...  ഒരയ്യായിരം ചോദ്യങ്ങൾ ചോദിച്ചിട്ടാണെങ്കിലും നമ്മളെ അവർ ഒര് വട്ടമെങ്കിലും മിണ്ടിക്കും.നമ്മള് പറയുന്ന ഇല്ലാക്കഥകളും വായ് പൊളിച്ച് ചെവി തുറന്ന് കേൾക്കാനും വിശ്വസിക്കാനും അവർ നിൽക്കും.   അതോണ്ടാ ഭർത്താവിനെ വിടേണ്ടി വന്നാലും സ്ത്രീകൾ മക്കളെ ഉപേക്ഷിക്കാത്തെ.  അതും ഒരു തരത്തില് സ്വയം സ്നേഹിക്കലാണ്.  കേൾക്കാനും പറയാനും ആരുമില്ലെങ്കി പാഴായിപ്പോവൂല്ലേ ഈ ജന്മം?  നമ്മള് പറയണത് കേൾക്കാത്ത, നമ്മളോടൊന്നും പറയീം ചെയ്യാത്തൊരാള്, അയാളെ നമ്മളായിട്ട് ന്ത് ബന്ധാണ്ന്നാ പറയ്ആ?  ഇങ്ങനാണെങ്കീ അമ്പരന്നോനെല്ലാം ഊമകളെ കെട്ടിക്കൂടെ?   ചൊടിപ്പുചിന്തകൾക്ക് കാട് കയറാൻ ചൂട്ടു കിട്ടിയപോലെ അമ്മമ്മ പറഞ്ഞു കൊണ്ടേയിരുന്നു.   ഓരോ കാലവും വരുമ്പോൾ കാര്യങ്ങളെല്ലാം സ്വയം സംഭവിക്കും.  മേല്വിലാസമില്ലാത്ത സമാധാനത്തെ അന്വേഷിച്ചു നടക്കലാണ് ഓരോ ജന്മ ജോലിയും.  തെരഞ്ഞു തെണ്ടൽ."

"അമ്മയും മകനും തമ്മിലുള്ള നിഷിദ്ധ സംഗമം മുതൽ അമ്മായിയമ്മപ്പോര് വരെയുള്ള ചൂടൻ തലവാചകങ്ങളിലൂടെ പൊതുജനങ്ങളെയും രാഷ്ട്രീയപാർട്ടികളെയും കോടതികളെയും എല്ലാം ശ്രീദേവിക്കേസിൽ തളച്ചിട്ടപ്പോൾ, ഇന്ത്യാമഹാരാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതിക്ക് ശിക്ഷ വിധിക്കാത്തത് ആണെന്ന് മാധ്യമങ്ങൾക്കും തോന്നിത്തുടങ്ങി.  മകനിൽ നിന്ന് പോലും രക്ഷയില്ലാത്ത ഇന്ത്യൻ മാതൃത്വത്തിനായി പാര്ലമെന്റ് വളപ്പിലും പുത്തരിക്കണ്ടം മൈതാനിയിലും സന്ധ്യാനേരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധാഗ്നി പൊങ്ങി.  മാതൃത്വത്തിനായി എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയും മകന്റെ ചോരയ്ക്കായി ദാഹിച്ചു."

"പാതിയടഞ്ഞ നേർത്ത പാട പൊട്ടി ചിലപ്പോൾ മാത്രം ഉറ്റി വീണേക്കാവുന്ന ചെമപ്പു തുള്ളിയല്ല പരിശുദ്ധി.  അത് കണ്ടാൽ ചതിക്കപ്പെട്ടില്ല എന്ന് ധരിക്കുന്നവൻ പിന്നീടങ്ങോട്ടും ചതിക്കപ്പെടില്ല,പെടുന്നില്ല എന്നെങ്ങനെ ഉറപ്പാക്കും?"

"ആണിനെ ചുട്ടുകൊന്ന് ചാരമാക്കാൻ ചിലപ്പോഴും, ചുണ്ടിനോട് ചേർത്ത് നിർത്തുവാൻ മറ്റു ചിലപ്പോഴും ആഗ്രഹം തോന്നും.   എന്നാൽ രണ്ടും സത്യമാക്കാൻ ശ്രമിക്കാത്ത സഹനമാണ് സ്ത്രീയെന്ന് ബിച്ചമ്മു പറയാറുണ്ട്."

വിഷയപ്രസക്തമായ സാമൂഹ്യ നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല വായന വാഗ്ദാനം ചെയ്യുന്ന നോവലാണ് മലപ്പുറത്തിന്റെ മരുമകൾ.

മലപ്പുറത്തിന്റെ മരുമകൾ  - ഷെമി
പ്രസാധനം - ഡി സി ബുക്സ്
പേജുകൾ  - 214
വില -  210 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest