advertisement
Skip to content

രാമനും വാല്മീകിയും ഞാനും നോവൽ റിവ്യൂ

രാമനും വാല്മീകിയും ഞാനും എന്ന ആദ്യ ലേഖനം വാല്മീകി രാമായണത്തിൽ നിന്നുള്ള സൂചനകളിൽ നിന്ന് നമ്മുടെ ഇടയിൽ ജീവിച്ച രാമനിലേക്കുള്ള ഒരു അന്വേഷണമാണ്.

വയലാർ അവാർഡ് ജേതാവും ഭക്ഷ്യ സുരക്ഷാ ഡയറക്ടറുമായ മുൻ കളക്ടർ കെ വി മോഹന്കുമാറിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് രാമനും വാല്മീകിയും ഞാനും.    വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളാണ് സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

രാമനും വാല്മീകിയും ഞാനും എന്ന ആദ്യ ലേഖനം വാല്മീകി രാമായണത്തിൽ നിന്നുള്ള സൂചനകളിൽ നിന്ന് നമ്മുടെ ഇടയിൽ ജീവിച്ച രാമനിലേക്കുള്ള ഒരു അന്വേഷണമാണ്.     ആ ലേഖനത്തിന് ലഭിച്ച വിമര്ശനങ്ങൾക്കുള്ള 'രാമൻ എന്റേതുമാണ്' എന്ന മറുപടിക്കുറിപ്പ് കൂടെ ചേർന്നതാണ് ഈ ലേഖനം.  ഇതേ രീതിയിൽ മഹാബലിയുടെ കഥയും മാറി വായിക്കാൻ എഴുത്തുകാരൻ 'മഹാബലി ഒരു പുനർവായന' എന്ന ലേഖനത്തിലൂടെ ശ്രമിക്കുന്നുണ്ട്.

പ്രണയത്തിന്റെ മൂന്നാം കണ്ണ് എന്ന നോവലിലൂടെ വായനക്കാരെ താന്ത്രിക ബുദ്ധിസത്തിലെ രതിയെ വായനക്കാർക് മുൻപിൽ അവതരിപ്പിച്ച ശ്രീ മോഹൻകുമാർ രണ്ടാമത്തെ ലേഖനത്തിൽ താന്ത്രിക ബുദ്ധിസത്തിലെ സ്ത്രീ, രതി, ജൈവ അവബോധം എന്ന വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്.    അഗാധമായ പഠനത്തിൽ നിന്ന് സമാഹരിച്ച അറിവ് പ്രണയത്തിന്റെ മൂന്നാം കണ്ണിൽ തന്നെ വായനക്കാർ തിരിച്ചറിഞ്ഞിട്ടുള്ളതാണെങ്കിലും കൂടുതൽ ആഴത്തിലുള്ള അറിവ് ഈ ലേഖനം പകരുന്നുണ്ട്.   "സ്ത്രീ കേന്ദ്രീകൃതമായ ജൈവ അവബോധമാണ് ബുദ്ധതന്ത്ര അഥവാ താന്ത്രിക ബുദ്ധിസത്തിന്റെ അടിത്തറ" എന്നും "ചരിത്രത്തിലെ ആദ്യത്തെ ഇക്കോ ഫെമിനിസ്റ്റ് ദർശനധാര എന്ന അലങ്കാരം ബുദ്ധതന്ത്രയ്ക്ക് അർഹതപ്പെട്ടതാണ്" എന്നും മോഹൻകുമാർ ഈ ലേഖനത്തിൽ സ്ഥാപിക്കുന്നുണ്ട്.  "മൈഥുനം വെറും മൈഥുനമല്ല, സൃഷ്ടിയിലും സംഹാരത്തിലുമൂന്നിയ മഹാധ്യാനമാണ്.  സൃഷ്ടിയിലേക്ക് തുറക്കുന്ന വാതിൽ, സംഹാരത്തിലേക്കടയുന്നതും." എന്ന് പറയുമ്പോൾ നമുക്ക് ആ യാത്രയെക്കുറിച്ചു കൂടുതൽ അറിയണമെന്ന് തോന്നിപ്പിക്കാൻ ഈ ലേഖനത്തിനാവുന്നുണ്ട്.


പ്രശസ്ത നോവലിസ്റ്റ് കാക്കനാടനുമായുള്ള തന്റെ ബന്ധമാണ് "പ്രവാചകന്റെ മൂന്നാം കണ്ണ്" എന്ന ലേഖനം.  മലയാളത്തിൽ പുതുതലമുറ കാക്കനാടനെ എത്ര മാത്രം വായിച്ചില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സാഹിത്യസമ്പുഷ്ടമായ ഈ അനുഭവക്കുറിപ്പ്.  കാക്കനാടൻ കൃതികളുടെ ലാവണ്യം അനുഭവിപ്പിക്കുകയും  എഴുത്തുകാരനും ശ്രീ കാക്കനാടനും തമ്മിലുള്ള ഊഷ്മള ബന്ധം പറയുകയും ചെയ്യുന്ന ഈ ഓർമ്മക്കുറിപ്പ് ഏതൊരെഴുത്തുകാരനെയും മോഹിപ്പിക്കും.

തോപ്പിൽ ഭാസി, എം മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരെപ്പറ്റിയുള്ള എഴുത്തുകാരന്റെ കുറിപ്പുകളും മറ്റു അദ്ധ്യായങ്ങളിലായി കാണാം.

നഷ്ടപ്പെടുന്ന കാവുകൾക്കുള്ള എഴുത്തിന്റെ സ്മാരകമാണ് 'ഗോവർദ്ധനങ്ങൾ ഇല്ലാതാവുമ്പോൾ' എന്ന ലേഖനത്തിൽ നാം കാണുക.  കാവുകളെ ചുറ്റി നില നിന്നിരുന്ന അനേകം അപൂർവ സസ്യങ്ങൾ എങ്ങനെ ഇല്ലാതായെന്ന വേദനിപ്പിക്കുന്ന ചിത്രം ഈ ലേഖനം കാണിച്ചു തരുന്നുണ്ട്.  ഇതിലെ പ്രസക്തമായ ഒരു ഖണ്ഡിക ഞാൻ ചേർക്കുന്നു.   "പണ്ടൊക്കെ കാവിലെ ഒരു മരം പോയിട്ട്, മരച്ചില്ലപോലും മുറിക്കാൻ ഭയപ്പെട്ടിരുന്നു.   പ്രകൃതിയുടെ രക്ഷയ്ക്കായി നമ്മുടെ പൂർവ്വികർ ബോധപൂർവ്വം വാമൊഴികളായും വരമൊഴികളായും അനുവർത്തിച്ചു പോന്നതാവണം ആ വിശ്വാസപ്രമാണങ്ങൾ.  കമ്യൂണിസ്റ്റ് ആശയങ്ങളോടൊപ്പം യുക്തിചിന്തയുടെയും വേരോട്ടം നയിച്ച വിശ്വാസത്തകർച്ചയാണ് കേരളത്തിലെ ജീൻ കാലവറകളായിരുന്ന കാവുകൾ ക്ഷയിക്കാൻ ഇടവരുത്തിയത്.   യുക്തിയുടെ സൂക്ഷ്മദര്ശിനിയിലൂടെ നോക്കിയവർ വിശ്വാസങ്ങളുടെ മറവിൽ സംരക്ഷിക്കപ്പെട്ടിരുന്ന പാരിസ്ഥിക നിധിപേടകങ്ങൾ കണ്ടില്ല.  മറുവശത്ത് വിശ്വാസി സമൂഹത്തിന്റെ അമിതാവേശം കാവുകൾ വെട്ടിത്തെളിച്ച് കോൺക്രീറ്റ് അമ്പലങ്ങളും തിടപ്പള്ളികളും ഉൾപ്പെടുന്ന സമുച്ഛയങ്ങൾ പാടിത്തുയർത്തി.  കേരളത്തിലെ ഭൂരിപക്ഷം കാവുകളിലും ഇപ്പോൾ 'കാവ് പേരിൽ മാത്രമേ അവശേഷിക്കുന്നുളൂ.  പ്രകൃതിദത്തമായ കാവുകൾ കോൺക്രീറ്റ് കാവുകൾക്ക്  വഴി മാറുന്ന ദാരുണമായ കാഴ്ച."

വയലാർ അവാർഡ് നേടിയ ഉഷ്ണരാശിയിലൂടെ താൻ എന്താണ് പറയാൻ ശ്രമിച്ചത് എന്ന് വയലാർ അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗവും ഈ പുസ്തകത്തിന്റെ ഭാഗമാണ്.      'വരും തലമുറ അവരുടെ ജീവിതത്തിലെ ധർമ്മസങ്കടങ്ങളെ മറികടക്കാൻ എന്റെ രചനകളെ ആശ്രയിക്കുമ്പോഴാണ് ഞാൻ ചരിത്രത്തിൽ ബാക്കിയാവുന്നത്" എന്ന ബോധ്യമുള്ള എഴുത്തുകാരൻ തനിക്ക് കരഗതമായ അനുഭവങ്ങളെ വരും തലമുറയ്ക്കായി കൈമാറുകയായിരുന്നു ആ നോവലിൽ.    കരപ്പുറത്തിന്റെ കഥ എന്ന മറ്റൊരദ്ധ്യായവും ഇതോട് ചേർത്ത് വായിക്കാവുന്നതാണ്.


ബാലിയിൽ ലേഖകൻ പോയതിനെക്കുറിച്ചുള്ള ചെറിയതെങ്കിലും ആകാംക്ഷയുണർത്തുന്ന ഒരു കുറിപ്പും ഈ സമാഹാരത്തിലുണ്ട്.
അന്വേഷണ പത്രപ്രവർത്തനത്തിന്റെ ഭാഗമായി എഴുതിയ ചോലനായ്ക്കരെ തേടി എന്ന ലേഖനവും ഷബിൽ കൃഷ്ണനുമായി ലേഖകൻ നടത്തിയ ഒരു അഭിമുഖവും ഏറെ ജിജ്ഞാസയോടെ നമ്മെ വായിപ്പിക്കും.   വാടിയ പനീർ ചെമ്പകം എന്ന ലേഖനത്തിൽ അതിലെ ഇരയായ രാധ എന്ന പെൺകുട്ടിയ്ക്ക് വേണ്ടി വായനക്കാരുടെ മനമുരുകും.

ഓണം കേറാമൂലയിലെ ഓണം എന്ന ഓർമക്കുറിപ്പിൽ തന്റെ ഓണക്കാല ഓർമ്മകൾ പങ്കു വെയ്ക്കുന്ന ലേഖകൻ പക്ഷെ കൂടുതൽ തീക്ഷ്ണമായ തന്റെ ജീവിതം പങ്കു വെയ്ക്കുന്നത് മിസ് ഗോമസ് തന്ന കൈനീട്ടം എന്ന ഓര്മക്കുറിപ്പിലാണ്.

ക്ലിന്റ് എന്ന ചലച്ചിത്രത്തിന് വേണ്ടി എഴുതി സിനിമയിൽ ചേർക്കാൻ കഴിയാതെ പോയ സീനുകളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.   (ഇത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല.)

പൊതുവേപ്പറഞ്ഞാൽ, അനുഭവം, ഓർമ്മ, യാത്ര, ലേഖനങ്ങൾ എന്നിങ്ങനെ സമ്മിശ്രമായ കുറിപ്പുകളാണ് ഈ ലേഖനസമാഹാരത്തിൽ കാണാനാവുക.   ചില ലേഖനങ്ങൾ ഒഴിവാക്കാമായിരുന്നു എന്നതൊഴിച്ചാൽ ഭൂരിഭാഗം ലേഖനങ്ങളും ഏറെ താത്പര്യപ്രദവും അറിവ് പകരുന്നതും ചിന്തിപ്പിക്കുന്നതും ഒക്കെയായിരുന്നു.   താന്ത്രിക ബുദ്ധിസത്തിലെ സ്ത്രീ, രതി, ജൈവ അവബോധം, പ്രവാചകന്റെ മൂന്നാം കണ്ണ് , ഗോവർധനങ്ങൾ ഇല്ലാതാവുമ്പോൾ, ചോലനായ്ക്കരെ തേടി, വാടിയ പനിനീർ ചെമ്പകം, മിസ് ഗോമസ് തന്ന കൈനീട്ടം, അഭിമുഖം എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

സാഹിത്യത്തിലൂടെ മാനവികമൂല്യങ്ങളെ അടുത്തറിയാനാവും എന്ന തിരിച്ചറിവുള്ള കെ വി  മോഹൻകുമാറിന്റെ നോവലുകൾ വായിച്ചവർക്ക് ഈ പുസ്തകം ഏറെ ഇഷ്ടപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.

രാമനും വാല്മീകിയും ഞാനും - (ലേഖനങ്ങൾ)  - കെ വി മോഹൻകുമാർ

പ്രസാധനം - സൈകതം ബുക്സ്
പേജ് = 160 പേജ്
വില - 160 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest