advertisement
Skip to content

രാപ്രസാദിന്റെ നോവൽ "മേഘമൽഹാർ''

📘
അധ്യായം 2
പ്രഭാതം

അരുണ അതേയിരിപ്പു തുടർന്നു,

ജീവനില്ലാത്ത ദാനുവിനെ മടിയിൽ കിടത്തിക്കൊണ്ട് .

വെയിലുദിച്ചു.

ദാനു മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു. അതറിഞ്ഞിട്ടും താനെന്തിനാണ് അവൻ്റെ ദേഹവും ചുമന്ന് ഇത്ര ദൂരം ഓടിയത്? അവനെ രക്ഷിക്കാനോ ? സ്വയം രക്ഷിക്കാനോ ?അവൾക്കറിഞ്ഞുകൂടാ.

വ്വദ്ധൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു.അയാളും മൗനമായി എന്തൊക്കെയോ ചോദ്യങ്ങൾ സ്വയം ചോദിക്കുകയാണ് എന്ന് അരുണയ്ക്കു തോന്നി.

അവൾ എഴുന്നേറ്റതും കുട്ടിയുടെ ശരീരവുമായി പുറത്തേക്കു നടന്നതും പെട്ടെന്നാണ്.

വൃദ്ധൻ എന്തോ പറയാനൊരുങ്ങുമ്പോഴേയ്ക്കും അവൾ പടി

കടന്നിരുന്നു. അയാൾ തത്രപ്പെട്ട് പിന്നാലെ പുറപ്പെട്ടു. നിലത്ത് വടി കുത്തി ശബ്ദമുണ്ടാക്കിക്കൊണ്ട് .

അരുണ തെരുവിലൂടെ നടന്നു. ഒരു സ്വപ്നാടനം പോലെ. വൃദ്ധൻ നരച്ച കണ്ണുകൾ കൊണ്ട് അതു കണ്ടു. അയാൾക്കവളെ തടയണമെന്നുണ്ടായിരുന്നു. ആ ആഗ്രഹത്തെ അയാളുടെ വാർദ്ധക്യം തടഞ്ഞു.

അവൾക്കു പിന്നാലെ ഒരു ചെറിയ ചലനം .വൃദ്ധൻ തൻ്റെ ദൃഷ്ടിക്കു മൂർച്ച കൂട്ടി.

അതൊരു പട്ടിയാണെന്നയാൾ കണ്ടു. അയാൾക്കതിനെ മനസിലായി.

കല്ലുവിൻ്റെ നായ.

ശവത്തിൻ്റെ മണമറിഞ്ഞ് പിറകെ കൂടിയിരിക്കുകയാണ്.അതാണവൻ്റെ പ്രധാന ഭക്ഷണം. ആശുപത്രി വളപ്പിൽ നിന്നും പിഞ്ചുകുഞ്ഞുങ്ങടെ ശവശരീരങ്ങൾ

മാന്തിയെടുത്തു തിന്നാറുള്ള പട്ടിയാണ്. ഒരിക്കൽ ജീവനുള്ള ഒരു ശിശുവിനെത്തന്നെ അത് തട്ടിയെടുത്തു കൊണ്ടുപോവുകയുണ്ടായി.

വൃദ്ധൻ വേഗം നടക്കാൻ ശ്രമിച്ചു.അരുണ അയാൾക്കു മുന്നിലെവിടെയോ മറഞ്ഞിരിക്കുന്നു. നായയും അവൾക്കു പിന്നാലെ പോയിരിക്കണം.

വൃദ്ധൻ നടന്നു.

നടക്കുമ്പോൾ ഒരു ശബ്ദം കേട്ടു .വല്ലാത്ത ഒന്ന്. അടുത്തെവിടെ നിന്നോ ആണ്.

ഒരു ഭയം അയാളുടെ വിറയലിനെ ഇരട്ടിപ്പിച്ചു.

അയാൾ നിൽക്കുന്നിടത്തു നിന്നും അല്പം അകലെയായി ഒരു പിടി വണ്ടി കിടന്നിരുന്നു. മുനിസിപ്പാലിറ്റിക്കാർ ചപ്പുചവറുകൾ കൊണ്ടുപോകാനുപയോഗിക്കുന്ന ചെറിയ പിടി വണ്ടി.കമ്പി വല കൊണ്ട് അതിൻ്റെ വശങ്ങൾ മറച്ചിരുന്നു.

അതൊരു തൊട്ടിൽ പോലെയായിരുന്നു. അതിൻ്റെ ഉള്ളിൽ നിന്നാണ് ശബ്ദം കേട്ടത്. വൃദ്ധൻ മെല്ലെ അതിനെ സമീപിച്ചു.
കല്ലുവിൻ്റെ നായ എന്തോ തിന്നുകയാണ്. അയാൾ അടുത്തുചെന്നു നോക്കി.

നായ അയാളെ ഗൗനിക്കാതെ ഭക്ഷണം തുടരുകയാണ്. മുമ്പൊക്കെ മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കാറുണ്ടായിരുന്ന അതിന് ഇപ്പോൾ അയാളെ പേടിയില്ലാതായിരിക്കുന്നു.

അയാൾ കണ്ടു.നായ ദാനുവിൻ്റെ ശവം തിന്നുകയാണ്.

അത് തലയുയർത്തി വൃദ്ധനെ നോക്കി. ക്രൗര്യം നിറഞ്ഞ, നായയുടേതു മാത്രമായ നോട്ടം. അത് ഒന്നു മുരണ്ടു.

അതിൻ്റെ മുഖം കണ്ട് അയാൾ ഞെട്ടി. അതിൻ്റെ വലതു കണ്ണ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതിൻ്റെ സ്ഥാനത്ത് ഒരു ദ്വാരം. ഒരു ഗുഹാമുഖം. വൃദ്ധൻ ഭയന്ന് പിന്നോക്കം മാറി.

നായ ദാനുവിലേക്കു മടങ്ങി. അത് കടിച്ചു വലിക്കുമ്പോൾ അവൻ്റെ പിഞ്ചു ശരീരം ഇളകി. തൊട്ടിലിൽ കിടന്ന് കൈകാലുകളിളക്കി കളിക്കും പോലെ.

വൃദ്ധൻ വേച്ചു നടന്നു.

നായയുടെ കണ്ണിലെ തുരങ്കം അയാളെ ഭയപ്പെടുത്തി.അതിലൂടെ അനേകം ശിശുക്കളുടെ ആത്മാവുകൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

വൃദ്ധൻ നടന്നു. അരുണ വിധിയുമായി നടന്ന വഴിയേ.

✍️
സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️
തുടരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest