advertisement
Skip to content

പ്രിയ എ എസ് എഴുതിയ തന്മയം നോവൽ റിവ്യൂ

"പല മുഖങ്ങളും പല നേരങ്ങളിൽ പലതാണ്.  ഒരുപാടുപേർ വന്നു മുഖം കാണിച്ചു പോകുന്ന ഒരു അരങ്ങാണ് ഞാൻ.  ഒരു പക്ഷെ നമ്മളെല്ലാവരും."  തന്മയം എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന്റെ ആമുഖത്തിൽ പ്രിയ എ എസ് എഴുതിയതാണ് ഈ വരികൾ.  വായനക്കാരുടെ ഹൃദയത്തോട് സംവദിക്കുന്നവയാണ് പ്രിയ എ എസ് എഴുതിയ കഥകൾ എങ്കിൽ വായനക്കാരെ ഹൃദയത്തോട് ചേർത്തടുപ്പിക്കുന്നവയാണ് പ്രിയയുടെ ഓർമ്മക്കുറിപ്പുകൾ.

എഴുത്തുകാരിയുടെ ഓർമ്മയിൽ മായാതെ നിൽക്കുന്ന ഏറെ പ്രിയപ്പെട്ട കുറെ പേരെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പുകളാണ് മായാത്ത ചിലർ (പ്രിയം) എന്ന ആദ്യ ഭാഗത്തിലുള്ളത്.   ചിലരെ നമുക്കറിയാം.  മറ്റു ചിലരെ എഴുത്തുകാരി പരിചയപ്പെടുത്തുന്നതിലൂടെയേ അറിയൂ.  പക്ഷെ അവരാരും നമ്മുടെ ഹൃദയത്തെ സ്പർശിക്കാതെ കടന്നു പോകുന്നില്ല എന്നിടത്തു എഴുത്തുകാരി വിജയിക്കുന്നുണ്ട്.

"അയയിൽ തോരാനിട്ട തുണിയിലൊക്കെ കഴുകിയാൽ മായാത്ത കണ്ണീർക്കറ."  എന്ന വരികൾ സുജാത മിസിനെപ്പറ്റി ഓര്മിക്കാനായി ഹൃദയത്തിൽ സൂക്ഷിച്ചു വെക്കുന്ന എഴുത്തുകാരി, മിസ് തന്നെപ്പറ്റി പറഞ്ഞ "ഒരു കൈയ്യിൽ ഒതുങ്ങുന്ന ദേഹം, ഒരു കൈയ്യിലും ഒതുങ്ങാത്ത മനസ്സും" എന്ന കുഞ്ഞു വിലയിരുത്തലും  നെഞ്ചോട് ചേർക്കുന്നുണ്ട്.    "പ്രിയ എഴുതാതിരിക്കരുത്.  പ്രിയയ്ക്ക് ഒരു പേനയുടെ ഛായയാണ്" എന്ന കൊടിയേറ്റം ഗോപിയുടെ വാക്കുകൾ എഴുത്തുകാരിയെ തെല്ലൊന്നുമല്ല അഭിമാനത്തിലാഴ്ത്തുന്നത്.   "മരിക്കുമ്പോഴും കൂടെ കൊണ്ട് പോകാനാഗ്രഹിക്കുന്ന ഒരു അവാർഡായി" എഴുത്തുകാരി ഇതിനെ കാണുന്നു.   "അതാ നോക്കൂ ഒരു പല്ലി"  എന്ന കഥ വായിച്ച ഒരു വായനക്കാരനും പ്രിയയുടെ മനസ്സിൽ മായാതെ നിൽപ്പുണ്ട്. "അതാ നോക്കൂ ഒരു പ്രിയ എ എസ് അല്ലേ?" എന്ന് വായനക്കാരൻ ചോദിക്കുന്ന ഓർമ്മയെഴുത്തിൽ വിജയിച്ച ഒരു എഴുത്തുകാരിയുടെ ആത്മസംതൃപ്തി പ്രകടമാക്കാൻ മടിക്കുന്നുമില്ല.

ആമിയെക്കുറിച്ചുള്ള എഴുത്ത് രചയിതാവിന്റെ ചിന്താശക്തിയുടെ ദൃഷ്ടാന്തമാണ്.  "പുരുഷന്റെ മണം കൊതിക്കുന്നവളാണ് സ്ത്രീ എന്ന് സമ്മതിക്കാൻ നമുക്കെന്നും മടിയായിരുന്നു.  പിന്നെയല്ലേ ചന്ദനമരങ്ങളുടെ" എന്ന ഒരു വരി മതി ഇതിന് തെളിവായി.   ആമി എഴുതിയത് വീട്ടുകാരെ വിഷമിപ്പിച്ചെങ്കിൽ പോലും, "അവരാരും എത്രമേൽ വാക്കും അക്ഷരവും കൈയ്യാളുന്നവരായിരുന്നിട്ടും, എത്രമേൽ മനുഷ്യരായിരുന്നിട്ടും ആമിക്കെതിരായി ഒന്നും മിണ്ടിയില്ല.  അത്രമേൽ ആമിയെ ഉൾക്കൊള്ളാൻ ശ്രമിച്ചു അവരോരോരുത്തരും എന്നൊരു വായന കൂടി ആവശ്യമില്ലേ ആമിയെ വായിക്കുമ്പോൾ" എന്ന പ്രിയയുടെ ചിന്ത വേറിട്ടതും യാഥാർഥ്യങ്ങളെ യാഥാർഥ്യങ്ങളായി കാണാൻ ശക്തിയുള്ള ഒരു എഴുത്തുകാരിയുടേതുമാണ് എന്ന് വെളിവാകുന്നുണ്ട്..   അഷിതയെ എഴുത്തുകാരി ഓർത്തെടുക്കുന്നത് അവരുടെ എഴുത്തിനോടുള്ള തന്റെ ആരാധനയും എഴുത്തിനോടുള്ള പ്രണയവും ഏറ്റു പറഞ്ഞു കൊണ്ടാണ്.  "ഇത്ര ചെറുപ്പത്തിലേ ഇവർക്കിതെവിടെനിന്നാണ് ഒറ്റപ്പെടലിന്റെ ആഴങ്ങളും മൗനത്തിന്റെ മുഴക്കങ്ങളും സങ്കടങ്ങളുടെ പെരുക്കങ്ങളും സമ്പാദിക്കാനായത് എന്നവൾ അദ്ഭുതപ്പെട്ടു.  എല്ലാ കഥകളും ശംഖു പോലെ.  ചെറുശംഖുകൾ.  ഹൃദയത്തിലേക്ക് ചേർത്ത് പിടിച്ചാൽ കടലിരമ്പം കേൾപ്പിച്ചു തരുന്നവ."  അഷിത പറഞ്ഞ,  "നീ ഒരു തല്ലിപ്പൊളി ഭാര്യയാണെന്നെനിക്കറിയാം.  പക്ഷെ നിനക്ക് നല്ലൊരമ്മയാവാൻ പറ്റും" എന്ന വാക്കുകളുടെ പരിശുദ്ധിയിൽ പ്രിയയുടെ ഓർമ്മകൾ കരയുന്നുണ്ട്.

ചുറ്റും പച്ചപ്പില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരിനം ജീവിയാണ് ഞാൻ എന്ന് എഴുത്തുകാരി സ്വയം വെളിപ്പെടുത്തുന്നുണ്ട്.   തനിക്കു കിട്ടിയ ഓർമ്മയുടെ അസുഖം (കൂടുതൽ ഓർത്തുവെയ്ക്കുന്ന കഴിവ്) അമ്മയിൽ നിന്ന് കിട്ടിയതാണെന്ന് പ്രിയ സാക്ഷ്യപ്പെടുത്തുന്നു.   "ഗർഭിണിയായിരിക്കെ പമ്മനാട്ടമ്പലത്തിൽ തുടർച്ചയായി പോയ നാല്പത് ദിവസവും പ്രാർത്ഥിച്ചത് മകളാവണെ, മകളെഴുത്തുകാരിയാവണെ എന്ന് പറയുമ്പോൾ കണ്ണ് നിറയുന്ന" അമ്മയിൽ നിന്ന്.

"തീർച്ചയായും പെണ്ണോളം കൊത്തുപണികളുള്ള ഒരു രസക്കാഴ്ചയല്ല പുരുഷൻ.   രസമുള്ള പെണ്ണിനെക്കണ്ടാൽ ഒന്നല്ല, ഒരഞ്ചാറു തവണയെങ്കിലും തിരിഞ്ഞു നോക്കുന്ന കൂട്ടത്തിലാണ് ഞാനും.  അപ്പോൾ പിന്നെ രസമുള്ള പെണ്ണിനെക്കണ്ടാൽ തിരിഞ്ഞു നോക്കരുത് എന്ന് പുരുഷനോട് പറയുന്നതിൽ എന്താണർത്ഥം?" അതേ സമയം ആ നോട്ടം അതിർത്തികൾ കടക്കുമ്പോഴോ? "പക്ഷെ നോട്ടം തുളുമ്പി മറിയുകയാണ്.  സർവ്വവും താറുമാറാക്കുകയാണ്.   എന്താണ് എല്ലാക്കാലത്തും കുറെ പുരുഷന്മാർ ഇങ്ങനെ സ്ത്രീയോട്?" ഇവിടെ എഴുത്തുകാരിയുടെ സാമൂഹികയാഥാർഥ്യങ്ങളിലേക്കുള്ള ചൂണ്ടു പലകയിലെ എഴുത്തു വ്യക്തമാണ്.   എന്താണ് ഇതിന് കാരണം?  ആ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നാണ് സാമൂഹ്യമാറ്റത്തിനുള്ള തുടക്കം ഉണ്ടാവുക.  സൂര്യനോട് ചോദിച്ചു അങ്ങനെ പേര് നഷ്ടപ്പെട്ട ഒരു കുട്ടിയെ കാണാൻ പോകുന്ന രംഗവും അടുത്ത അധ്യായത്തിൽ ഓർത്തെടുക്കുന്നുണ്ട് ഓർമ്മക്കുറിപ്പുകാരി.

പുസ്തകവായനയുടെ ഓർമ്മക്കുറിപ്പുകളാണ് ദീപ്തം എന്ന രണ്ടാം ഭാഗത്തിലുള്ളത്.    ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ, എൻഡോസൾഫാൻ വിക്ടിംസ് സപ്പോർട്ട് എയ്ഡ് ഗ്രൂപ്പിന്റെ ഒപ്പുമരം, അമ്മുവിൻറെ ക്ലിന്റ്, രവിമേനോന്റെ സ്വർണ്ണച്ചാമരം, വാഹനലോകത്തിലൂടെ പ്രശസ്തനായ ബൈജു എൻ നായരുടെ ദേശാടനം എന്ന യാത്രക്കുറിപ്പുകളുടെ പുസ്തകം എന്നിവയെപ്പറ്റിയെല്ലാം പ്രിയ എ എസ് തന്റെ ഓർമ്മകൾ എഴുതുന്നു.   "എഴുത്തിനിടയിൽ വെച്ച് ഞാൻ ഇല്ലാതാകും.  വായനയ്ക്കിടയിൽ വെച്ച് താങ്കളും" എന്നെഴുതിയ ജോസഫിന്റെ കവിതാപുസ്തകങ്ങളെപ്പറ്റി പറയുന്നിടത്തു എഴുത്തുകാരിയുടെ വിശാലചിന്ത വെളിവാകുന്നതിങ്ങനെയാണ്.   "പലരും ചൂണ്ടിക്കാണിച്ചതാണെങ്കിലും എത്ര സൂക്ഷിച്ചു നോക്കിയിട്ടും എനിക്കിതിൽ ഒരു കീഴാളനെയും കാണാനായില്ല.  മറിച്ച് മനുഷ്യരെ കാണാൻ പറ്റി.മേലാളാണെന്നോ കീഴാളനെന്നോ ഒരു ലേബൽ ഓടിക്കുമ്പോൾ കവിത ഒരു സെല്ലിലടയ്ക്കപ്പെടും. ചിറകുള്ള ഒരു കവിതയെ സെല്ലിലടച്ചു ദ്രോഹിക്കുന്നതെന്തിനാണാവോ."  ഭാഗ്യലക്ഷ്മിയുടെ ആത്മകഥയെപ്പറ്റി എഴുതുന്നത്   "ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഒട്ടും അനുഭവപ്പെടാത്ത ഈ ആത്മകഥ വായിക്കുമ്പോൾ നമുക്ക് പൊള്ളും." എന്നാണ്.

ഊഹിക്കാവുന്നതു പോലെ കുഞ്ഞുണ്ണിയെന്ന മകനും പ്രിയ എന്ന അമ്മയുമായുള്ള ഊഷ്മളബന്ധമാണ് കുഞ്ഞുണ്ണിയമ്മ (ആനന്ദം) എന്ന ഭാഗത്തിലെ പ്രതിപാദ്യം. കുഞ്ഞില്ലാതെ കഴിഞ്ഞ നാളുകളുടെ ഓർമ്മകളും കുഞ്ഞു വരാൻ പോകുന്ന സന്തോഷവും, ഒരുക്കവുമെല്ലാം ഹൃദ്യമായി എഴുതിയിട്ടുണ്ട് പ്രിയ എ എസ്.   "മകൾ എന്ന നിനവ് മാറിമറിഞ്ഞ് മകനായപ്പോൾ പാവക്കുട്ടികളെ തട്ടിത്തെറിപ്പിച്ച് കളിവണ്ടികൾ പാഞ്ഞുനടക്കാൻ തുടങ്ങി സ്വപ്നത്തിലൂടെ.   ഞാനാദ്യമായി ആൺകുഞ്ഞുടുപ്പുകൾ ശ്രദ്ധിക്കാൻ തുടങ്ങി.  അവനെ ക്രിക്കറ്റിന് തരില്ല എന്ന് ഞാനും അവനെ ക്രിക്കറ്റിൽ മുക്കിയെടുക്കുമെന്ന് ഉണ്ണിയും വാശി പിടിച്ചു."  "കുഞ്ഞ് എന്ന് സദാ കൊതിപിടിക്കുമ്പോഴും കിട്ടിക്കഴിയുമ്പോൾ തീരുന്ന കൗതുകം ആവുമോ എന്ന് ഉള്ളിലെവിടെയോ ഒരു സംശയമുണ്ടായിരുന്നു."  "കവിളത്തുമ്മ വെയ്ക്കരുത്, കവിൾ ചാടും എന്നന്യോന്യം താക്കീത് ചെയ്ത് പരസ്പരമറിയിക്കാതെ രഹസ്യമായി ഞാനും ഉണ്ണിയും അവനെ മാറി മാറി ഉമ്മ വെയ്ക്കുന്നു.  അവനെനിക്ക് തിരിച്ചൊരുമ്മ തരുന്നതാണ് ഇപ്പൊ എന്റെ സ്വപ്നം എന്ന് ഉണ്ണി.   മിക്കവാറും അവൻ മുഖം ചുളിച്ച്. ചുണ്ടു കൂർപ്പിച്ചുള്ള കരഞ്ഞു കൂവലാണ്.   അപ്പോ അവന് നരസിംഹറാവുവിന്റെ ഛായയാണ്.  (എല്ലാ കുട്ടികൾക്കും ചെറുപ്പത്തിൽ നരസിംഹറാവുവിന്റെ ഛായയാണ്.) എന്നിങ്ങനെ രസകരമായി ആസ്വദിച്ചു വായിക്കാവുന്ന വിധമാണ് എഴുത്ത്.   കൂട്ടത്തിൽ എഴുത്തുകാരി ഇങ്ങനെ ചേർക്കുന്നു.  "ഓരോ സ്ത്രീയുടെ ഉള്ളിലും പ്രണയക്കടൽ വെവ്വേറെയാകാം.  പക്ഷെ, അമ്മക്കടലൊക്കെ ഏതാണ്ടൊരുപോലെയാണ്."  ഈ വായന ഹൃദ്യം.  കുഞ്ഞുണ്ണിയോടൊത്തുള്ള കളികളും യാത്രയും വായനയുമെല്ലാം എഴുത്തുകാരി പങ്കു വെക്കുന്നുണ്ട്.   "നിറം കുടിച്ചു വളരണം കുട്ടികൾ.  കഥകൾ തലയിണയാക്കി ഉറങ്ങണം കുട്ടികൾ.   കഥയിലെ വരകൾ അവർക്ക് സ്വപ്നങ്ങളിലേക്കുള്ള ഊഞ്ഞാലാകണം. എങ്കിലേ കുഞ്ഞുങ്ങൾക്ക് ആരോഗ്യമുണ്ടാകൂ. ഇത് എന്റെ ഒരു പ്രിയവിശ്വാസം."  ഒപ്പം ആധുനിക കാലത്തു കുട്ടികളുടെ കണ്മുന്നിലേക്കെത്തുന്ന വാർത്തകൾ അവരെ എത്ര അസ്വസ്ഥമാക്കുമെന്ന് ആവലാതിയുണ്ട് ഈ അമ്മയ്ക്ക്.    വിവാഹമോചനത്തിന്റെ നാളുകളിൽ കുട്ടിയ്ക്ക് അനുഭവപ്പെടുന്ന മാനസിക സംഘര്ഷങ്ങളെയും ഈ അമ്മ മനസ്സിലാക്കുന്നുണ്ട്.   "അച്ഛനമ്മമാർ ചെയ്ത തെറ്റുകൾ മൂലം ആഴ്ചയുടെ അവസാനങ്ങളിലും ഒഴിവു കാലങ്ങളിലും ഒരു രക്ഷിതാവിന്റെ അടുക്കൽ നിന്ന് മറ്റൊരാളുടെ സങ്കേതത്തിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന കുട്ടിസംഘത്തിലെ ഒരംഗമായി ഒടുക്കം എന്റെ കുട്ടിയും മാറുന്നു.   സത്കാരങ്ങളും സമ്മാനങ്ങളും ഇരട്ടിയാവുകമൂലം വിശ്വാസ്തതയുടെയും യാത്രപറച്ചിലുകളുടെയും വേദനയുടെയും ഇരട്ടി ഭാരം ചുമക്കുന്നവരാണവർ."

താനും രോഗവുമായുള്ള സഹവാസത്തിന്റെ കഥയാണ് 'രോഗം എന്ന മരുന്ന്' (ശിവം) എന്ന ഭാഗത്തുള്ളത്.           "രോഗമില്ലാത്ത അവസ്ഥയിൽ എന്നെക്കണ്ട് സമാധാനത്തോടെ മരിച്ചുപോകുന്ന എന്റെ അച്ഛനുമമ്മയും എന്റെ വലിയൊരു സ്വപ്നമാണ്" എന്നെഴുതാൻ തക്കവിധം രോഗത്തോട് കൂട്ടു കൂടിയ ബാല്യകൗമാരയൗവ്വനങ്ങളുടെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ ഭാഗത്തു പ്രതിപാദിക്കുന്നത്.  "പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്നുകൾ അസുഖങ്ങൾ കൊണ്ട് എഴുതിയ ഒരു കഥയാണ് ഞാൻ എന്ന്."  "എങ്ങനെ ഇത്ര ദൂരം ഓടി എന്നൊക്കെ ഞാൻ അമ്പരക്കാറുണ്ട്."   അത്തരമൊരു അവസ്ഥയ്ക്കിടയിൽ നിന്നും "ഓരോ ചീത്തക്കാലത്തിലും നല്ലകാലത്തിന്റെ ഒരു വിത്ത് കുഴിച്ചിട്ടിട്ടുണ്ട്.  അത് കിളിർക്കുക തന്നെ ചെയ്യും.   അസുഖങ്ങൾ എനിക്ക് നല്ലകാര്യങ്ങളേ തന്നിട്ടുള്ളൂ.   എനിക്ക് കഥയിലൊരിടം തന്നത്, നിരീക്ഷണപാടവം തന്നത്, വാക്ക് തന്നത് ഒക്കെ അസുഖങ്ങളാണ്.   എന്റെയുള്ളിലെ കഥാകാരിക്ക് രോഗം ഒരു ചികിത്സയാണ്.   മയങ്ങിക്കിടക്കുന്ന ചില കോശങ്ങളെക്കൂടെ അത് തട്ടിയുണർത്തും.   എന്റെ കാഴ്ചപ്പാട് കുറേക്കൂടെ വിശാലമാകും.   ചില പുതുതീരുമാനങ്ങൾ പോലും നാമ്പുനീട്ടും.  ഒരു അവെക്കനിങ് കോളായി ഞാനിതിനെ കാണുന്നു." എന്ന് ശുഭമായി ചിന്തിക്കാൻ പ്രിയ എ സിനു കഴിയുന്നുണ്ട് എന്നത് ചിന്തയിൽ വ്യക്തതയും ഉറച്ച ആത്മവിശ്വാസവും ഉള്ളതിന്റെ തെളിവാണ്.   "മനസ്സിനെ എണീപ്പിച്ചു നിർത്തുന്നത് ശരീരമാണ് എന്നാണ് പലപ്പോഴും തോന്നുന്നത്.    പൊതുവെ പറഞ്ഞു കേൾക്കുന്നത് നേരെ തിരിച്ചാണ്." എന്ന് പറയുമ്പോൾ ഇത് എന്റെ ഒരു ചിന്ത കൂടിയായിരുന്നല്ലോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.   "ഉത്സവം പോലെ നടക്കാനും ജീവിക്കാനുമാണ് എനിക്കിഷ്ടം.  കത്തിക്കരിഞ്ഞ പടക്കമാവാൻ എനിക്കിഷ്ടമേയല്ല." "അസുഖം തന്നു ഒരു കൈകൊണ്ട്.   മറുകൈകൊണ്ട് അക്ഷരങ്ങളും തന്നു.  അപ്പോൾപ്പിന്നെ ദൈവത്തിനെ ഞാനെന്തിന് കുരിശിൽത്തറക്കണം?" എന്ന ശുഭാപ്തി വിശ്വാസമാണ് തന്മയത്തിലെ പ്രിയ എ എസ്.

ദീപ്തം എന്ന ഭാഗം മറ്റു ഭാഗങ്ങളുടെ അത്ര മികവുള്ളതായില്ല എന്ന ഒരു തോന്നലാണ് ഈ പുസ്തകത്തിന്റെ ഒരു കുറവായി ഞാൻ കണ്ടത്.  (മറ്റുള്ളവർക്ക് അതങ്ങനെ തോന്നണമെന്നില്ല.)
എന്തായാലും, പ്രിയയുടെ കഥകൾ വായിച്ചിട്ടുണ്ടെങ്കിൽ ഈ പുസ്തകവും വായിക്കുക.  നിരാശപ്പെടേണ്ടി വരില്ല.
തന്മയം - പ്രിയ എ എസ്

പ്രസാധനം -മാതൃഭൂമി ബുക്സ്
പേജ് - 256
വില - 275 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest